കറ പിടിച്ച പ്ലാസ്റ്റിക് ബക്കറ്റ് പുതിയത് പോലെ തിളങ്ങും, ഏത് കറയും മിന്നൽ വേഗത്തിൽ കളയാൻ 5 വഴികൾ
വീട്ടിലെ ബാത്ത്റൂമിലും മറ്റും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബക്കറ്റ്. ഏറെക്കാലം ഉപയോഗിക്കുമ്പോൾ ബക്കറ്റിന്റെ നിറം മങ്ങിപ്പോകാറുണ്ട്. സോപ്പിന്റെയും കുളിക്കുമ്പോൾ ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങളുടേയും പൈപ്പ് വെള്ളത്തിന്റെയും ഒക്കെ കറയും അഴുക്കും കാരണം ബക്കറ്റിന്റെ നിറം പോയി മഞ്ഞ നിറമാകാറുണ്ട്.
ബക്കറ്റിന് കേടുപാടുകളൊന്നും കാണില്ല. പക്ഷേ ബക്കറ്റ് കാഴ്ചയിൽ വളരെ വൃത്തികേടായിട്ടിരിക്കുന്നത് പോലെ തോന്നും. നിങ്ങളുടെ അടുക്കളയിൽ തന്നെ ഉളള ചില സാധനങ്ങൾ ഉപയോഗിച്ച് ബക്കറ്റിലെ കറമാറ്റി പുത്തൻ ലുക്ക് നൽകാം. പ്ലാസ്റ്റിക് ബക്കറ്റുകൾ വൃത്തിയാക്കാൻ ചില എളുപ്പവഴികളിതാ..

1. വിനാഗിരിയും ബേക്കിംഗ് സോഡയും
കുഴൽക്കിണർ വെള്ളമൊക്കെ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നമാണ് ബക്കറ്റിൽ വളരെ പെട്ടെന്ന് കറ പിടിക്കുന്നത്. ഇതിനൊരു മികച്ച പരിഹാരമാണ് വിനാഗിരിയും ബേക്കിംഗ് സോഡയും. ആദ്യം ബക്കറ്റിലെ കറയുന്ന ഭാഗത്ത് കുറച്ച് വിനാഗിരി ഒഴിച്ച് കുറച്ച് നേരെ വെക്കുക. അതിന് ശേഷം ആ ഭാഗങ്ങളിൽ ബേക്കിംഗ് സോഡ വിതറി ഒരു സ്പോഞ്ച് ഉപയോഗിച്ച് പതുക്കെ തിരുമ്മി കഴുകുക. എന്നിട്ട് കഴുകിയാൽ കറ പോയിക്കിട്ടും.
2. നാരങ്ങയും ഉപ്പും
ബക്കറ്റിലെ പഴകിയ മഞ്ഞക്കറ കളയാൻ നാരങ്ങയും ഉപ്പും സഹായിക്കും. ഒരു നാരങ്ങ പകുതിയായി മുറിച്ച് അതിൽ അല്പം ഉപ്പ് വിതറുക. ഇത് ബക്കറ്റിലെ മഞ്ഞക്കറയുള്ള ഭാഗങ്ങളിൽ നന്നായി ഉരയ്ക്കുക. കുറച്ചു സമയം കഴിഞ്ഞ് സ്പോഞ്ച് ഉപയോഗിച്ച് തുടച്ച് നല്ല വെള്ളത്തിൽ കഴുകുക.
3. ടൂത്ത് പേസ്റ്റ്
നമ്മൾ സാധാരണ പല്ല് തേക്കാൻ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് കുറച്ച് എടുത്ത് ബക്കറ്റിലെ കറയുളള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം സ്പോഞ്ചോ തുണിയോ എടുത്ത് ഈ ഭാഗം ഉരച്ച് കഴുകുക. ശക്തിയായി ഉരച്ച് പ്ലാസ്റ്റികിൽ വര വീഴാതിരിക്കാൻ ശ്രദ്ധിക്കുക.
4. ഡിഷ് വാഷിംഗ് ലിക്വിഡ്
അധികം പഴക്കമില്ലാത്ത കറകളാണെങ്കിൽ അത് കളയാൻ നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിഡ് മതിയാകും. അൽപം വെള്ളത്തിൽ കലർത്തി സ്പോഞ്ച് ഉപയോഗിച്ച് ബക്കറ്റിന്റെ ഉൾഭാഗവും പുറംഭാഗവും തുടയ്ക്കുക.
ബക്കറ്റിന്റെ പിടി, അടിഭാഗം തുടങ്ങിയ ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് വൃത്തിയാക്കുക.
5. പഞ്ചസാരയും ഐസ് ക്യൂബും
ബക്കറ്റിലെ കറയുള്ള ഭാഗത്ത് അല്പം പഞ്ചസാര വിതറി അതിനുമുകളിലേക്ക് കുറച്ച് ഡിഷ് വാഷിംഗ് ലിക്വിഡ് ഒഴിക്കുക. ഇനി ഒരു ഐസ് ക്യൂബ് ഉപയോഗിച്ച് പതുക്കെ തിരുമ്മുക. ബക്കറ്റിന് മേലെ പോറലുകൾ വീഴാതെ തന്നെ അഴുക്ക് പൂർണ്ണമായി ഇളകിപ്പോകാൻ ഇത് സഹായിക്കും.



Click it and Unblock the Notifications
