പുഴുങ്ങിയ മുട്ട എത്ര നാൾ വരെ കേടാകാതെ ഇരിക്കും? മുട്ട ഫ്രീസറിൽ വേണോ സൂക്ഷിക്കാൻ? അറിയാം
ഇന്നത്തെ കാലത്ത് ജിമ്മിൽ പോകുന്നവരുടെ പ്രിയ ഭക്ഷണമാണ് മുട്ട. ഇനി ജിമ്മിലൊന്നും പോകാത്തവർ ആണെങ്കിലും ദിവസം ഒരു പുഴുങ്ങിയ മുട്ടയെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാകും പലരും. തിരക്ക് പിടിച്ചുളള ഓട്ടത്തിനിടയിൽ ഒരാഴ്ചത്തേക്കുളള മുട്ട ഒരുമിച്ച് പുഴുങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരും ഉണ്ടാകും.
എന്നാൽ പുഴുങ്ങിയ മുട്ട ഇങ്ങനെ ദിവസങ്ങളോളം വെക്കുന്നത് നല്ലതാണോ. പുഴുങ്ങിയ മുട്ട എത്ര ദിവസം വരെ സുരക്ഷിതമായി കഴിക്കാനാകും. ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ പുഴുങ്ങിയ മുട്ട കേടാകുമോ? അറിയാം..
നന്നായി പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ വെച്ചാൽ 7 ദിവസം വരെ കേട് കൂടാതെയിരിക്കും എന്നാണ് യുഎസ്ഡിഎ വ്യക്തമാക്കുന്നത്. സാധാരണയായി നമ്മൾ മുട്ട പുഴുങ്ങുമ്പോൾ അതിന്റെ തോടിന് പുറത്തുളള സ്വാഭാവിക സംരക്ഷണ പാളി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് പുഴുങ്ങിയ മുട്ട അധികനേരം പുറത്ത് വെക്കാതിരിക്കുന്നതാണ് നല്ലത്. കാരണം പുറത്ത് വെക്കുമ്പോൾ ബാക്ടീരിയ ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പുഴുങ്ങിയ മുട്ട ഒന്നോ രണ്ടോ മണിക്കൂറിനുളളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുന്നതാണ് നല്ലത്.

മുട്ട തോട് കളഞ്ഞതാണോ തോടോട് കൂടിയത് ആണോ കൂടുതൽ സമയം കേടാകാതെ ഇരിക്കുന്നത്. തോടുള്ള മുട്ടകളാണ് കൂടുതൽ സമയം പുതിയതുപോലെ ഇരിക്കുന്നത്. പുഴുങ്ങിയ മുട്ട ചൂടാറിയതിന് ശേഷം ഒരു എയർടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കാം. ഇനി തോട് കളഞ്ഞ മുട്ടയാണ് എങ്കിൽ ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പോകാതിരിക്കാൻ നോക്കണം. ഒന്നുകിൽ പാത്രത്തിനുളളിൽ നനഞ്ഞ ടിഷ്യു പേപ്പർ വെച്ച് അതിന് മുകളിൽ മുട്ട വെച്ച് അടച്ച് വെക്കുക. അല്ലെങ്കിൽ വെള്ളത്തിലിട്ട് വേണം വെക്കാൻ.
മുട്ട ഒരുമിച്ച് പുഴുങ്ങി വെക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടെങ്കി എപ്പോഴും പുഴുങ്ങി കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുക. കൂടുതൽ സമയം പുറത്തുവെച്ചാൽ ബാക്ടീരിയകൾ പെരുകാൻ സാധ്യതയുണ്ട്. അടപ്പുള്ള നല്ല പാത്രങ്ങളിൽ സൂക്ഷിക്കുന്നത് മുട്ട ഉണങ്ങിപ്പോകാതിരിക്കാനും ദുർഗന്ധം വരാതിരിക്കാനും സഹായിക്കും.
മുട്ട ഫ്രിഡ്ജിന്റെ വാതിലിലെ ഷെൽഫിൽ വെക്കരുത്. നല്ല തണുപ്പ് കിട്ടുന്ന തട്ടുകളിൽ വേണം വെക്കാൻ. ഫ്രിഡ്ജിൽ വെച്ചിരിക്കുന്നു എന്നത് കൊണ്ട് ഒരാഴ്ചയിൽ കൂടുതൽ മുട്ട സൂക്ഷിക്കരുത്. ചിലപ്പോൾ ഇതൊക്കെ ചെയ്താലും മുട്ട കേടായെന്ന് വരാം. അങ്ങനെ സംശയം തോന്നിയാൽ ഒരിക്കലും കഴിക്കരുത്. മുട്ട ഫ്രീസറിൽ സൂക്ഷിക്കുന്നതും നല്ലതല്ല. ഫ്രീസറിന്റെ തണുപ്പിൽ മുട്ടയുടെ വെള്ള റബ്ബർ പോലെയാകുകയും രുചി നഷ്ടപ്പെടുകയും ചെയ്യും. എപ്പോഴും മുട്ട ഫ്രഷ് ആയി കഴിക്കുന്നത് തന്നെയാണ് രുചിക്കും ആരോഗ്യത്തിനും നല്ലത്.



Click it and Unblock the Notifications
