പൂ പോലെയുള്ള ചർമ്മം എന്ന് വെറുതെ പറയുന്നതല്ല; ഇവ തന്നെ അതിന് ഉത്തരം നൽകും, കാരണം അറിയണ്ടേ?
എത്ര തന്നെ നമ്മൾ നിഷേധിച്ചാലും, അല്ലെന്ന് പറഞ്ഞാലും ഈ കാലത്തും മനുഷ്യ സ്വഭാവമനുസരിച്ച്, ആദ്യം കാണുമ്പോൾ മുഖ സൗന്ദര്യം ഒരു വ്യക്തിയെക്കുറിച്ചുള്ള ആദ്യ മതിപ്പിനെ സ്വാധീനിക്കുന്ന കാര്യം തന്നെയാണ്. സമൂഹം പലപ്പോഴും ശാരീരിക രൂപത്തിന് പ്രാധാന്യം നൽകുന്നു, പ്രത്യേകിച്ച് മാധ്യമങ്ങൾ, സിനിമ, പരസ്യങ്ങൾ എന്നിവയിലൂടെയാണ് ഇത് ഊട്ടിയുറപ്പിക്കുന്നത്. അത് നമുക്ക് ഏത് കാലത്തും പ്രകടമായ കാര്യങ്ങളിൽ ഒന്നാണ്.
മുഖ സൗന്ദര്യം ആകർഷണീയതയുടെ പ്രധാന മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ഒരു നാടാണ് നമ്മുടേത്. എല്ലാവരും ഇല്ലെങ്കിൽ കൂടി ഒരു വലിയ വിഭാഗം ആളുകൾ ഇപ്പോഴും സൗന്ദര്യത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ചിലർ എങ്കിലും വ്യക്തിത്വം, ബുദ്ധി, അല്ലെങ്കിൽ ധാർമിക മൂല്യങ്ങൾക്കാണ് മുൻഗണന നൽകാറുള്ളത്. പറഞ്ഞുവന്നത് മുഖ സൗന്ദര്യം മാത്രമല്ല നമ്മുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകം എന്നതാണ്.

ഇതൊക്കെയും പറയുമ്പോഴും ഇടയ്ക്കിടെ കണ്ണാടി നോക്കുന്ന ആളുകളാണ് നമ്മളൊക്കെ. അതിന്റെ കാരണം കാലങ്ങളായി നമുക്ക് ഇടയിൽ നിലനിൽക്കുന്ന ഇത്തരം ചിന്താഗതികളാണ്. മാത്രമല്ല ചിലർക്ക് മുഖ സൗന്ദര്യം അവരുടെ ആത്മവിശ്വാസത്തിന്റെ കൂടി അടയാളമാണ്. അതിനാൽ തന്നെ അവർ അതിന് വലിയ പ്രാധാന്യം നൽകുന്നു. അങ്ങനെ വരുമ്പോൾ നമുക്ക് അവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? ഒരിക്കലും അതിന് കഴിയില്ല.
എങ്കിലും പരമാവധി മുഖ സൗന്ദര്യം വർധിപ്പിക്കാൻ കെമിക്കലുകൾ, മറ്റ് മരുന്നുകൾ എന്നിവയുടെ സഹായം തേടുന്നതാണ് ഉചിതം. അങ്ങനെ നോക്കുമ്പോൾ പ്രകൃതിദത്തമായ കാര്യങ്ങൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായ വഴി. അതിനായി ഇത്തവണ ചില പൂക്കളുടെ ഉപയോഗമാണ് നിങ്ങൾ നടത്തേണ്ടത്. അതും നമ്മുടെ വീട്ടിലോ പരിസരത്തോ ലഭിക്കുന്നവ തന്നെയാണ് ഇതിൽ ഏറെയും. അവ ഏതൊക്കെയെന്നും എന്തൊക്കെയാണ് പ്രത്യേകത എന്നും നോക്കും.
ചെമ്പരത്തി: ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തെ പ്രായമാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. ചെമ്പരത്തി ഇതളുകളുടെ പേസ്‌റ്റ് മുഖത്ത് പുരട്ടിയാൽ ചർമ്മത്തിന് തിളക്കം കിട്ടും. ചെമ്പരത്തി ചായ മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചർമ്മത്തിന്റെ എണ്ണമയം നിയന്ത്രിക്കുക, സുഷിരങ്ങൾ വൃത്തിയാക്കുക, മുഖക്കുരു കുറയ്ക്കുക എന്നിങ്ങനെയാണ് ഇവയുടെ പ്രധാന ജോലികൾ.
റോസാപ്പൂ: ആന്റിബാക്റ്റീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിന് ധാരാളമുണ്ട്. ഇത് ചർമ്മത്തെ ശാന്തമാക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. റോസ് വാട്ടർ ടോണറായി ഉപയോഗിക്കാം. റോസ് ഇതളുകളുടെ പേസ്‌റ്റ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് മൃദുത്വം നൽകും. മുഖക്കുരു ചികിത്സിക്കുക, ചർമ്മത്തിന് തിളക്കം നൽകുക എന്നിവയ്ക്ക് ഉത്തമമാണ്.
ലാവെൻഡർ: ആന്റിസെപ്റ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. ചർമ്മത്തെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ലാവെൻഡർ എണ്ണ ചർമ്മത്തിൽ പുരട്ടുന്നത് മുറിവുകൾ, പൊള്ളലുകൾ എന്നിവയ്ക്ക് ഗുണം ചെയ്യും. ലാവെൻഡർ വെള്ളം മുഖം വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതുമാണ്.
മുല്ലപ്പൂ: നിങ്ങളുടെ ചർമ്മത്തിന് ഈർപ്പം നൽകുകയും മൃദുവാക്കുകയും ചെയ്യുന്നു. ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉണ്ട്. മുല്ലപ്പൂ എണ്ണ മസാജിന് ഉപയോഗിക്കാം. മുല്ലപ്പൂ ഇതളുകളുടെ പേസ്‌റ്റ് മുഖത്ത് പുരട്ടുന്നതും ചർമ്മത്തിന് തിളക്കം നൽകും. വരണ്ട ചർമ്മം മൃദുവാക്കുക ഉൾപ്പെടെയുള്ള ഒട്ടേറെ ഗുണങ്ങൾ ഇവയ്ക്ക് സ്വന്തമായുണ്ട്.
ചെണ്ടുമല്ലി: ഇതിനും ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുണ്ട്. മുറിവുകൾ ഉണക്കാനും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ചെണ്ടുമല്ലി ഇതളുകളുടെ പേസ്‌റ്റ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. ചെണ്ടുമല്ലി എണ്ണ മുറിവുകൾക്കും പൊള്ളലുകൾക്കും ഉപയോഗിക്കാവുന്നതുമാണ്.












Click it and Unblock the Notifications