വി.എസിന്റേയും വി.ഡി.എസിന്റേയും സമാനതകൾ- ജനകീയ ഇടപെടലിൽ നായകനായി, മന്ത്രിയാകാതെ മുഖ്യമന്ത്രി
വി.എസ്. അച്യുതാനന്ദനും വി.ഡി. സതീശനും മുഖ്യമന്ത്രി ആയ സാഹചര്യങ്ങളിലെ സമാനതയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചരിത്രത്തിന്റെ ആവർത്തനമായാണ് ഇതിനെ പലരും വിലയിരുത്തുന്നു. ജനവികാരം പരിഗണിച്ചാണ് രണ്ടുപേരലേക്കും സംസ്ഥാനത്തിന്റെ ഭരണസാരിഥ്യം എത്തിച്ചേർന്നത്. രണ്ടുപേരും മന്ത്രിയാകാതെ മുഖ്യമന്ത്രി ആയവരുമാണ്.
'ടീം സതീശൻ' അണിയറയിൽ ഒരുങ്ങുമ്പോൾ- മഞ്ഞുരുകി ചെന്നിത്തല എത്തുമോ? ഘടക കക്ഷികൾക്ക് എന്ത് കിട്ടും?
രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയ സാഹചര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്ന വിധമായിരുന്നു വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കിയുള്ള ഹൈക്കമാൻഡിന്റെ പ്രഖ്യാപനം. 2006ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടുമടക്കിയതെങ്കില്‍ 2026ല്‍ അത് കോണ്‍ഗ്രസായി എന്ന് മാത്രം. അന്ന് വി.എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചപ്പോൾ ജനങ്ങള്‍ തെരുവിലിറങ്ങുകയും പിബി ഇടപെട്ട് സീറ്റ് നല്‍കുകയും വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ വി.എസ് നയിക്കുകയുമായിരുന്നു.

ഒരു ഭരണപരിചയവും ഇല്ലാതെയാണ് അന്ന് വി.എസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും അത് നേടിക്കൊടുത്ത ജനകീയ പിന്തുണയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. സമാനമായ സാഹചര്യങ്ങളിലൂടെയാണ് വി.ഡി. സതീശനും മുഖ്യമന്ത്രി ആയത്. ഒരുതരത്തിലുമുള്ള മുന്‍ ഭരണപരിചയം ഇല്ല. മൂലധനമായുള്ളത് പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷം മാത്രം.
വി.എസ്. അച്യുതാനന്ദന് പുറമേ ഇ.കെ. നായനാർ, എ.കെ. ആന്റണി എന്നിവരും മുമ്പ് മന്ത്രിമാരാകാതെ മുഖ്യമന്ത്രി ആയവരുടെ കൂട്ടത്തിൽ സതീശന് കൂട്ടായുണ്ട്. 1977ലാണ് എ.കെ. ആന്റണി മുഖ്യമന്ത്രിയായത്. രാജന്‍ വധക്കേസ് വിവാദത്തെ തുടര്‍ന്ന് കെ. കരുണാകരന്‍ രാജിവെക്കേണ്ട സാഹചര്യമുണ്ടായപ്പോഴായിരുന്നു അത്. അന്ന് എംഎല്‍എ അല്ലാതിരുന്ന ആന്റണി പിന്നീട് കഴക്കൂട്ടത്തുനിന്നും ഉപതെരഞ്ഞെടുപ്പിലൂടെ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.
1980ലാണ് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. 1974ല്‍ ഇരിക്കൂറില്‍നിന്നും എംഎല്‍എ ആയിരുന്നെങ്കിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നില്ല. ഏറ്റവും അധികംകാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന നായനാരുടെ ആദ്യ മന്ത്രിസഭയ്ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നുമില്ല. 1981ല്‍ അത് താഴെവീണു. ശേഷം 1987ലും പിന്നീട് 1996ലും നായനാര്‍ മുഖ്യമന്ത്രിയായി. 2006ല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ വി.എസ്. അച്യുതാനന്ദന്റെ പ്രായം 82 ആണ്. 1967ല്‍ ആദ്യമായി നിയമസഭയിലെത്തിയ വി.എസ് ഒരിക്കല്‍പോലും മന്ത്രിയായിട്ടില്ല. 1992ലും 2001ലും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന വിഎസ് മന്ത്രിസ്ഥാനമില്ലാതെയാണ് മുഖ്യമന്ത്രിയായത്. വീണ്ടും 2011ല്‍ പ്രതിപക്ഷ നേതാവായി.
'സമരം കേവലം ഷോ ആവരുത്, അങ്ങനെ ആയാൽ നേതാക്കളും പാർട്ടികളും വിഡ്ഢികളായി മാറും'; അഖിൽ മാരാർ
ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ പകച്ചുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുത്തതിൽ വിജയിച്ചതാണ് വി.ഡി. സതീശനെ ജനകീയനാക്കിയത്. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീന്റെ സമരോത്സുകത 'ഇയാൾ നാടിനെ നയിക്കാൻ കൊള്ളാവുന്നയാളാണ്’ എന്ന തോന്നൽ സാധാരണക്കാരിലും ഉണ്ടാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയമൊരുക്കി ഈ തോന്നൽ ശരിയാണെന്ന് വി.ഡി തെളിയിക്കുകയും ചെയ്തു. രാഷ്ട്രീയ സൂത്രവാക്യങ്ങളിലൂടെ അളന്നുമുറിച്ച് നല്ലൊരു വോളിബോൾ താരം കൂടിയായ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് തൊടുത്തുവിട്ട സ്മാഷ് ജനവികാരം കൊണ്ട് ബ്ലോക്ക് ചെയ്യാൻ വി.ഡിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്.
കേരളത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി മുതൽ കെപിസി.സി വർക്കിങ് പ്രസിഡന്റും മൂന്നു വൈസ് പ്രസിഡന്റുമാരും കെഎസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും ഒപ്പം എംഎൽഎമാരിൽ ഭൂരിഭാഗവും ഒപ്പമുണ്ടായിട്ടും 'പട നയിച്ചവൻ നാടും നയിക്കട്ടെ’ എന്ന പൊതുവികാരം ഉയർന്നത് വി.ഡിയുടെ ജനസമ്മിതി കൊണ്ട് മാത്രമാണ്. സ്വാഭാവികനീതി മറികടന്ന് തലയെണ്ണലിൽ ചുറ്റിക്കറങ്ങി നിന്ന ഹൈകമാൻഡ് ഒടുവിൽ കണക്കുകള്ളികൾക്കപ്പുറം ജനവികാരം തിരിച്ചറിയുകയും ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ കൈവരിക്കാനാകാത്ത ജനപിന്തുണയാണ് ജനവിധിക്ക് ശേഷമുള്ള 10 ദിവസത്തെ മുഖ്യമന്ത്രി ചർച്ചയിൽമാത്രം വി.ഡി. സതീശന് ലഭിച്ചത്. ജനവികാരത്തിന്‍റെ വ്യാഖ്യാനവും പര്യായവുമായി വി.ഡി മാറിയത് തിരിച്ചറിഞ്ഞതുകൊണ്ടാണ് 'ജനവികാരം പരിഗണിക്കണം’ എന്ന് ഘടക കക്ഷികളും വാശിപിടിച്ചത്. ഇതോടെ സിപിഎം വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദന് ലഭിച്ച നായകപരിവേഷത്തിനും പിണറായി വിജയന് ചാർത്തിക്കിട്ടിയ വില്ലൻ പരിവേഷത്തിനും സമാനമായി വി.ഡി-കെ.സി തർക്കം മാറുകയും ചെയ്തു. എതിർപ്പുകളെയെല്ലാം അതിജീവിച്ച് വി.ഡി നാടിന്റെ നായകനായത് വി.എസിന്റെ ഉയർത്തെഴുന്നേൽപ്പിന് സമാനവുമായി.












Click it and Unblock the Notifications