വിവാഹം ഒരു ബാധ്യതയാവുമോ..? പേടിക്കേണ്ട, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ചിലവ് ചുരുക്കാം
എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് വിവാഹം. ഒരു സാധാരണ മംഗള കർമ്മത്തിലും അപ്പുറം വിവാഹത്തിന് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി തീരുമാനിക്കാൻ കഴിയും. ശരിയായ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മുതൽ വിവാഹ ചടങ്ങുകൾ വരെ സങ്കീർണമായ ഒട്ടനവധി ഘട്ടങ്ങളിലൂടെ കടന്നുപോയി വേണം നമുക്ക് വിവാഹത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ. ഒരു വിവാഹം നടത്തി പാപപ്പരായവർ നമ്മുടെ നാട്ടിലുണ്ട് എന്ന കാര്യവും മറക്കരുത്. അതിനാൽ തന്നെ വിവാഹത്തെ കുറിച്ചുള്ള പ്ലാനുകൾ നമ്മൾ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണം.
വിവാഹ ചിലവുകൾ കൃത്യമായില്ലെങ്കിൽ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ അധികമായിരിക്കും. വിവാഹം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിൽ കൂടിയും അതിന് വേണ്ടി ചിലവഴിക്കുന്ന പണം പലപ്പോഴും ഡെഡ് മണിയാണെന്ന് നമ്മൾ മറക്കുന്നു. അത്യാഡംബരങ്ങളും, അനാവശ്യ ചിലവുകളും മാറ്റി നിർത്തി വിവാഹത്തിന് തയ്യാറെടുക്കാൻ നിങ്ങൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിയേണ്ടതുണ്ട്.

വിവാഹം ഒരു ആർഭാടമാക്കാതിരിക്കുക
നമ്മുടെ നാട്ടിൽ വിവാഹങ്ങൾ ആർഭാടങ്ങൾ കാണിക്കാനും, സാമ്പത്തിക ശേഷി തെളിയിക്കാനുമുള്ള വേദിയാക്കുന്ന പ്രവണത വല്ലാതെ കൂടി വരുന്നുണ്ട്. പലപ്പോഴും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആവുന്ന ഇത്തരം അനാവശ്യ കാര്യങ്ങൾ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയിലേക്കായിരിക്കും നിങ്ങളെ തള്ളിവിടുക.
മുൻകൂട്ടി ബജറ്റ് തയ്യാറാക്കുക
നിങ്ങൾ വിവാഹത്തിന് ഒരുങ്ങുകയാണെങ്കിൽ തീർച്ചയായും മുൻകൂട്ടി ബജറ്റ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ഉണ്ടാവുന്ന അധിക ചെലവുകളെ മുൻകൂട്ടി കണ്ടുകൊണ്ട് തന്നെ വേണം ഈ ബജറ്റ് തയ്യാറാക്കാൻ. പരമാവധി ഇതിനുള്ളിൽ തന്നെ എല്ലാം ഒതുക്കാൻ ശ്രമിക്കുക. ഒപ്പം ലോൺ പോലെയുള്ള ബാധ്യതകൾ എടുത്ത് വിവാഹം നടത്താതിരിക്കാൻ ശ്രമിക്കുക.
വിവാഹ വേദി
ബജറ്റിന് അനുസരിച്ചുള്ള വിവാഹ വേദി ഒരുക്കുക. സമൂഹ മാധ്യമങ്ങളിലും മറ്റ് കാണുന്ന അത്യാഢംബര ശൈലിയിലുള്ള വിവാഹങ്ങൾ കണ്ട് അവ അനുകരിക്കാൻ ശ്രമിക്കരുത്. കാരണം ഒരു ദിവസത്തെ ആഘോഷത്തിന് വേണ്ടി നിങ്ങൾ ചിലവഴിക്കുന്ന ഈ വൻ തുക ഭാവിയിൽ നിങ്ങളുടെ എത്രയോ വർഷത്തെ അധ്വാനം പാഴാക്കാൻ കെൽപുള്ളതാണെന്ന് ഓർക്കുക.
കല്യാണ സീസൺ ഒഴിവാക്കുക
വിവാഹങ്ങൾ കൂടുതലായും നടക്കുന്ന സീസൺ തിരഞ്ഞെടുക്കാതിരിക്കുക ആയിരിക്കും ഉചിതം. എല്ലാവിധ സൗകര്യങ്ങൾക്കും ഈ ഘട്ടത്തിൽ ഉയർന്ന തുക നിങ്ങൾ നൽകേണ്ടി വരും എന്നത് തന്നെയാണ് പ്രധാന കാരണം.
മേൽനോട്ടത്തിന് വിശ്വസ്‌തരെ ചുമതലപ്പെടുത്തുക
നിങ്ങളുടെ വിവാഹം നിങ്ങൾക്ക് തന്നെ ഒരിക്കലും ഭാരമായി മാറരുത്. സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ വിശ്വസ്‌തരായ വ്യക്തികളെ ഏൽപ്പിച്ച് സ്വന്തം വിവാഹം ആഘോഷമാക്കാൻ പരമാവധി ശ്രമിക്കുക. ഇതിലൂടെ വിവാഹ സമയത്തെ സമ്മർദ്ദം കുറയ്ക്കാനും നിങ്ങൾക്ക് കഴിയും.
ഇത്തരം വിഷയങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വിവാഹവും വലിയ ബാധ്യതകൾ ഇല്ലാതെ നടത്തി തീർക്കാൻ നിങ്ങൾക്ക് കഴിയും. എങ്കിലും പങ്കാളിയുടെ കൂടി അഭിപ്രായം സ്വീകരിച്ചു കൊണ്ട് വേണം ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കാൻ എന്ന കാര്യവും മറക്കരുത്.












Click it and Unblock the Notifications