മുടി തിളങ്ങിയാൽ മുഖവും തിളങ്ങും; ഈ തണുപ്പ് കാലത്ത് തലയിൽ തേക്കാൻ പറ്റിയ ഏറ്റവും നല്ല എണ്ണകൾ ഇതാ..!
മുടിയുടെ ആരോഗ്യവും അതിന്റെ പരിപാലനവും ഒക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ചിലരുടെയൊക്കെ മൊത്തം ആത്മവിശ്വാസവും അടങ്ങിയിരിക്കുന്നത് മുടിയുടെ രൂപത്തിലാണെന്ന് പറഞ്ഞാലും അത് തെറ്റാവില്ല. കാരണം മുടിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ കട്ടി ഒന്ന് കുറഞ്ഞാൽ പോലും സങ്കടപ്പെടുന്ന ആളുകൾ ഒരുപാട് നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ള സമയത്ത് മുടിയുടെ കാര്യത്തിൽ ഇത്തിരി ശ്രദ്ധ നല്ലതാണ്.
മുടിക്ക് ഏറ്റവും ദോഷകരമായ കാലാവസ്ഥ ഏതെന്ന് ചോദിച്ചാൽ എല്ലാവരും ഒറ്റയടിക്ക് പറയുക മഴക്കാലമെന്നോ വേനൽക്കാലമെന്നോ ഒക്കെയായിരിക്കും. പക്ഷേ, തണുപ്പ് കാലത്ത് നമ്മുടെ മുടി അനുഭവിക്കുന്ന ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ട്. മുടി എന്നല്ല മൊത്തം ശരീരത്തിനും തണുപ്പ് കാലം ഒരു പരിധിവരെ കടന്നുപോവാൻ ബുദ്ധിമുട്ടേറിയ സമയം ആയിരിക്കും. എങ്കിലും നാം വേണ്ടത്ര ശ്രദ്ധ ഈ സമയത്ത് നമ്മൾ കൊടുക്കാറില്ല.

മുടിയുടെ കാര്യത്തിൽ ഈ ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ വെല്ലുവിളികൾ ആയിരിക്കും നമ്മൾ നേരിടേണ്ടി വരിക എന്നുറപ്പാണ്. അങ്ങനെയുള്ളപ്പോൾ നിങ്ങളുടെ മനസിൽ ആദ്യം വരുന്ന ചോദ്യം മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാം എന്നതാണ്. അതിൽ പ്രധാനപ്പെട്ടൊരു സംഗതിയായി കണക്കാക്കുന്നത് നല്ല എണ്ണകൾ ഉപയോഗിക്കുക എന്നതാണ്. തണുപ്പ് കാലത്ത് മുടിക്ക് അനുയോജ്യമായ എണ്ണ ഏതെന്ന് നോക്കാം.
വെളിച്ചെണ്ണ: മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ എണ്ണകളിൽ ഒന്നാണ് വെളിച്ചെണ്ണ. ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് തലയോട്ടിയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് മുടിയിഴകളെ ഉള്ളിൽ നിന്ന് പരിപോഷിപ്പിക്കുന്നു. പ്രോട്ടീൻ നഷ്‍ടം കുറയ്ക്കാനും മുടി പൊട്ടുന്നത് തടയാനും തിളക്കം നൽകാനും വെളിച്ചെണ്ണ നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് നിങ്ങളുടെ മുടിയുടെ തിളക്കം വർധിപ്പിക്കുക മാത്രമല്ല വളർച്ചയ്ക്ക് സഹായകരമാവുകയും ചെയ്യും.
ആവണക്കെണ്ണ: മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഇതിൽ റിസിനോലെയിക് ആസിഡും വിറ്റാമിൻ ഇയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും അറ്റം പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ കട്ടി വർധിപ്പിക്കുകയും ചെയ്യുന്നു. ബദാം അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള കനം കുറഞ്ഞ എണ്ണകളുമായി ഇവ ചേർക്കുന്നത് തലയിൽ തേക്കാനും കഴുകിക്കളയാനും എളുപ്പമാക്കും.
നെല്ലിക്ക എണ്ണ: ഇതിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്, ഇത് തലയോട്ടിയുടെ ആരോഗ്യം വർധിപ്പിക്കുകയും അകാല നര കുറയ്ക്കുകയും ചെയ്യുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് താരൻ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ നെല്ലിക്ക എണ്ണ ഉപയോഗിക്കുന്നത് മുടിക്ക് സ്വാഭാവിക കറുപ്പ് നിറവും നൽകുന്നു.
ആർഗൻ ഓയിൽ: ദ്രാവക സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ എണ്ണ വിറ്റാമിൻ ഇയും അവശ്യ ഫാറ്റി ആസിഡുകളും കൊണ്ട് നിറഞ്ഞതാണ്. ഇത് പരുക്കൻ മുടിക്ക് ജലാംശം നൽകുകയും മിനുസപ്പെടുത്തുകയും മൃദുവും ഒതുക്കമുള്ളതുമാക്കി മാറ്റുകയും ചെയ്യും. കനം കുറഞ്ഞതും എണ്ണമയമില്ലാത്തതുമായ ആർഗൻ ഓയിൽ ദിവസേന ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യമാണ് ഇത്.
ഒനിയൻ സീഡ് ഓയിൽ: മുടി വളർത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ഒരു നല്ല ഓപ്‌ഷനാണ് ഒനിയൻ സീഡ് ഓയിൽ. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും താരന് കാരണമാകുന്ന ബാക്റ്റീരിയ അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. പതിവായ ഉപയോഗം മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒന്ന് കൂടിയാണിത്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications