കട്ടൻ കാപ്പി കുടിച്ചാൽ തടി കുറയുമെന്നോ? സംഗതി സത്യമാണ്, നിങ്ങൾക്ക് മുന്നിൽ വഴികൾ മൂന്ന്, പരീക്ഷിക്കൂ...
തടി കുറയാൻ പല വഴികളും നാം പരീക്ഷിക്കാറുണ്ട്. ഭക്ഷണം വെട്ടിക്കുറച്ചും ഡയറ്റിലേക്ക് കടന്നുമൊക്കെ നാം പലവിധ പരീക്ഷണങ്ങൾ നടത്താറുണ്ട്. ചിലർ ജിമ്മിനെയാണ് ആശ്രയിക്കാറുള്ളത്. അവിടെ കൃത്യമായ വ്യായാമവും ഭക്ഷണ രീതികളും ഒക്കെ പിന്തുടർന്ന് നമ്മുടെ ശരീരം കൂടുതൽ ആരോഗ്യമുള്ളതാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ എല്ലായ്‌പ്പോഴും അത് സാധിക്കണമെന്നില്ല, അതിന്റെ പ്രധാന കാരണം സമയക്കുറവാണ്.
നിങ്ങൾ ജോലി ചെയ്യുന്ന ഒരാളാണെങ്കിൽ സാധാരണഗതിയിൽ ഇത്തരം കാര്യങ്ങൾക്ക് നീക്കി വയ്ക്കാൻ സമയം കിട്ടണമെന്നില്ല. പിന്നെ എങ്ങനെയാണ് നമ്മുടെ തടി കുറയ്ക്കണമെന്ന മോഹം സാക്ഷാത്കരിക്കുക? ഒട്ടും ആശങ്ക വേണ്ട. നമ്മുടെ ഭക്ഷണരീതി കൊണ്ട് തന്നെ അതിനെ മറികടക്കാനും പുതിയ രൂപം സ്വീകരിക്കാനും നിങ്ങൾക്ക് സാധിക്കും. അതിന് നിങ്ങൾ പരീക്ഷിക്കേണ്ടത് കട്ടൻകാപ്പിയുടെ മാർഗമാണ്.

പലർക്കും അറിയാത്ത ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പാനീയമാണ് കട്ടൻ കാപ്പി. പാലൊഴിച്ച കാപ്പിയേക്കാൾ ഇക്കാര്യത്തിൽ കേമൻ കട്ടൻ തന്നെയാണ്. വളരെയധികം ഉന്മേഷദായകവും രുചികരവുമാണ് ഇതെന്നത് കൊണ്ട് മാത്രമല്ല, ഗുണങ്ങളും ഏറെയാണ്. ധാരാളം പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് തടി കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുന്നതെന്ന് നോക്കാം.
കട്ടൻ കാപ്പിയും തടിയും; ഗുണങ്ങൾ ഇങ്ങനെ
ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന മൂലകം നമ്മുടെ കട്ടൻ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉൽപാദനത്തെ ഗണ്യമായി കുറയ്ക്കാൻ ഉപകരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റി ഓക്‌സിഡന്റുകളും ധാരാളമായി കട്ടൻകാപ്പിയിൽ അടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട് കട്ടൻ കാപ്പിക്ക്. ശരീരത്തിലെ ഉപാപചയ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും അത് വേഗത്തിലാക്കുകയും ചെയ്യുന്ന ഒന്നാണ് കട്ടൻ കാപ്പി. കൂടാതെ ഇത് വിശപ്പിനെ അടിച്ചമർത്തുന്നതിനും ഊർജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും നിങ്ങളെ പിന്തുണയ്ക്കുന്നു. വിശപ്പ് അടിച്ചമർത്തുന്ന പെപ്റ്റൈഡ് വൈ എന്നറിയപ്പെടുന്ന ഹോർമോണിലും കട്ടൻ കാപ്പി പ്രവർത്തിക്കും.
കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ സാന്നിധ്യം നിങ്ങളുടെ ശരീരത്തിലെ ഊർജം വർധിപ്പിക്കുവാൻ സഹായിക്കുന്നതിനായി പ്രവർത്തിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്. ഇത് നിങ്ങളെ സജീവമാക്കി നിർത്തുന്നു. ധാരാളം കലോറി എരിച്ചു കളയുവാനും അത് സഹായിക്കുന്നു.
കാപ്പി കുടിക്കേണ്ട മൂന്ന് വഴികൾ
ഒന്നാമത്തെ മാർഗം രാവിലെ ആദ്യം ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുക. കഫീൻ നിങ്ങളുടെ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും, ഇതിലൂടെ ദിവസം മുഴുവൻ കലോറി എരിച്ചുകളയാനുള്ള സാധ്യതയും നിങ്ങൾക്ക് മുന്നിലുണ്ട്.
രണ്ടാമത്തെ മാർഗം അൽപ്പം കൂടി മെച്ചപ്പെട്ടതാണ്. നിങ്ങളുടെ വ്യായാമത്തിന് 30 മിനിറ്റ് മുമ്പ് ഒരു കപ്പ് ബ്ലാക്ക് കോഫി കുടിക്കുക. കഫീന് അത്‌ലറ്റിക് പ്രകടനം മെച്ചപ്പെടുത്താനും നിങ്ങളുടെ വ്യായാമ വേളയിൽ കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കാനും സാധിക്കും.
വിശപ്പ് നിയന്ത്രിക്കാൻ കട്ടൻ കാപ്പി കുടിക്കുക എന്നതാണ് മൂന്നാമത്തെയും അവസാനത്തേയും മാർഗം. നിങ്ങളുടെ ആസക്തി നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ഭക്ഷണത്തിനിടയിൽ കട്ടൻ കാപ്പി കുടിക്കുന്നത് വളരെ നല്ലതാണ്.












Click it and Unblock the Notifications