മയോണൈസ് കഴിച്ചാൽ ഗുണമാണോ ദോഷമാണോ? ഇതൊന്നും അറിയാതെ വലിച്ചുവാരി തിന്നരുത്! കാരണമുണ്ട്
നമ്മുടെ നാട്ടിൽ അടുത്തകാലത്തായി പേടി സ്വപ്‌നമായി മാറിയ ചില ഭക്ഷണങ്ങളുണ്ട്. ചെറുപ്പക്കാർ ഏറ്റവും കൂടുതൽ കഴിക്കുന്നതും എന്നാൽ അടിക്കടി വാർത്തകളിൽ വരുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ ആണിവ. അതിൽ പ്രധാനികളാണ് ശവര്മ്മയും മയോണൈസും ഒക്കെ. മന്തിയും ഈ ഗണത്തിൽപ്പെടുമെങ്കിലും കൂടുതലായി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കപ്പെട്ടത് മേൽപറഞ്ഞ ഭക്ഷണങ്ങളിൽ നിന്നാണ്.
ഷവർമ്മ നമ്മൾ കഴിക്കുന്ന വിഭവമാണെങ്കിൽ മയോണൈസ് ഒരിക്കലും അങ്ങനെയല്ല. വിവിധ ഭക്ഷണങ്ങൾക്ക് ഒപ്പം രുചി പകരാനായി ചേർക്കുന്ന സൈഡ് ഡിഷ് ആണിതെങ്കിലും പലർക്കും ഇതില്ലാതെ പറ്റില്ലെന്ന സ്ഥിതി ആയിട്ടുണ്ട്. ഹോട്ടലുകളിൽ ധാരാളമായി ഇത് ഉപഭോക്താക്കളെ ആകർഷിക്കാനായി ഉണ്ടാക്കി നൽകുകയും ചെയ്യുന്നുണ്ട്. ചിലരാവട്ടെ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കുന്നുമുണ്ട്.

എന്നാൽ പലപ്പോഴും ആളുകൾ ഉന്നയിക്കുന്ന പ്രധാന ചോദ്യമാണ് ഇതിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ. എല്ലാരും വലിച്ചുവാരി തിന്നുമ്പോഴും അതിന്റെ ഗുണങ്ങളെ കുറിച്ചോ ദോഷങ്ങളെ കുറിച്ചോ അവബോധം ഇല്ല എന്നതാണ് യാഥാർഥ്യം. മയോണൈസ് അപകടകാരി ആവാൻ കാരണങ്ങൾ ഏറെയുണ്ട്. എങ്കിലും അതിന്റെ രുചിയാണ് കൂടുതൽ പേരെയും മയക്കുന്നത്.
ഉയർന്ന കൊഴുപ്പും കലോറിയും അടങ്ങിയ മയോണൈസ് പലപ്പോഴും വിവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. കൂടാതെ മുട്ട ചേർത്ത് തയ്യാറാക്കുന്നതിനായി തന്നെ മയോണൈസ് എളുപ്പത്തിൽ കേടാകുകയും അതുപിന്നീട് ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും, അതിനാൽ ഇവ ശരിയായി സൂക്ഷിക്കേണ്ടതുണ്ട്.
മയോണൈസ് ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങൾ ഇവയൊക്കെ: പൊതുവെ മയോണൈസ് പല വിഭവങ്ങൾക്കും രുചി കൂട്ടുന്നതിനായി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടിൽ സാധാരണയായി എല്ലാ ഹോട്ടലുകളിലും ബർഗർ, പിസ്സ, സാൻഡ്വിച്ച്, ഷവർമ തുടങ്ങിയവയ്ക്ക് ഇത് പ്രധാനമായും ചേർക്കുന്നു. മയോണൈസിന്റെ പ്രധാന ഘടകമായ മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ്.
ഊർജ്ജത്തിന് സഹായകരം: വളരെ കുറച്ച് അളവിൽ ഉപയോഗിച്ചാൽ, അതിൽ അടങ്ങിയ കൊഴുപ്പ് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കും. മാത്രമല്ല ഒലിവ് ഓയിൽ അല്ലെങ്കിൽ അവോക്കാഡോ ഓയിൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസിൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ പരമാവധി ഇത്തരം ഓയിലുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
ഇത് കൂടാതെ കോശങ്ങളെ സംരക്ഷിക്കുകയും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയുടെ ഉറവിടമാണ് മയോണൈസ്. ഒപ്പം മയോണൈസിലെ കൊഴുപ്പുകളുടെ സാന്നിധ്യം മറ്റ് ഭക്ഷണങ്ങളിൽ നിന്ന് വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ ശരീരത്തെ വളരെയധികം സഹായിക്കും.
ദോഷങ്ങൾ ഇവയൊക്കെ: മയോണൈസ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാനും അമിതവണ്ണം വരാനും കാരണമാകും. നല്ല എണ്ണ അല്ല ഉപയോഗിക്കുന്നതെങ്കിൽ മയോണൈസിലെ പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത ഉയർത്തുകയും ചെയ്യുന്നു.
കൂടാതെ അമിതമായ മയോണൈസ് ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും, രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യാം.
മുട്ടയോട് അലർജിയുള്ളവർക്ക് മയോണൈസ് അപകടകാരിയാണ്. വീട്ടിൽ തയ്യാറാക്കുന്ന മയോണൈസ് ശരിയായി സൂക്ഷിക്കാതെ ഉപയോഗിച്ചാൽ ബാക്റ്റീരിയ വളരാനും അതുവഴി ഭക്ഷ്യവിഷബാധ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് വേവിക്കാത്ത മുട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന മയോണൈസിൽ സാൽമൊണെല്ല പോലുള്ള ബാക്റ്റീരിയ ഉണ്ടാകാം. ഇത് വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് വഴിയൊരുക്കുന്നതാണ്.












Click it and Unblock the Notifications