മുടിയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട; ഈ ആയുർവേദ കൂട്ടുകൾ ഉണ്ടെങ്കിൽ കളി മാറും, ഗുണങ്ങൾ എന്തൊക്കെ?
മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൽപിച്ചു നൽകുന്നൊരു തലമുറയാണ് ഇപ്പോഴത്തേത്. എന്നാൽ അതിലൊരു വിരോധാഭാസവുമുണ്ട്. അത്രത്തോളം പ്രാധാന്യത്തോടെ കാണുന്നുണ്ടെങ്കിലും മുടിയുടെ പരിപാലനത്തിനായി ചെയ്യുന്ന കാര്യങ്ങൾ പണ്ടത്തെ തലമുറയേക്കാൾ താഴെയാണ് ഇപ്പോഴുള്ളവർ. പണ്ടൊക്കെ മുടിയെ സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ എല്ലാവരും ശ്രദ്ധ പുലർത്തിയിരുന്നു.
കാച്ചിയ വെളിച്ചെണ്ണയും, ചെമ്പരത്തി താളിയും, കാഞ്ഞാണി ഇലയും ഒക്കെ ഉപയോഗിച്ചുള്ള ആയുർവേദ ചികിത്സകൾ ആയിരുന്നു പ്രധാന മാർഗങ്ങൾ. പക്ഷേ ഇന്നാവട്ടെ കാലം അപ്പാടെ മാറി. ആർക്കും നിന്ന് തിരിയാൻ നേരം പോലുമില്ല, പിന്നെയാണ് മുടിയുടെ കാര്യം ശ്രദ്ധിക്കാൻ. പണ്ടൊക്കെ ഒരു കൂട്ടുകുടുംബത്തിന് മൊത്തമായി തയ്യാറാക്കുന്ന വെളിച്ചെണ്ണകളും പരസ്‌പരം പങ്കുവയ്ക്കലും ഒക്കെയായിരുന്നു ചെയ്‌തിരുന്നത്.

മരുന്നുകൾ മാത്രമല്ല മാറിയ ജീവിത ശൈലിയും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന കാര്യമാണ്. ഇന്നത്തെ കാലത്ത് വൈറ്റ് കോളർ ജോലി ചെയ്യുന്ന ആളുകളാണ് കൂടുതൽ. അവരിൽ കൂടുതൽ പേരും സ്വന്തം നാട് വിട്ട് നഗരങ്ങളിൽ കുടിയേറിയവരും ആയിരിക്കും. അങ്ങനെ വരുമ്പോൾ കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം പോലും ക്ലോറിൻ ചേർത്തതാവും. അത്തരക്കാർക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ചില വഴികളുണ്ട്. അവ എന്തെന്ന് നോക്കാം.
മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ച ആയുർവേദ ഔഷധസസ്യങ്ങളിൽ ഭൃംഗരാജ്, നെല്ലിക്ക, ബ്രഹ്മി, ഉലുവ, ശിക്കാകായ്, ചെമ്പരത്തി, വേപ്പ് എന്നിവ ഉൾപ്പെടുന്നു. തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിനും, ഫോളിക്കിളുകളെ പോഷിപ്പിക്കുന്നതിനും, മുടിയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും, മുടി കൊഴിച്ചിൽ തടയുന്നതിനും പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ ഈ ഔഷധസസ്യങ്ങൾ പ്രശംസിക്കപ്പെടുന്നു.
ഭൃംഗരാജ്: മുടിയുടെ രാജാവ് എന്നറിയപ്പെടുന്ന ഭൃംഗരാജ് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു, വളർച്ചാ ഘട്ടം നീട്ടുന്നു. ഒപ്പം അകാല നര കുറയ്ക്കുന്നു. ഇത് വെളിച്ചെണ്ണയിൽ ചേർത്ത് ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതമായ കാര്യം.
നെല്ലിക്ക: എല്ലാവർക്കും അറിയുന്നത് പോലെ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് മുടിയുടെ അടിഭാഗം ശക്തിപ്പെടുത്തുന്നു, കൊളാജൻ സിന്തസിസിനെ പിന്തുണയ്ക്കുന്നു, കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടിയെ പ്രോത്സാഹിപ്പിക്കുന്ന ഒന്ന് കൂടിയാണ് ഇതെന്ന് പറയപ്പെടുന്നു.
ബ്രഹ്മി: നമ്മുടെ നാട്ടിൻ പുറത്ത് ധാരാളമായി കാണുന്ന ഒരു ചെടിയാണിത്. തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. കൂടാതെ വേരുകളെ ശക്തിപ്പെടുത്തുന്നു. തലയിലെ സമ്മർദ്ദം ശമിപ്പിക്കുന്നു, തലയോട്ടിക്കും മുടിയുടെ ആരോഗ്യത്തിനും സമഗ്രമായ ഗുണങ്ങൾ നൽകുന്നു.
ഉലുവ: പ്രോട്ടീൻ, വിറ്റാമിനുകൾ, മ്യൂസിലേജ് എന്നിവയാൽ സമ്പന്നമായ ഉലുവ മുടിയുടെ ഫോളിക്കിളുകളെ പോഷിപ്പിക്കുന്നു. അതിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കുന്നു, സ്വാഭാവിക തിളക്കവും കട്ടിയും ഒക്കെ നൽകുന്നു.
ശിക്കാക്കായ്: സ്വാഭാവിക എണ്ണ നീക്കം ചെയ്യാതെ വേരുകളെ ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് ഇത്. ആയുർവേദ മരുന്ന് കടകളിൽ ഒക്കെയും ഇത് വാങ്ങാൻ കിട്ടും.
ചെമ്പരത്തി: ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുകയും കട്ടിയുള്ള മുടിയെ പിന്തുണയ്ക്കുകയും മുടി കൊഴിച്ചിൽ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ആയുർവേദ ഔഷധമാണ് ചെമ്പരത്തി. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒരു ഔഷധമാണ് ഇത്. ഇതിന്റെ ഇലകൾ അരച്ച് പിഴിഞ്ഞ് തയ്യാറാക്കുന്ന താളി നല്ലൊരു മാർഗമാണ്.
വേപ്പ്: ഇതിന്റെ ആന്റി ബാക്റ്റീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നു എന്നതാണ് പ്രധാന കാര്യം. ഇത് തലയിലെ താരൻ നിയന്ത്രിക്കുന്നു, മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications