ഇനി കൊളസ്‌ട്രോളിനെ പേടിച്ച് ജീവിക്കണ്ട; വരുതിയിലാക്കാൻ വഴിയുണ്ട്, ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കൂ!
ഇന്നത്തെ കാലത്ത് ജീവിത ശൈലീ രോഗങ്ങൾ നമ്മുടെ നാട്ടിൽ കുത്തനെ കുതിച്ചുയരുകയാണ്. അതിന്റെ പ്രധാന കാരണം മാറിയ ഭക്ഷണ രീതികളും നമ്മുടെ മറ്റ് ശീലങ്ങളും ഒക്കെയാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് എന്തൊക്കെ പറഞ്ഞാലും കായിക അധ്വാനം ചെയ്യാത്ത ചെറുപ്പക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. കൂടുതലും അത്തരം ജോലികൾ തന്നെയായിരുന്നു നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നതും. അതുകൊണ്ട് ആരോഗ്യം എല്ലാവരുടേതും മെച്ചപ്പെട്ടതായിരുന്നു.
പണ്ട് രോഗങ്ങൾ തീരെയില്ല എന്നല്ല ഉദ്ദേശിച്ചത്, ഇന്നത്തെ കാലത്തെ സാഹചര്യങ്ങളെക്കാൾ വളരെ നല്ലത് തന്നെയായിരുന്നു അത് എന്ന് മാത്രമാണ്. അതായത് ജീവിത ശൈലി രോഗങ്ങൾ അന്ന് വളരെ കുറവായിരുന്നു എന്നർത്ഥം. ഇപ്പോൾ ചെറുപ്പക്കാർക്ക് പോലും പ്രമേഹവും ഹൃദ്രോഗവും കരൾ രോഗവും ഒക്കെ പതിവായി കേട്ടു തുടങ്ങിയിട്ടുണ്ട്. അതിൽ മൂലകാരണമായി പ്രവർത്തിക്കുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ഉയരാൻ പല ഭക്ഷണങ്ങളും കാരണമാവുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. ഫാസ്‌റ്റ് ഫുഡ് വ്യാപകമായ ഈ കാലത്ത് ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുന്നവർ ചുരുക്കമായിരിക്കും. പല രോഗങ്ങളിലേയും വില്ലനായി കാണുന്നത് കൊളസ്‌ട്രോൾ തന്നെയാണ്. എന്നാൽ ഇനി ടെൻഷൻ വേണ്ട, ചില ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നിങ്ങൾക്ക് കൊളസ്‌ട്രോൾ നിയന്ത്രിക്കാം. അവ ഏതൊക്കെ എന്നറിയാം.
സ്വാഭാവികമായി മറ്റൊന്നും കൂടാതെ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്. ഇവ പോഷകസമൃദ്ധവും കലോറി കുറഞ്ഞവയുമാണ്, മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പിനെ ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു. മാത്രമല്ല തികച്ചും പ്രകൃതിദത്തവുമാണ് ഇവ.
പച്ചക്കറികളും ഇലക്കറികളും: കോളിഫ്ലവർ, ബ്രോക്കോളി, കാബേജ് എന്നിവയിൽ നാരുകൾ ധാരാളമായുണ്ട് എന്നാൽ കലോറി കുറവുമാണ്. കക്കിരി, കാരറ്റ് തുടങ്ങിയവയിൽ കലോറി കുറവും വെള്ളം കൂടുതലുമായിരിക്കും. ഇവ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ഇലകളിൽ മുരിങ്ങയില, ചീര എന്നിവ ആന്റി ഓക്‌സിഡന്റുകളും നാരുകളും ഒക്കെയായി നിങ്ങളുടെ ശരീരത്തിന് നന്നായി ഗുണം ചെയ്യന്നതാണ്.
പഴങ്ങൾ: അതിൽ ആപ്പിൾ, പിയർ എന്നിവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, കൂടാതെ വിശപ്പ് കുറയ്ക്കും. നാരങ്ങ, ഓറഞ്ച്, മാതളനാരങ്ങ തുടങ്ങിയവയിൽ വിറ്റാമിൻ സി ഉയർന്ന അളവിലുണ്ട്. കൂടാതെ ഇവ മെറ്റബോളിസം വർധിപ്പിക്കും. ഇതിന് പുറമേ പപ്പായ, പൈനാപ്പിൾ എന്നിവയിൽ ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്.
പയർവർഗങ്ങൾ: കടല, ചെറുപയർ, മുതിര എന്നിവയിൽ പ്രോട്ടീനും നാരുകളും കൂടുതലാണ്, ഇവ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം സോയാബീൻ കുറഞ്ഞ കൊഴുപ്പും ഉയർന്ന പ്രോട്ടീനും അടങ്ങിയതിനാൽ ഇറച്ചിക്ക് പകരമായി കഴിക്കാവുന്നതാണ്. ബീഫ്, മട്ടൻ പോലെയുള്ളവ ഒഴിവാക്കി സോയാബിൻ കഴിക്കാൻ ശ്രമിച്ചാൽ മതി.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ: അതിൽ പ്രധാനി മുട്ടയാണ്. ഇതിൽ പ്രോട്ടീൻ ധാരാളമായുണ്ട്. കൊഴുപ്പ് കുറവുമാണ്, എങ്കിലും അളവ് നിയന്ത്രിക്കുക.സാൽമൺ, മത്തി എന്നിവയും കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകൾ മെറ്റബോളിസം മെച്ചപ്പെടുത്തും. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക വഴി നിങ്ങൾക്ക് ആരോഗ്യം നിലനിർത്താനും ഒപ്പം കൊഴുപ്പിനെ നിയന്ത്രിക്കാനും സാധിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications