തിന്നുന്നത് എത്ര കുറച്ചിട്ടും തടി കൂടുന്നതാണോ പ്രശ്‌നം? കാരണങ്ങൾ ഇതാവും, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ...
ഭക്ഷണം എത്ര കുറച്ചിട്ടും തടി ഒട്ടും കുറയുന്നില്ലല്ലോ എന്ന പരാതി നമ്മൾ പതിവായി പലരിൽ നിന്നും കേൾക്കാറുള്ളതാണ്. സ്വതവേ പെട്ടെന്ന് തടിക്കുന്ന ശരീര പ്രകൃതി ഉള്ളവരിൽ നിന്നാണ് നമ്മൾ ഇതെപ്പോഴും കേൾക്കാറുള്ളത്. ഇത്തരക്കാർ പതിവിൽ നിന്ന് വിപരീതമായി എത്ര ഭക്ഷണം വെട്ടിച്ചുരുക്കിയാലും അവരുടെ തടിയിൽ ഒരു മാറ്റവും ഉണ്ടാവാറില്ല.
പലരും തമാശരൂപേണ മീറ്റർ അടിച്ചുപോയത് കൊണ്ടാവും എന്നൊക്കെ പരിഹസിക്കുമെങ്കിലും ഇതിന് പിന്നിലെ യഥാർത്ഥ കാരണം അങ്ങനെ തള്ളിക്കളയേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. ഇത്തരം ആരോഗ്യ അവസ്ഥകൾ അഭിമുഖീകരിക്കുന്നവരെ സംബന്ധിച്ച് ഇത് വരുത്തുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്ന് കൂടി ഓർക്കണം.

ഒരുപക്ഷേ നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഇത്തരത്തിലൊരു സാഹചര്യം നേരിടേണ്ടി വരികയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ചില പരിശോധനകൾ നടത്തുക എന്നതാണ്. സ്വാഭാവികമായും ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും രോഗാവസ്ഥകളും നിങ്ങളുടെ തടിയെയും ബാധിക്കുന്നതാണ്. അത്തരത്തിൽ നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ തടിയെ സ്വാധീനിക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ഹൈപ്പോതൈറോയിഡിസം: ഇതൊരു തരം രോഗാവസ്ഥയാണ്. നിങ്ങളുടെ ശരീരത്തിലെ പ്രധാന ഗ്രന്ധികളിൽ ഒന്നാണ് തൈറോയിഡ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാവുന്നത്.
പിസിഒഎസ്: ഇത് സാധാരണയായി സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരുതരം രോഗാവസ്ഥയാണ്. ഓവുലേഷൻ പ്രക്രിയ ക്യത്യമാകാത്തതിനാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയെയാണ് പൊതുവെ പിസിഒഎസ് എന്ന് പറയുന്നത്. ഇതും നിങ്ങളുടെ ശരീരഭാരത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്.
ഉയർന്ന സ്‌ട്രെസ്: പലപ്പോഴും സ്‌ട്രെസ് കൊണ്ട് മെലിയുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. ശരിക്കും പറഞ്ഞാൽ അത് പലരുടെയും ശരീര പ്രകൃതിക്ക് അനുസരിച്ചിരിക്കും. നിങ്ങൾ മാനസിക സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് അമിതവിശപ്പിനും മറ്റും കാരണമാവുകയും ഉയർന്ന കലോറി ഉണ്ടാക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവ്: പൊതുവെ പുതുതലമുറയിലെ ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്ന പ്രവണത അല്ലെങ്കിൽ അവസ്ഥയാണ് ഉറക്കക്കുറവ്. അമിതമായ ജോലി ഭാരം, തുടർച്ചയായ നൈറ്റ് ഷിഫ്റ്റുകൾ, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവയൊക്കെ ഉറക്കക്കുറവിന് കാരണമാണ്. ഇത് നിങ്ങളുടെ തടി വർധിപ്പിക്കാനും കാരണമാവുന്നു.
വിവിധ മരുന്നുകൾ: നിങ്ങൾ മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ ഇതും നിങ്ങളുടെ തടിയെ ബാധിക്കുന്ന ഘടകമാണ്. അതിൽ പ്രധാനമായും പ്രമേഹം, രക്തസമ്മർദ്ദം, വിഷാദം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീരഭാരം കൂടാൻ കാരണമാവുന്നതായി പഠനങ്ങൾ പറയുന്നു.
പരിഹാരങ്ങൾ ഇങ്ങനെ:
മേൽപറഞ്ഞ സാഹചര്യങ്ങളിൽ കൂടുതലും കൃത്യമായ ഡോക്‌ടറുടെ ഇടപെടലിലൂടെ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങളാണ്. അതിന് പുറമേയുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണ്ടത് ഉറക്കം ക്രമമായിരിക്കാനും ഒപ്പം സമ്മർദ്ദം കുറയ്ക്കാനുമാണ്. ഇതിലൂടെ മാത്രമേ നിങ്ങൾക്ക് പെട്ടെന്നുണ്ടാവുന്ന അമിതഭാരത്തെ തടഞ്ഞുനിർത്താൻ കഴിയൂ.












Click it and Unblock the Notifications