പുകവലി ആരോഗ്യത്തിന് ഹാനികരം; പക്ഷേ മുടി കൊഴിച്ചിലിന് കാരണമാവുമോ? സത്യമിതാണ്
മുടിയുടെ ആരോഗ്യം വളരെ പ്രാധാന്യത്തോടെ നാമെല്ലാം നോക്കി കാണുന്നൊരു കാര്യമാണ്. എന്തെന്നാൽ മുടി നന്നായി തഴച്ചു വളരുന്നു എന്നത് നമ്മെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങാൻ സഹായിക്കും. പലപ്പോഴും മുടിക്കുണ്ടാവുന്ന ഏതൊരു ബുദ്ധിമുട്ടും നമ്മളെ പല രീതിയിൽ സ്വാധീനിക്കുക പതിവാണ്. അതിനാൽ മുടി നന്നായി പരിപാലിക്കുക എന്നത് ഇപ്പോഴത്തെ കാലത്ത് വളരെ പ്രധാനപ്പെട്ടൊരു കാര്യമായി കണക്കാക്കുന്നു.
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചിൽ. താരൻ പോലെയുള്ളവയാണ് അതിലേക്ക് നയിക്കുന്നത്. കൂടാതെ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും ഭക്ഷണത്തിലെ പോരായ്‌മകളും അതിന് കാരണമാവുന്നുണ്ട്. കൂടുതലും പോഷക ഘടകങ്ങളുടെ അപര്യാപ്‌തതയാണ് അതിലേക്ക് വഴിയൊരുക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം.

എന്നാൽ ഇവയൊന്നും അല്ലാതെ നമ്മളെ ബാധിക്കുന്ന മറ്റൊരു വിഷയമാണ് ബാഹ്യമായ സമ്മർദ്ദങ്ങളും മറ്റ് ഘടകങ്ങളും. മാനസിക പിരിമുറുക്കം കടുത്ത വിഷാദത്തിലേക്കും അത് മുടി കൊഴിച്ചിലേക്കും ഒക്കെ നയിക്കുമെന്ന് പണ്ട് മുതൽക്കേ പറയാറുണ്ട്, അതുപോലെ തന്നെയാണ് പുകവലിയും. ശരിക്കും പുകവലി മുടി കൊഴിച്ചിലിന് കാരണമാവുമോ എന്നത് ഇപ്പോഴും ചർച്ചാ വിഷയമാണ്.
ദിവസവും 10 സിഗരറ്റ് വരെ വലിക്കുന്നത് മുടി കൊഴിച്ചിലിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതുപോലെ മറ്റൊരു പഠനത്തിൽ, 20നും 35നും ഇടയിൽ പ്രായമുള്ള 500 പുകവലിക്കാരിൽ 425 പേർക്കും ഒരു പരിധിവരെ മുടി കൊഴിച്ചിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെയും പുകവലിയുടെ മോശം വശങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
സിഗരറ്റിലെ വിഷവസ്‌തുക്കൾ രോമകൂപ കോശങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. പുകയിലയിലെ വിഷ രാസവസ്‌തുക്കൾ രോമകൂപങ്ങളിലെ കോശങ്ങളുടെ ഡിയോക്‌സിറൈബോ ന്യൂക്ലിക് ആസിഡിനോ ഡിഎൻഎയ്‌ക്കോ കേടുപാടുകൾ വരുത്താം. ഈ കേടുപാടുകൾ മുടി വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ചില പഠനങ്ങൾ പറയുന്നു.
മാത്രമല്ല ഇത് ദോഷകരമായ ഫ്രീ റാഡിക്കലുകളെ പുറത്തുവിടുന്നതിലൂടെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം വർധിപ്പിക്കുന്നു. അവ ഫോളികുലാർ കോശങ്ങളെ നശിപ്പിക്കുകയും മുടി വളർച്ചയുടെ സ്വാഭാവിക ചക്രത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇക്കാരണത്താൽ പുകവലി നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ദോഷകരം ആണെന്ന് ഉറപ്പിച്ചു പറയാം.
അതേസമയം, പുകവലി ഉപേക്ഷിക്കുന്നത് മുടിയുടെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. പക്ഷേ പൂർണമായി വീണ്ടും വളരാൻ കഴിയുമെന്ന് തെളിയിക്കുന്ന പഠനങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. മാത്രമല്ല പുകവലിയുടെ മറ്റ് ദൂഷ്യഫലങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് ആകെ ആരോഗ്യത്തിന് വലിയ തിരിച്ചടിയാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications