ട്രെൻഡായി വോൾ ടെക്സ്ചർ- മുറി, വെളിച്ചം, കളർ തീം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം
മുറികൾക്ക് ആകർഷണീയത നൽകുക മാത്രമല്ല, മികച്ച വോൾ ടെക്സ്ചർ വീട്ടുടമയുടെ മനസ്സും ചിന്തയും വരെ വിളിച്ചുപറയും. ഭിത്തിയിൽ എന്തെങ്കിലും നിർമ്മാണപിഴവുകളുണ്ടെങ്കിൽ അതും മറച്ചുവെക്കുന്ന വോൾ ടെക്സ്ചർ ഇപ്പോൾ ട്രെൻഡായി മാറിയിട്ടുണ്ട്. കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ച്, ഓരോ മുറിയുടെയും സ്വഭാവത്തിന് അനുസരിച്ച് ഡിസൈൻ ചെയ്യുന്ന വോൾ ടെക്സ്ചറുകളിൽ ഒരു വീടിന്റെ ആത്മാവ് ഒളിച്ചിരിപ്പുണ്ടെന്ന് തന്നെ പറയാം.
ലിവിങ് റൂം, കിടപ്പുമുറി തുടങ്ങിയ ഓരോ മുറിക്കും ഉപയോഗവും പ്രാധാന്യവും അനുസരിച്ച് വേണം ടെക്സ്ചറുകൾ തെരഞ്ഞെടുക്കാൻ. പുറത്തുനിന്നുള്ള ആളുകളും സ്ഥിരമായി എത്തുന്ന സ്വീകരണമുറി പോലുള്ള ഇടങ്ങളിൽ ഈട് നിൽക്കുന്ന ടെക്സ്ചറുകൾ ആണ് അഭികാമ്യം. കിടപ്പുമുറികളിൽ ശാന്തമായ അന്തരീക്ഷം നൽകുന്നവക്കാണ് പ്രാമുഖ്യം നൽകേണ്ടത്. മുറിയിലെ ലൈറ്റ് ക്രമീകരണത്തിന് ടെക്സ്ചറിന്റെ റേഞ്ച് തന്നെ മാറ്റാൻ കഴിയും. കാരണം പകൽ വെളിച്ചം ടെക്സ്ചറിന്റെ വ്യാപ്തി എടുത്തു കാണിക്കുമ്പോൾ, കൃത്രിമ വെളിച്ചം നിഴലുകൾക്ക് പ്രാധാന്യം നൽകി തികച്ചും വ്യത്യസ്തമായ ഒരു ഭാവം മുറിക്കു നൽകും.

വീടിന്റെ ആകെ ഇന്റീരിയർ ശൈലിയും കളർ തീമും ആയി യോജിച്ചുപോകുന്ന ടെക്സ്ചർ വേണം തെരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് ട്രോപ്പിക്കൽ ശൈലിയിൽ നിർമിച്ച വീടുകളിൽ സ്റ്റോൺ ഫിനിഷ് ടെക്സ്ചർ വന്നാൽ കൂടുതൽ ഭംഗിയായിരിക്കുമെന്ന് ഇന്റീരിയർ ഡിസൈനർമാർ പറയുന്നു. കൂടുതൽ പരിപാലനം ആവശ്യമായ ടെക്സ്ചറാണോ, മിതമായ പരിപാലനം ആവശ്യമായ ടെക്സ്ചറാണോ തെരഞ്ഞെടുക്കുന്നതെന്ന് ഉറപ്പു വരുത്തുക. വൃത്തിയാക്കാനുള്ള സൗകര്യങ്ങൾ കൂടി പരിഗണിക്കുന്നത് പ്രായോഗികമായ പരിപാലനത്തിന് സഹായിക്കും. പരുക്കൻ പ്രതലമുള്ള ടെക്സ്ചറുകൾക്ക് കൂടുതൽ ആകർഷണീയതയുണ്ടെങ്കിലും പൊടി അടിയാൻ സാധ്യത കൂടുതലാണ്. മിനുസമുള്ള പ്രതലങ്ങൾ വൃത്തിയാക്കാൻ എളുപ്പമാണ്. കുട്ടികളോ വളർത്തുമൃഗങ്ങളോ ഉള്ള വീടുകളിൽ, എളുപ്പത്തിൽ കഴുകി വൃത്തിയാക്കാവുന്നതും പോറലുകൾ വീഴാത്തതുമായ ഫിനിഷുകൾ ആണ് തെരഞ്ഞെടുക്കേണ്ടത്.
ലിവിങ് റൂമുകൾക്ക് റസ്റ്റിക് ഫിനിഷുകൾ, സ്റ്റോൺ എഫക്റ്റുകൾ, അല്ലെങ്കിൽ 3D പാറ്റേണുകൾ പോലുള്ള ആകർഷകമായ ടെക്സ്ചറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇത് മുറിയുടെ പ്രധാന ആകർഷണ കേന്ദ്രമായി പ്രവർത്തിക്കുന്നത് സന്ദർശകരെയും ആനന്ദിപ്പിക്കും. മൃദുവും ലളിതവുമായ ടെക്സ്ചറുകൾ ആണ് കിടപ്പുമുറികളിലേക്ക് വേണ്ടത്. ടെക്സ്ചർഡ് വോൾ പാനലുകളോ മെറ്റാലിക് ഫിനിഷുകളോ ഉപയോഗിക്കുന്നത് ഡൈനിങ് ഏരിയക്ക് കൂടുതൽ അഴകും പ്രൗഡിയും നൽകും. ഹാൾവേകളും സ്റ്റെയർകേസുകളും വരുന്ന ഭാഗങ്ങളിൽ നിരന്തര ഉപയോഗം ഉണ്ടാകാൻ സാധ്യതയുളളതിനാൽ, കൂടുതൽ കാലം നിലനിൽക്കുന്നതും എളുപ്പത്തിൽ കേടുപാടുകൾ സംഭവിക്കാത്തതുമായ ടെക്സ്ചറുകൾ വേണം തെരഞ്ഞെടുക്കാൻ.
വി.എസിന്റേയും വി.ഡി.എസിന്റേയും സമാനതകൾ- ജനകീയ ഇടപെടലിൽ നായകനായി, മന്ത്രിയാകാതെ മുഖ്യമന്ത്രി
ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളായതുകൊണ്ട് ബാത്റൂമുകളിലേക്കും അടുക്കളകളിലേക്കും വെള്ളം കയറാത്ത ടെക്സ്ചർഡ് ടൈലുകളോ പ്രത്യേക കോട്ടിംഗുകളോ ആണ് ഉചിതം. ന്യൂട്രൽ നിറങ്ങളിലുള്ള മിനുസമുള്ളതോ നേരിയ ടെക്സ്ചറുകളുള്ളതോ ആയ ഭിത്തികൾ വരുന്ന മോഡേൺ മിനിമലിസം രീതിയാണ് ഇപ്പോൾ ട്രെൻഡ്. പ്രധാനപ്പെട്ട ഒരു ഭിത്തിയിൽ പ്രീമിയം ടെക്സ്ചറുകൾ ഉപയോഗിക്കുകയും മറ്റു ഭിത്തികൾ ലളിതമായി നിലനിർത്തുകയും ചെയ്യുന്ന രീതി വ്യാപകമാണ്. സാധാരണ ഫിനിഷുകൾക്ക് ചതുരശ്രയടി 80 രൂപ മുതലാണ് വില. പ്രീമിയം, 3D, മെറ്റാലിക് ഫിനിഷുകൾക്ക് ചതുരശ്രയടി 200 രൂപയ്ക്കുമേലെ വരെ വരാം. ഫീച്ചർ ഭിത്തികൾ, റസ്റ്റിക്, ഇൻഡസ്ട്രിയൽ, ട്രെഡിഷണൽ തീമുകൾക്ക് ചതുരശ്രയടിക്ക് 100 മുതൽ 250 രൂപ വരെയുണ്ട്. ലിവിങ് റൂമുകൾ, ഡൈനിങ് ഏരിയകൾ എന്നിവയിൽ പ്രയോഗിക്കുന്ന നല്ല ടെക്സ്ചറുകൾക്ക് 200 മുതൽ 400 രൂപ വരെയാണ് വില. ആഡംബര ഇന്റീരിയറുകൾക്ക് 300 മുതൽ 600 രൂപ വരെ ചതുരശ്രയടിക്ക് വില വരുന്നുണ്ട്.













Click it and Unblock the Notifications