തലയിണയിലും കുളിമുറിയിലുമെല്ലാം മുടിയാണോ? ഒരു ദിവസം എത്ര മുടി വരെ സാധാരണ കൊഴിയാം?
രാവിലെ ഉറങ്ങി എഴുന്നേറ്റ് നോക്കുമ്പോൾ തലയിണയിൽ വീണ് കിടക്കുന്നു കുറേ മുടിയിഴകൾ. മുടി ചീകിയാൽ ചീർപ്പിലും തറയിലും മുടിയിഴകൾ. ഇനി കുളിക്കാൻ പോയാലോ കുളിമുറിയിലും മുടി അടിഞ്ഞ് കൂടുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ആരായാലും പേടിച്ച് പോകും.
പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റം ഉണ്ടാകുമ്പോൾ ഇത്തരത്തിൽ മുടി കൊഴിച്ചിൽ കൂടുന്നത് സാധാരണമാണ്. ദിവസവും കുറച്ച് മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. എന്നാൽ എത്രത്തോളം മുടി കൊഴിയുന്നതിനെ ആണ് പേടിക്കേണ്ടത് എന്ന് അറിയാമോ?

ഒരു ദിവസം 100 മുടി വരെ കൊഴിയുന്നത് സാധാരണമാണ് എന്നാണ് പറയാറുളളത്. എന്നാൽ ദിവസവും 10 മുതൽ 20 വരെ മുടിയിഴകൾ കൊഴിഞ്ഞിരുന്നതിൽ നിന്ന് അത് പെട്ടെന്ന് 100ലേക്ക് മാറിയാൽ അത് സാധാരണമല്ല. കാലാവസ്ഥ മാറുമ്പോൾ മുടി കൊഴിയുന്നതിലും മാറ്റമുണ്ടാകും.
ചില മാസങ്ങളിൽ ചില ആളുകൾക്ക് 20 മുതൽ 30 ശതമാനം വരെ കൂടുതൽ മുടി കൊഴിയാറുണ്ടെന്ന് ചർമ്മരോഗ വിദഗ്ധനായ ഡോ. ഷാ പറയുന്നു. കാലാവസ്ഥാ മാറ്റങ്ങൾ മുടിയുടെ വളർച്ചാ ചക്രത്തെ സ്വാധീനിക്കുന്നതാണ് ഇതിന് കാരണം. ഇത് താൽക്കാലികം മാത്രമാണ്. നവംബർ മുതൽ ജനുവരി വരെയും മെയ് മുതൽ ജൂൺ വരെയുമാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. എല്ലാവരെയും ഇത് ബാധിക്കണമെന്നില്ല. ബാധിക്കുന്നവരിൽ തന്നെ എല്ലാവർക്കും ഒരേ അളവിലായിരിക്കില്ല മുടി കൊഴിയുന്നത്.



Click it and Unblock the Notifications
