ഹീമോഗ്ലോബിൻ കുറഞ്ഞാൽ എട്ടിന്റെ പണി കിട്ടും; ഈ പാനീയങ്ങൾ കുടിച്ചാൽ പെട്ടെന്ന് കൂടാൻ സഹായിക്കും
ഇന്ന് യുവാക്കളിൽ രക്തത്തിലെ ഹീമോഗ്ലോബിൻ കുറവ് ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ക്ഷീണം, ബലഹീനത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇരുമ്പിന്റെ അളവ് വർധിപ്പിക്കുന്നതിന് വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഒരു പരിധി വരെ സഹായിക്കും. സാധാരണ ഇന്ത്യൻ ചേരുവകൾ ഉപയോഗിച്ചുള്ള ഈ ചില ലളിതമായ പാനീയങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്നതും വൈദ്യസഹായത്തോടൊപ്പം ഹീമോഗ്ലോബിൻ മെച്ചപ്പെടുത്താൻ ഉപകരിക്കുന്നതുമാണ്.
രക്തത്തിൽ ഓക്‌സിജൻ എത്തിക്കുന്നതിൽ ഹീമോഗ്ലോബിന് പ്രധാന പങ്കുണ്ട്. ഇതിന് ആവശ്യമായ ഇരുമ്പ്, വിറ്റാമിൻ സി, ഫോളേറ്റ്, വിറ്റാമിൻ ബി12 എന്നിവ പാനീയങ്ങളിലൂടെ എളുപ്പത്തിൽ ശരീരത്തിന് ലഭിക്കും. എന്നാൽ ഇവ പരിശോധനകൾക്കോ മരുന്നുകൾക്കോ പകരമാവില്ല. ഹീമോഗ്ലോബിൻ വളരെ കുറഞ്ഞവർ നിർബന്ധമായും ഡോക്‌ടറെ സമീപിക്കണം. ഈ പാനീയങ്ങൾ ദൈനംദിന ആരോഗ്യത്തിന് ഒരു പിന്തുണ മാത്രമാണ്.

ബീറ്റ്റൂട്ടും ക്യാരറ്റ് ജ്യൂസും: ബീറ്റ്റൂട്ടിൽ ഇരുമ്പ്, ഫോളേറ്റ്, സ്വാഭാവിക നൈട്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ക്യാരറ്റിൽ വിറ്റാമിൻ എയും നാരും ലഭ്യമാണ്. കഴുകി തൊലികളഞ്ഞ ബീറ്റ്റൂട്ടും ക്യാരറ്റും, ഒരു ചെറിയ ആപ്പിളും അര നാരങ്ങയും ചേർത്ത് അരയ്ക്കുക. അരിച്ചെടുക്കാതെ ഉടൻ കുടിക്കുക. ഇത് കൂടുതൽ നാരുകളും സ്ഥിരമായ ഊർജ്ജവും നൽകാൻ സഹായിക്കും.
അനാർ ജ്യൂസ്: നേരിയ വിളർച്ചയ്ക്ക് അനാർ ജ്യൂസ് വളരെ നല്ലതാണ്. വിറ്റാമിൻ സിയും കുറഞ്ഞ അളവിൽ ഇരുമ്പും ഇതിലുണ്ട്. ഇതിന്റെ അല്ലികൾ അൽപം വെള്ളം ചേർത്ത് അരച്ച് അരിച്ചെടുക്കണം. ഇത് രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം കുടിക്കുക. പഞ്ചസാര ചേർത്ത പാക്കറ്റ് ജ്യൂസുകൾ ഒഴിവാക്കി, ശുദ്ധമായ ഫ്രഷ് ജ്യൂസിന് പ്രാമുഖ്യം നൽകുക.
ചീര നെല്ലിക്ക: ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ചീര. പച്ച ചീരയിലയിൽ ഫോളേറ്റും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്കയോടൊപ്പം ചേർക്കുമ്പോൾ ഗുണം കൂടും. കഴുകിയ ചീരയിലകൾ, ഒരു നെല്ലിക്ക, ഒരു വാഴപ്പഴം, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇളം ചീരയിലകൾ ഉപയോഗിച്ച് ഈ മൃദലമായ പാനീയം തയ്യാറാക്കാം.
ഈന്തപ്പഴം ശർക്കര പാൽ: ഈന്തപ്പഴത്തിൽ ഇരുമ്പും സ്വാഭാവിക പഞ്ചസാരയും ഉണ്ട്. ശർക്കരയിലും കുറഞ്ഞ അളവിൽ ഇരുമ്പുണ്ട്. സാധാരണ പാൽ അല്ലെങ്കിൽ സസ്യജന്യമായ പാൽ ചൂടാക്കി, അരിഞ്ഞ ഈന്തപ്പഴവും ഒരു സ്‌പൂൺ ശർക്കരയും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. രാത്രി ഉറങ്ങുന്നതിന് മുമ്പ് ചൂടോടെ കുടിക്കുന്നത് നല്ല ഉറക്കത്തിനും സഹായകമായേക്കും.
എള്ള് ശർക്കര: കറുത്ത എള്ളിൽ ഇരുമ്പും കാൽസ്യവും ധാരാളമുണ്ട്. പലയിടത്തും ഇത് ശർക്കരയോടൊപ്പം ഉപയോഗിക്കാറുണ്ട്. എള്ള് വറുത്ത് പൊടിച്ച് പേസ്‌റ്റ് രൂപത്തിലാക്കുക. ഇത് ചെറുചൂടുവെള്ളത്തിൽ ശർക്കരയോടൊപ്പം കലക്കി നന്നായി ഇളക്കുക. ആഹാരശേഷം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാനീയം കുടിക്കാവുന്നതാണ്.
ഈ പാനീയങ്ങൾ നട്‌സ്, വിത്തുകൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളെ പിന്തുണയ്ക്കുന്നവയാണ്. മിക്ക ആരോഗ്യമുള്ള മുതിർന്നവർക്കും ഇത് സുരക്ഷിതമാണ്. എന്നാൽ വൃക്കരോഗം, പ്രമേഹം, അല്ലെങ്കിൽ മരുന്ന് കഴിക്കുന്നവർ എന്നിവർ ഡോക്‌ടറെ സമീപിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹീമോഗ്ലോബിൻ അളവ് നിരീക്ഷിക്കാൻ പതിവായ രക്തപരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ് താനും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications