തേൻ കഴിച്ചാൽ ഇത്രയും ഗുണങ്ങളോ? തണുത്ത കാലാവസ്ഥയിൽ അത്യുത്തമം, ചർമ്മത്തിനും ഫലം കിട്ടും, എങ്ങനെ?
ശൈത്യകാലം പലപ്പോഴും ചിലർക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ ഭയക്കേണ്ട സമയങ്ങളിൽ ഒന്നാണ്. അലർജി അടക്കമുള്ള പ്രശ്‌നങ്ങൾ കൂടുതലായി വരുന്നത് ഈ സമയത്താണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് നമ്മുടെ ആരോഗ്യം നന്നായി സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. അത്തരത്തിൽ ഈ ശൈത്യകാലത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ നിങ്ങളുടെ ആരോഗ്യം നന്നായി വരാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് തേൻ കഴിക്കുക എന്നത്. നമ്മളെ അലട്ടുന്ന ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ് തേൻ. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും നല്ല ഔഷധങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. എങ്കിലും തേനിന്റെ ശുദ്ധത കൂടി ഈ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്. കാരണം മായം ചേർത്തും മറ്റും വ്യാജമായി ഉണ്ടാക്കി തേനുകൾ വിപണിയിൽ സുലഭമാണ്.

യഥാർത്ഥ പ്രകൃതിദത്ത തേൻ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുമെന്നാണ് പൊതുവെ പറയാറുള്ളത്. ഏതെങ്കിലും ഒരു രോഗത്തിനോ ശാരീരിക അവസ്ഥയ്‌ക്കോ മാത്രമുള്ള പരിഹാരമല്ല തേൻ. മറിച്ച് ഒട്ടേറെ ബുദ്ധിമുട്ടുകൾ മാറാനും ആരോഗ്യം മെച്ചപ്പെടുത്താനും തേൻ നമ്മളെ സഹായിക്കും. എങ്ങനെയാണ് തേൻ ഇത്തരത്തിൽ നമുക്ക് ഗുണമാവുക എന്നും അതിന്റെ സവിശേഷതകളും അറിയാം.
രോഗപ്രതിരോധ ശേഷി കൂട്ടും
നിങ്ങളുടെ രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ നല്ല വസ്‌തുവാണ് തേൻ. ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്റ്റീരിയൽ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ളതാണ് തേൻ. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ തേൻ സഹായിക്കുന്നു.
ഊർജത്തിന്റെ ഉറവിടം
ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്ന വസ്‌തു കൂടിയാണ് തേൻ. പ്രകൃതിദത്ത എനർജി ബൂസ്‌റ്റർ എന്നാണ് അതുകൊണ്ട് തന്നെ തേനിനെ വിളിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തിൽ പ്രവേശിച്ച് വേഗത്തിൽ മനുഷ്യ ശരീരത്തിന് ഊർജം നൽകുന്നതിനാലാണ് ഈ പേര് വന്നത്. നിങ്ങൾ അതിരാവിലെ കുടിക്കുന്ന പാനീയങ്ങളിൽ പഞ്ചസാരയ്ക്ക് പകരമായി തേൻ ചേർക്കുന്നത് നല്ലതാണ്.
ചുമയ്‌ക്കുള്ള പ്രതിവിധി
ഏറെനാളായി അലട്ടുന്ന ചുമയ്ക്കുള്ള പ്രതിവിധിയായി തേൻ പണ്ട് മുതൽക്കേ ഉപയോഗിക്കാറുണ്ട്. വിട്ടുമാറാത്ത ചുമയെ ശമിപ്പിക്കാനുള്ള ശക്തി തേനിനെ വേറിട്ട് നിർത്തുന്നു. തേനിലെ ആന്റി മൈക്രോബയൽ ഗുണങ്ങൾ തൊണ്ടയിലെയും ശ്വാസകോശത്തിലെയും ബാക്റ്റീരിയ അണുബാധകളെ നശിപ്പിക്കുന്നു.തേനിന്റെ മറ്റൊരു ഗുണങ്ങളിൽ ഒന്നായി ഇതും മാറുന്നു.
ചർമ്മത്തിന് നല്ലത്
ശൈത്യകാലത്ത് നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്ന ബുദ്ധിമുട്ടാണ് ചർമ്മം വരണ്ടുണങ്ങുന്നത്. ഇതിന് വലിയൊരു പരിഹാരമാണ് തേൻ. ഇത് നിങ്ങളുടെ ചർമ്മത്തിന് ആർദ്രത നൽകുകയും വരണ്ട ചർമ്മത്തെ പുതിയ രൂപത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. കൂടാതെ ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും തേൻ നിങ്ങളെ സഹായിക്കും.


Click it and Unblock the Notifications