തടി കുറയ്ക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുണ്ടോ? എങ്കിൽ ഈ എണ്ണകൾ ഡയറ്റിൽ ചേർക്കൂ, ഇവ ഒഴിവാക്കൂ!
നമ്മുടെ എല്ലാവരുടെയും ആഗ്രഹം നല്ല ഫിറ്റായി ഇരിക്കണമെന്നാണ്, മദ്യപിച്ചുള്ള ഫിറ്റല്ല ഇത് കായിക ക്ഷമത എന്നതാണ് ഉദ്ദേശിച്ചത്. അത്തരം കായിക ക്ഷമത കൈവരിക്കുന്നതിൽ ഇന്നത്തെ കാലത്ത് ഒരുപാട് വെല്ലുവിളികൾ നാം നേരിടുന്നുണ്ട്. ജീവിതശൈലിയിൽ ഉണ്ടായിരിക്കുന്ന വലിയ മാറ്റങ്ങൾ തന്നെയാണ് അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. അവ പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കാര്യമായി തന്നെ സ്വാധീനിക്കും.
പക്ഷേ ഇതൊരിക്കലും നമ്മുടെ മാത്രം കുറ്റമല്ല എന്നതാണ് യാഥാർഥ്യം. കാരണം പഴയ കാലത്തേത് പോലെയല്ല ഇപ്പോൾ. കൂടുതലും ഇരുന്നുള്ള, കായിക അധ്വാനം ഒട്ടുമില്ലാത്ത ജോലികളാണ് യുവാക്കൾക്ക് കൂടുതലായി ലഭിക്കുന്നത്. അങ്ങനെ വരുമ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് അത് തടസമാകും. നിങ്ങളുടെ ശരീരത്തിൽ സംഭരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാതെ കിടക്കുകയും തടി കൂടുകയും ചെയ്യും.

അത് പക്ഷേ ജിമ്മിൽ പോയത് കൊണ്ട് മാത്രം മാറ്റിയെടുക്കാവുന്ന കാര്യമായി നിങ്ങൾ കാണുന്നുണ്ടെങ്കിൽ അതിൽ തെറ്റി. കാരണം ഇത് പരമാവധി വ്യായാമത്തിന് ഒപ്പം തന്നെ ഭക്ഷണ നിയന്ത്രണത്തിൽ കൂടി മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. അങ്ങനെ നിങ്ങൾ നിയന്ത്രിക്കാൻ ഒരുങ്ങുകയാണെങ്കിൽ ആദ്യം വേണ്ടത് എണ്ണകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കാവുന്നതും ഉപേക്ഷിക്കേണ്ടതുമായ എണ്ണകൾ ഏതൊക്കെയെന്ന് നോക്കാം.
ഒലിവ് ഓയിൽ: നിലവിൽ നമ്മുടെ നാട്ടിൽ ലഭിക്കുന്നവയിൽ പാചകത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണ് ഒലിവ് ഓയിൽ. വിറ്റാമിൻ ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, പ്രധാനമായും ഒലിയിക് ആസിഡ് എന്നിവയാൽ സമ്പുഷ്‌ടമാണ് ഈ എണ്ണ. ഇത് വീക്കം തടയുന്നതിനും ഹൃദയത്തിന് ഗുണം ചെയ്യുന്നതിനും സഹായിക്കുമെന്നതിനാൽ ഇതിന്റെ ഉപയോഗം വർധിപ്പിക്കുന്നത് ഗുണകരമാവും.
എള്ളെണ്ണ: ഇതിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളായ സെസാമോൾ, സെസാമിനോൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെയും വീക്കത്തെയും ചെറുക്കുന്നു. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം എല്ലാം കൊണ്ടും നിങ്ങൾക്ക് ഗുണകരമാവും. കലോറിയുടെ അളവ് അധികമായതിനാൽ ഉപയോഗം ശ്രദ്ധയോടെ വേണമെന്ന് മാത്രം.
അവക്കാഡോ ഓയിൽ: അവോക്കാഡോ ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കലോറി കാര്യക്ഷമമായി എരിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കും. കൂടാതെ, ഇത് കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ (എ, ഡി, ഇ, കെ) ആഗിരണം ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒന്നാണ്.
ഒഴിവാക്കേണ്ടവ ഇവയൊക്കെ
മത്സ്യ എണ്ണ: ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, പാചകം ചെയ്യുന്നതിനോ ശരീരഭാരം കുറയ്ക്കുന്നതിനോ ഒരിക്കലും അനുയോജ്യമല്ല. ഇത് ചൂടിനോട് വളരെ സെൻസിറ്റീവ് ആയതിനാൽ എളുപ്പത്തിൽ ഓക്‌സീകരിക്കപ്പെടുകയും അതിന്റെ ഗുണങ്ങൾ നഷ്‌ടപ്പെടുകയും ചിലപ്പോൾ ദോഷകരമായ സംയുക്തങ്ങൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യും.
പാം ഓയിൽ: പാം ഓയിലിൽ പൂരിത കൊഴുപ്പുകൾ കൂടുതലാണ്. അതിനാൽ തന്നെ ഇത് എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും അമിതമായി ഉപയോഗിക്കുമ്പോൾ ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യും. പാം ഓയിൽ കൂടുതലായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകും. അതുകൊണ്ട് ഇത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications