നെല്ലിക്കാ തളം മാത്രമല്ല അതിന്റെ ജ്യൂസും ബഹുകേമം; ഇത്രയധികം ഗുണങ്ങളോ? ബിപി പോലും നിയന്ത്രിക്കും
നമ്മുടെ നാട്ടിൽ തന്നെ സുലഭമായ ഒട്ടേറെ ഔഷധ ഗുണമുള്ള ഭക്ഷ്യ വസ്‌തുവാണ് നെല്ലിക്ക. ഇത്രയധികം ഗുണങ്ങൾ ഒന്നിച്ച് ചേർന്ന മറ്റൊരു വസ്‌തുവും നിങ്ങൾക്ക് കാണാനാവില്ല. നമ്മുടെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒരുപാട് ധാതുക്കളും വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയുടെ ഗുണങ്ങളെ കുറിച്ച് പറഞ്ഞു തീർക്കാൻ കുറച്ചു വാക്കുകൾ മതിയാവില്ല.
വിറ്റാമിൻ സിയുടെ സമ്പന്ന ഉറവിടമാണ് നെല്ലിക്ക. ഇതിൽ വിറ്റാമിൻ ബി, എ, ഇരുമ്പ്, കാത്സ്യം, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നേത്രരോഗങ്ങൾ, ഉദരസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ശമിപ്പിക്കാൻ ഏറെ ഗുണം ചെയ്യും. എന്നാൽ ഇത് മാത്രമല്ല വേറെയും ഗുണങ്ങൾ നെല്ലിക്കയ്ക്ക് ഉണ്ട്, അവ എന്തൊക്കെയെന്ന് നോക്കാം.

ചർമ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമം
നെല്ലിക്കയിലെ ഉയർന്ന വിറ്റാമിൻ സി അളവ് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ആരോഗ്യകരമായ ചർമ്മത്തിന് അത്യന്താപേക്ഷിതമാണ്. ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും തിളക്കമുള്ള നിറം നൽകാനും ഇത് വളരെയധികം സഹായിക്കും. അതിനാൽ തന്നെ ചർമ്മ സംരക്ഷണത്തിൽ ഏറെ പ്രധാനമാണ് നെല്ലിക്കയുടെ ഉപയോഗം.
ദഹന പ്രശ്‌നങ്ങൾക്ക് പരിഹാരം
നെല്ലിക്കയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ, മലബന്ധം തുടങ്ങിയവ അകറ്റാൻ ഗുണം നമ്മെ സഹായിക്കും. ഇതിന് പുറമേ ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ദിവസവും നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നത് ഉദര സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് വലിയ ഗുണമാവും.
മുടിയുടെ ആരോഗ്യത്തിന്
നെല്ലിക്കയിൽ വൈറ്റമിൻ സിയും ആന്റി ഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യം ഇത് നിലനിർത്താൻ സഹായിക്കും. താരൻ, നര എന്നിവ തടയാൻ നെല്ലിക്ക ഫലപ്രദമായ മരുന്നാണ്. മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടിയുടെ തിളക്കം, ബലം എന്നിവ വർദ്ധിപ്പിക്കാനും നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക സഹായിക്കുന്നു. ദിവസവും ഒഴിഞ്ഞ വയറ്റിൽ നെല്ലിക്ക വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത തടയുകയും ചെയ്യുന്നു.
മറ്റ് ഗുണങ്ങൾ
നെല്ലിക്ക ജ്യൂസിനൊപ്പം ഇഞ്ചി ചേർത്ത് കഴിക്കുന്നത് തൊണ്ടയുടെ ആരോഗ്യത്തിന് നല്ലതാണു. നിങ്ങളുടെ എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിക്കാനും നെല്ലിക്ക ജ്യൂസ് സഹായിക്കും. ഓർമ്മക്കുറവുള്ളവർ സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക സ്‌ഥിരമായി കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർധിപ്പിച്ച് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ പ്രാപ്‌തമാക്കും.
ഇത് കൂടാതെ എല്ലാ ദിവസവും ഒരു ഗ്ലാസ്സ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വാതരോഗങ്ങൾക്ക് ഉത്തമമായ ഔഷധമാണ്. നമ്മെ നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങളായ ആസ്‌മയും ബ്രോങ്കയിറ്റിസും മാറാൻ സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ വേറെയും ഒട്ടേറെ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്‌തവം.












Click it and Unblock the Notifications