ചോറ് നന്നായി കഴിക്കുന്നവരാണോ നിങ്ങൾ? വയർ കൂടാൻ വേറൊന്നും വേണ്ട, ഇത്രയും ആരോഗ്യ പ്രശ്‌നങ്ങളോ...
മലയാളികളുടെ ഭക്ഷണശീലത്തിൽ ഏറ്റവും മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് ചോറ്. ശരിക്കും പറഞ്ഞാൽ ചോറ് ഒഴിവാക്കിക്കൊണ്ട് മലയാളികളുടെ അടുക്കളയിലെ വിഭവങ്ങൾ ഒരിക്കലും പൂർണമാവില്ല. അത്രയധികം കേരളീയരുടെ ഭക്ഷണ ശീലങ്ങളിൽ ചോറിന് സവിശേഷമായ സ്ഥാനമുണ്ട്. ജനിക്കുന്ന കുട്ടി ആറ് മാസം പ്രായം എത്തുമ്പോഴേക്ക് ചോറൂൺ എന്ന പേരിൽ നടത്തുന്ന ചടങ്ങ് തന്നെ ഇതിന് ഉദാഹരണമാണ്.
എന്നാൽ കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്‌തമാണ്. അവിടുത്തെ ജനങ്ങൾ ചോറ് പേരിന് മാത്രം ഭക്ഷിക്കുന്നവരാണ്. ഗോതമ്പും മറ്റ് ധാന്യങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് അവരുടെ ഭക്ഷണരീതികൾ എന്നതാണ് ഇതിന് കാരണം. അങ്ങനെയുള്ള അവസരത്തിലാണ് ചോറിന്റെ ഗുണങ്ങളും ദോഷങ്ങളും ചർച്ചയാവുന്നത്.

ചോറ് കഴിക്കുന്നത് കൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ടെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ അതേപടി ഇതിന് ഒട്ടേറെ ദോഷങ്ങളുമുണ്ട്. ഇത് രണ്ടും ചേർന്നുള്ള സമ്മിശ്രമായ ഫലങ്ങൾ നൽകുന്ന ഭക്ഷണ പദാർത്ഥമായതിനാൽ തന്നെ അറുത്ത് മുറിച്ചൊരു തീർപ്പ് കൽപ്പിക്കൽ ചോറിന്റെ കാര്യത്തിൽ സാധ്യമല്ല. അതിന്റെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം.
പലരും ഉന്നയിക്കുന്ന ഒരു പ്രധാനപ്പെട്ട ചോദ്യമാണ് ചോറ് കഴിച്ചാൽ വയറ്റിലെ കൊഴുപ്പ് വർധിക്കുമോ എന്നത്. കേരളത്തിലെ ചെറുപ്പക്കാർ മുതൽ പ്രായമായവർക്ക് വരെ ഒരുപോലെ ഉള്ളൊരു സംശയമാണ് ഇതെന്ന് വേണമെങ്കിൽ പറയാം. കാരണം നമ്മുടെ ഭക്ഷണരീതികളിൽ ചോറിന് പ്രത്യേകമായ സ്ഥാനം ഉണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ.
ഒറ്റവാക്കിൽ മറുപടി അസാധ്യമാണെങ്കിലും ചോറ് കഴിക്കുന്നത് നേരിട്ട് വയറ്റിലെ കൊഴുപ്പിന് കാരണമാവില്ല എന്നതാണ് സത്യം. എന്നാൽ സമാധാനിക്കാൻ വരട്ടെ. പതിവായി നല്ല രീതിയിൽ ചോറ് കഴിച്ചാൽ നിങ്ങളുടെ ശരീരഭാരത്തിൽ കാര്യമായ വർധനവ് തന്നെയുണ്ടാകും. തീർച്ചയായും ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വയർ കൂടാൻ കാരണമാവുകയും ചെയ്യും.
എങ്ങനെയൊക്കെ ചോറ് നിങ്ങളുടെ ശരീരത്തെ ബാധിക്കും?
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്ന നിലയിൽ വെളുത്ത അരിക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങൾ കൂടുതൽ തവിടോട് കൂടിയ അരിയാണ് കഴിക്കുന്നതെങ്കിൽ അത് പലപ്പോഴും നിങ്ങൾക്ക് നല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്. വെളുത്ത അരിയിൽ നിന്ന് മാറി ഒരുപാട് ഗുണങ്ങൾ ഇത്തരം അരികൾക്ക് ഉണ്ട്.
കൂടാതെ അമിതമായി കഴിച്ചാൽ ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാവുന്ന കലോറി അടങ്ങിയ ഭക്ഷണമാണ് അരി. അരിയിൽ നാരുകൾ കുറവായതിനാൽ ദഹനത്തെ തടസ്സപ്പെടുത്തും എന്ന പ്രത്യേകത കൂടിയുണ്ട്. ഇത് നിങ്ങളുടെ വയറ് വർധിക്കാൻ ഒരു പരിധിവരെ കാരണമാവും. ഇവിടെയും തവിടോട് കൂടിയ ബ്രൗൺ അരിയാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ നിങ്ങൾക്ക് കൂടുതൽ ഗുണങ്ങളാണ് നൽകുക.
നിങ്ങൾക്ക് തടി കൂടാതെ തന്നെ ചോറ് കഴിക്കാൻ വഴികൾ പലതുണ്ട്. ഇതിനായി നേരത്തെ പറഞ്ഞ പോലെ തവിടോട് കൂടിയ അരി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൂടാതെ മറ്റൊരു വഴി ചോറ് പ്രധാന ഭക്ഷണമായി മാറ്റാതെ അതിനെ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമായി, ഒരു നേരമോ മറ്റോ ആയി ക്രമീകരിക്കാൻ ശ്രദ്ധിച്ചാൽ മാത്രം മതി.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications