കാര്യം കഴിഞ്ഞാൽ എടുത്ത് കളയേണ്ട ഒന്നല്ല കറിവേപ്പില; ഗുണങ്ങൾ അത്രയേറെ! കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം
പണ്ട് മുതൽക്കേ നമ്മൾ മലയാളികൾ കറിവേപ്പില എന്ന പ്രയോഗത്തിന് പല അർത്ഥങ്ങളും കൽപ്പിച്ച ആളുകളാണ്. സംഭവം എല്ലാ കറികൾക്കും ഈ ചെടിയുടെ ഇല നമ്മൾ ഉപയോഗിക്കുമെങ്കിൽ ആരും നേരിട്ട് കഴിക്കുന്നത് നമ്മൾ കാണാറില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ കൃത്യമായി ഒരു ഉത്തരമില്ല. കറിവേപ്പില ഇല്ലാതെയൊരു ഒരു കറി നമ്മുടെ നാട്ടിൽ വിരളമായിരിക്കും. അതിന്റെ മണവും ഗുണവും ഒക്കെ അത് ഉപയോഗിക്കുന്നതിന് കാരണമായി വിലയിരുത്തുന്നു.
പലരും കറിക്ക് ചന്തം കൂടാനും വറുത്തിടാനും ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. മാത്രമല്ല നമ്മുടെ നാട്ടിൽ അത്രത്തോളം സുലഭമായി കിട്ടുന്ന ഒന്ന് കൂടിയാണിത്. നമ്മുടെ അടുക്കള തോട്ടങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ പലർക്കും ഈ കറിവേപ്പിലയുടെ യഥാർത്ഥ മഹത്വവും ഗുണങ്ങളും ഒന്നും അറിയില്ല എന്നതാണ് സത്യം. വെറും രുചിക്കും മണത്തിനും വേണ്ടിയല്ല പഴമക്കാർ ഇതിനെ ഉപയോഗിക്കാൻ തുടങ്ങിയത്.

ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ശരിക്കും കറിവേപ്പില. എന്ന് വച്ചാൽ പലപ്പോഴും നിങ്ങൾ സ്വപ്‌നത്തിൽ പോലും കരുതാത്ത അത്രയും ഗുണങ്ങൾ ഇതിനുണ്ടെന്ന് സാരം. അതിൽ നിങ്ങളുടെ ജീവിതശൈലിയുടെ ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന അപകടകരമായ സാഹചര്യങ്ങളെ പോലും അകറ്റി നിർത്താൻ ഇതിന് കഴിയും. കറിവേപ്പിയുടെ ഗുണങ്ങൾ എന്തൊക്കെ ആണെന്നും ഏതൊക്കെ രീതിയിൽ സ്വാധീനിക്കുമെന്നും നോക്കാം.
കറിവേപ്പിലയിൽ അടങ്ങിയ ഗുണകരമായ വസ്‌തുക്കൾ
കറിവേപ്പിലയിൽ പ്രധാനമായും വിറ്റാമിന്‍ എ, സി, ഇ, ബി കോപ്ലക്‌സ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് ഇതിനെ വേറിട്ട് നിർത്തുന്ന കാര്യം. ഇത് കൂടുതലായും സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച്, ഗര്‍ഭിണികളുടെയും പ്രസവാനന്തര ശ്രുശൂഷയിലുള്ള സ്ത്രീകള്‍ക്കും ഏറെ ഗുണകരമാണ്. പിന്നെ രുചിയുടെയും മണത്തിന്റെയും കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.
ഗുണങ്ങൾ എന്തൊക്കെ?
രക്തത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന രണ്ട് പോഷകങ്ങളായ ഫോളിക് ആസിഡും ഇരുമ്പും കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ശരീരത്തിന് ഇരുമ്പ് കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്, അതിലൂടെ വിളർച്ച അടക്കമുള്ള അവസ്ഥകൾ കുറയ്ക്കാൻ ഇത് സഹായിക്കും. ഇരുമ്പ് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുമെന്നതാണ് പ്രത്യേകത.
വിറ്റാമിൻ എ അടങ്ങിയതിനാൽ കറിവേപ്പില കഴിക്കുന്നത് കണ്ണുകൾക്കും രോഗപ്രതിരോധ സംവിധാനത്തിനും ചർമ്മത്തിനും ഏറെ പ്രയോജനം ചെയ്യും. കറിവേപ്പില പതിവായി കഴിക്കുന്നത് കാഴ്‌ചശക്തി മെച്ചപ്പെടുത്തുന്നതിനും വരള്‍ച്ച, കാഴ്‌ച മങ്ങല്‍ എന്നിവ ചെറുക്കാനും നമ്മളെ സഹായിക്കുമെന്നതാണ് മറ്റൊരു ഗുണം.
പാല്‍ ഉല്‍പന്നങ്ങളില്‍ ഉള്ളത് പോലെ അളവില്‍ കറിവേപ്പിലയിലും കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ അടങ്ങിയ ഫോസ്‌ഫറസ് കാല്‍സ്യത്തിന്റെ ആഗിരണം നല്ല രീതിയിൽ മെച്ചപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രത വര്‍ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന മറ്റൊരു ഘടകമാണ്.
പ്രതിരോധശേഷി കുറയുന്നതിനും അകാല വാർധക്യത്തിനും പ്രധാന കാരണങ്ങളിലൊന്നായ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ ഇതിന് കഴിയും. ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, ഇ എന്നിവയും കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ് ഇതിന്റെ കാരണം. മാത്രമല്ല, ഇത് ചര്‍മ്മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചര്‍മത്തിന് സ്വാഭാവിക തിളക്കവും മൃദുത്വവും പ്രദാനം ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications