പ്രമേഹം ഉണ്ടെന്ന് സംശയിക്കുന്നുണ്ടോ? ഈ നാല് ലക്ഷണങ്ങളിൽ എപ്പോഴും ശ്രദ്ധ വേണം, ഇല്ലെങ്കിൽ പണി പാളും
ജീവിതശൈലീ രോഗങ്ങൾ മൂലം വലയുന്നവരാണ് നമ്മൾ മലയാളികൾ. പലർക്കും അറിയാവുന്നത് പോലെ കേരളം സാക്ഷരതയിലും ശിശുമരണ നിരക്കിലും അതിനൊപ്പം ആയുർദൈർഘ്യത്തിലും ഒക്കെ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ്. എന്നുവച്ചാൽ രാജ്യത്ത് ഏറ്റവും മുൻനിരയിൽ എന്നതിന് അപ്പുറം ഇക്കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്ന രീതികളാണ് കേരളത്തിൽ ഉള്ളതെന്ന് തന്നെ പറയാം.
അതുപോലെ തന്നെ ജീവിതശൈലീ രോഗങ്ങളുടെ കാര്യവും. അതും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികമാണ്. അതിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് മലയാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. കൂടുതൽ പേരും, എന്തിന് ഇപ്പോൾ ചെറുപ്പക്കാർ പോലും പ്രമേഹ രോഗത്താൽ വലയുകയാണ്.

അങ്ങനെയുള്ള സാഹചര്യത്തിൽ പ്രമേഹത്തെ എളുപ്പത്തിൽ എഴുതി തള്ളാൻ സാധിക്കില്ല. അതിന് ഗുരുതരമായ പല വശങ്ങളുമുണ്ട്. അതിനാൽ തന്നെ അതിന്റെ ലക്ഷണങ്ങൾ ഇപ്പോഴും നാം ശ്രദ്ധിക്കണം. അത്തരത്തിൽ പ്രമേഹത്തിന് ചില ലക്ഷണങ്ങളുണ്ട്, അവ കൂടുതലായി കാണപ്പെടുന്നവ ആയതിനാൽ പൊതുവായ ലക്ഷണങ്ങൾ എന്ന് പറയാം. എന്തൊക്കെയാണ് അവയെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം.
വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം: വരണ്ടതും അസ്വസ്ഥതയുളവാക്കുന്നതുമായ ചർമ്മത്തിൽ നിങ്ങൾ നിരന്തരം ചൊറിയുന്നുണ്ടെങ്കിൽ, അത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ ഫലമായിരിക്കാം എന്നാണ് പറയപ്പെടുന്നത്. ഹൈപ്പർ ഗ്ലൈസീമിയ നിങ്ങളുടെ ശരീരത്തിന് ദ്രാവകങ്ങൾ വേഗത്തിൽ നഷ്‌ടപ്പെടാൻ കാരണമാകും, ഇത് വ്യാപകമായ നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചർമ്മം വരണ്ടിരിക്കാനും കാരണമാവും.
ചില പാടുകൾ: ചർമ്മത്തിന്റെ ഇരുണ്ടതും കട്ടിയുള്ളതും വെൽവെറ്റ് പോലെയുള്ളതുമായ പാടുകൾ, പ്രത്യേകിച്ച് കഴുത്തിലെയും കക്ഷങ്ങളിലെയും ഞരമ്പുകളിലെയും മടക്കുകളിൽ കാണുന്നത് അതുപോലെ തന്നെയാണ്. നിങ്ങളുടെ ശരീരം ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ പാടുപെടുന്നു എന്നതിന്റെ സൂചനയാണ് ഈ പാടുകൾ.
ഉണങ്ങാത്ത മുറിവ്: ഒരു ചെറിയ മുറിവോ പോറലോ ആഴ്‌ചകളോളം ഭേദമാകാതെ നീണ്ടുനിൽക്കുന്നത് അനിയന്ത്രിത പ്രമേഹത്തിനുള്ള ഗുരുതരമായ ഒരു മുന്നറിയിപ്പായാണ് കണക്കാക്കുന്നത്. രക്തത്തിലെ ഉയർന്ന പഞ്ചസാര നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഉണക്കം ഉൾപ്പെടെയുള്ള ക്രിയകളെ തടസ്സപ്പെടുത്തും.
തരിപ്പ് വേദന പോലെയുള്ളവ: നിങ്ങളുടെ കൈകളിലും കാലുകളിലും അനുഭവപ്പെടുന്ന മരവിപ്പ്, അല്ലെങ്കിൽ വേദന നാഡിക്ക് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ലക്ഷണമാണ്. കാലക്രമേണ, ഉയർന്ന രക്തത്തിലെ പഞ്ചസാര നിങ്ങളുടെ ഞരമ്പുകളെ സാരമായി ബാധിക്കും. ഇതും നിർബന്ധമായും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications