ഇനി മുടി കറുത്തിട്ട് പാറും; നീലയമരി പൊടിയും ഹെന്നയും കൊണ്ടൊരു പ്രകൃതിദത്ത ഡൈ, ഗുണങ്ങൾ ഇങ്ങനെ
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ചെറുപ്പക്കാർ വരെ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായി അകാലനര മാറിക്കഴിഞ്ഞു. പ്രായം മുപ്പത് പിന്നിടുമ്പോഴേക്കും മുടി മുഴുവൻ നരച്ച യുവാക്കൾ നമുക്ക് ചുറ്റും ഒട്ടനവധിയുണ്ട്. ജോലിയിടങ്ങളിലെ സ്‌ട്രെസും ഉറക്കക്കുറവും ഭക്ഷണത്തിലെ മാറ്റവും ഒക്കെ ഒരുപരിധിവരെ ഈ പ്രതിഭാസത്തിന് കാരണമായിട്ടുണ്ട്. സ്ത്രീ-പുരുഷ ഭേദമന്യേ മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്തെ പതിവ് കാഴ്‌ചയാണ്.
അതുകൊണ്ട് തന്നെ എല്ലാവരും നരയെ എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ ഗവേഷണത്തിലാണ്. ഒരുപാട് പരിശ്രമങ്ങൾക്ക് ഒടുവിൽ ഭൂരിഭാഗം പേരും ചെന്നെത്തുക കെമിക്കലുകൾ കൂടുതലായി ഉപയോഗിക്കുന്ന ഹെയർ ഡൈ പരിപാടികളിലേക്കാവും. വളരെ ഉയർന്ന ചിലവും അതിലേറെ അപകട സാധ്യതകളുമുള്ള മാർഗമാണ് ഇതെന്ന് നിസംശയം പറയാം.

കെമിക്കലൂകളുടെ അധിക ഉപയോഗം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ഉറപ്പാണ്. മാത്രമാണ് കൃത്യമായ ഇടവേളകളിൽ ഇവ വീണ്ടും വീണ്ടും ചെയ്യേണ്ടി വരികയും അല്ലാത്തപക്ഷം നരയുടെ തോത് കൂടുന്നതായും പലരും പരാതിപ്പെടാറുണ്ട്. ഇത്തരം മാർഗങ്ങൾക്ക് ചിലവാകുന്ന ഉയർന്ന തുകയും വലിയൊരു ഘടകമാണ്.
എന്നാൽ ഇത്തരം ഭയങ്ങളൊന്നും കൂടാതെ, തികച്ചും പ്രകൃതിദത്തമായ രീതിയിൽ നിങ്ങൾക്ക് നരയെന്ന പ്രതിസന്ധിയെ മറികടക്കാൻ കഴിയും. അതിനുള്ള ഏറ്റവും മികച്ച മാർഗമാണ് നമ്മുടെ നാട്ടിലെങ്ങും സുലഭമായി ലഭിക്കുന്ന നീലയമരിയും മൈലാഞ്ചിയും ഒക്കെ ചേർത്തുള്ള ഒരു പ്രയോഗം. ഒട്ടും ചിലവില്ലാതെ ഏറ്റവും ഫലപ്രദമായ രീതിയിൽ നിങ്ങൾക്ക് നരമാറ്റാൻ കഴിയുമെന്നതാണ് ഈ മാർഗത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.
നീലയമാരിയും മൈലാഞ്ചിയും: ഒന്നൊന്നര കോമ്പിനേഷൻ തന്നെ
നമ്മുടെ നാട്ടിലൊക്കെയും റോസ് നിറത്തിലെ പൂക്കളോട് കൂടിയ ഈ ചെടി സുലഭമായി കിട്ടുന്ന ഒന്നാണ്. ഇനി അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അടുത്തുള്ള ആയുർവേദ കടയിൽ നിന്നും പൊടി രൂപത്തിൽ തന്നെ നീലയമരി വാങ്ങാൻ കഴിയും. ഈ പ്രകൃതിദത്ത ഡൈയിലെ പ്രധാന ഘടകം നീലയമരിയാണ്. രണ്ട് ഘട്ടങ്ങളായാണ് ഇതിന്റെ പ്രവർത്തനം. കൃത്യമായ രീതിയിൽ ഇത് ചെയ്‌താൽ മുടി കറുപ്പ് നിറത്തോട് കൂടി തിളങ്ങും.
ആദ്യഘട്ടത്തിൽ നിങ്ങൾ അൽപ്പം കട്ടൻചായ തിളപ്പിക്കേണ്ടതുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിൽ അര സ്‌പൂൺ ചായപ്പൊടി ഇട്ട് തിളിപ്പിക്കണം, ശേഷം അതിലേക്ക് ഹെന്ന അഥവാ മൈലാഞ്ചിയുടെ പൊടി ചേർക്കുക. കൂടാതെ മുട്ടയും ചെറുനാരങ്ങാനീരും കൂടി ചേർക്കുന്നത് ഉത്തമമാണ്. നാല് മണിക്കൂറോളം ഈ മിശ്രിതം സൂക്ഷിച്ച ശേഷമാണ് മുടിയിൽ തേയ്‌ക്കേണ്ടത്.
ഒന്നാം ഘട്ടം പൂർത്തിയായാൽ നിങ്ങളുടെ മുടിയുടെ നിറം ബർഗുണ്ടി അഥവാ ബ്രൗണിലേക്ക് മാറുമെന്നതാണ് പ്രത്യേകത, എന്നാൽ ഒരു കാരണവശാലും അവിടെ വച്ച് നിർത്തരുത്. ഇനിയാണ് നിർണായകമായ രണ്ടാംഘട്ടം. അതിലാണ് നീലയമരി ചേർക്കേണ്ടത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഘട്ടം ചെയ്യേണ്ടത്.
ഇതിൽ നിങ്ങൾ മേൽപ്പറഞ്ഞ പോലെ കട്ടൻ ചായ തിളപ്പിച്ച ശേഷം അതിലേക്ക് ഹെന്നയ്ക്ക് പകരം നീലയമരി പൊടി ചേർക്കുക. പത്ത് മിനിറ്റ് കൊണ്ട് ഇത് കറുപ്പായി മാറും. അതിന് ശേഷമാണ് ഇത് മുടിയിൽ നല്ലത് പോലെ പുരട്ടേണ്ടത്. മൂന്ന് മണിക്കൂറോളം ഇത് അങ്ങനെ തന്നെ വച്ചാൽ കഴുകുമ്പോൾ നിങ്ങളുടെ മുടി കറുപ്പായി മാറും. ഷാംപു, സോപ്പ് എന്നിവ ഒന്നും ഉപയോഗിക്കാതെ വേണം കഴുകാൻ.












Click it and Unblock the Notifications