ഈ സൂപ്പുകൾ പതിവായി കുടിച്ചാൽ 'നല്ല ഫിറ്റ്' ആയി മാറാം! ഇവ തടി കുറയ്ക്കാൻ ഏറ്റവും അനുയോജ്യം, ഏതൊക്കെ?
തടി കുറയ്ക്കാൻ കൃത്യമായ ഡയറ്റുകൾ പിന്തുടരുന്ന ആളുകളാണ് നാമൊക്കെ. എന്നാൽ അതുകൊണ്ട് മാത്രം തടി കുറയുമോ. കേവലം ജിമ്മിലെ വർക്ക്ഔട്ടും ഭക്ഷണ ക്രമീകരണവും മാത്രം അതിന് പോരാ. നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ സമീകൃതമാക്കുക കൂടി വേണം. അങ്ങനെ വരുമ്പോഴാണ് അത് ശരീരത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുക. അതിനായി നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഏറ്റവും നല്ല വഴിയാണ് സൂപ്പുകൾ കുടിക്കുക എന്നത്.
തടി കുറയ്ക്കാൻ സഹായിക്കുന്ന, ശരീരത്തിന് ഏറ്റവും അനുയോജ്യമായ സൂപ്പുകൾ ഒരുപാട് എന്നുമുണ്ട്. ഇവയിൽ പ്രധാനമായും കൂടുതലും പച്ചക്കറികളും കുറഞ്ഞ കൊഴുപ്പ് അളവുള്ള ചിക്കൻ എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. താഴെ ചില പ്രധാന സൂപ്പുകൾ ഏതൊക്കെ എന്ന് നോക്കാം. ഇവ നിങ്ങളുടെ തടി കുറയ്ക്കാൻ സഹായിക്കുകയും വിശപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. അതുകൊണ്ട് ഇവ ശീലമാക്കിയാൽ ഫലം ഉറപ്പാണ്.

വെജിറ്റബിൾ സൂപ്പ്: കാരറ്റ്, ബീൻസ്, കാബേജ്, ബ്രോക്കോളി, സീമക്കോസ്, തക്കാളി, ഉള്ളി, വെളുത്തുള്ളി എന്നിവയാണ് ഇതിലെ ചേരുവകൾ. കുറഞ്ഞ കലോറി അടങ്ങിയതിനാലും ഫൈബർ ധാരാളം ഉള്ളതിനാലും വിശപ്പ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകുകയും ചെയ്യുന്നു. പച്ചക്കറികൾ ചെറുതായി അരിഞ്ഞ്, കുറഞ്ഞ എണ്ണയിൽ (അല്ലെങ്കിൽ എണ്ണയില്ലാതെ) വെളുത്തുള്ളി, ഉള്ളി എന്നിവ മൂപ്പിച്ച്, വെള്ളം ചേർത്ത് തിളപ്പിച്ച്, ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുന്നത് വഴി എളുപ്പത്തിൽ തയ്യാറാക്കാം.
ലെന്റിൽ സൂപ്പ്: ഇതിൽ പ്രധാനമായും ചെറുപയർ, മസൂർ പരിപ്പ്, തക്കാളി, കാരറ്റ്, ജീരകം, മഞ്ഞൾ, ഇഞ്ചി എന്നിവയാണ് ഉള്ളത്. പ്രോട്ടീനും ഫൈബറും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിശപ്പ് ദീർഘനേരം അടക്കിനിർത്തുവാൻ ഇത് സഹായിക്കുന്നു. ഇതിൽ കൊഴുപ്പ് കുറവാണ്, കൂടാതെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പരിപ്പ് വേവിച്ച്, പച്ചക്കറികളും മസാലകളും ചേർത്ത് തിളപ്പിക്കുക. ഒലിവ് ഓയിൽ അൽപ്പം മാത്രം ഉപയോഗിക്കാം.
ചിക്കൻ ക്ലിയർ സൂപ്പ്: ചിക്കൻ (കൊഴുപ്പ് നീക്കിയത്), കാരറ്റ്, സെലറി, ഉള്ളി, വെളുത്തുള്ളി, കുരുമുളക് എന്നിവയാണ് ഇതിലെ ചേരുവകൾ. ഉയർന്ന പ്രോട്ടീൻ, കുറഞ്ഞ കലോറി എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ. ഇത് മാംസപേശികളെ പരിപോഷിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ചിക്കൻ വേവിച്ച്, കൊഴുപ്പ് നീക്കി, പച്ചക്കറികളും മസാലകളും ചേർത്ത് ലഘുവായി തിളപ്പിക്കുക. ഇതിലൂടെ എളുപ്പത്തിൽ ഈ സൂപ്പ് തയ്യാറാക്കാം.
കക്കിരി-സ്‌പിനാച്ച് സൂപ്പ്: കക്കിരി, സ്‌പിനാച്ച്, തൈര്, വെളുത്തുള്ളി, പുതിനയില.
വളരെ കുറഞ്ഞ കലോറിയുള്ള ഈ സൂപ്പ് ശരീരത്തെ തണുപ്പിക്കുന്നു. കൂടാതെ എപ്പോഴും ജലാംശം നിലനിർത്തുന്നു. അതിന് പുറമേ ആന്റി-ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഈ സൂപ്പിൽ. കക്കിരിയും സ്‌പിനാച്ചും അരച്ച്, തൈര് ചേർത്ത് തണുപ്പിച്ച് കഴിക്കുക മാത്രം ചെയ്‌താൽ മതി, ഫലം പെട്ടെന്ന് ഉറപ്പാവും.
കാബേജ് സൂപ്പ്: ഇതിൽ അധിക ചേരുവകൾ ആവശ്യമില്ല, കേവലം കാബേജ്, തക്കാളി, ഉള്ളി, കാരറ്റ്, ബെൽ പെപ്പർ, മഞ്ഞൾ, കുരുമുളക് എന്നിവ മാത്രമേ വേണ്ടൂ. വളരെ കുറഞ്ഞ കലോറിയും ഫൈബർ ഉയർന്നതുമായതിനാൽ ഇത് ഉത്തമമാണ്. കൂടാതെ ശരീരത്തിലെ വിഷാംശം നീക്കാൻ സഹായിക്കുന്നു.
എല്ലാ ചേരുവകളും വെള്ളത്തിൽ തിളപ്പിച്ച്, മസാലകൾ ചേർത്ത് ലഘുവായ സൂപ്പ് തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications