അമിതവണ്ണം നിസാരക്കാരനല്ല; മുളയിലേ നുള്ളിയില്ലെങ്കിൽ ആപത്ത്, കുട്ടികളിലും മുതിർന്നവരിലും എങ്ങനെ മാറ്റാം?
ഇന്നത്തെ കാലത്ത് നമ്മുടെ സമൂഹത്തിൽ വളരെയധികം വർധിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ഒരു രോഗമായി കണക്കാക്കുന്നതിന് അപ്പുറം നമ്മുടെ ജീവിതശൈലിയിൽ വന്ന വ്യതിയാനങ്ങളുടെ പ്രതിഫലനം എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. എന്നാൽ അത്ര എളുപ്പത്തിൽ പറഞ്ഞുതീർക്കാനോ എഴുതിത്തള്ളാൻ കഴിയാത്ത നിലയിലേക്ക് ഇതിന്റെ വ്യാപ്‌തി ഉയർന്നുവെന്നതാണ് പ്രധാന കാര്യം.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിന്റെ പിടിയിൽ അകപ്പെട്ട നിലയിലാണ് നമുക്ക് കാണാൻ കഴിയുക. ഇന്നത്തെ കാലത്ത് ശരീര സൗന്ദര്യം നോക്കുവാൻ തടി കുറയ്ക്കുന്ന ചെറുപ്പക്കാർ ധാരാളമുണ്ട്. എന്നാൽ അമിതവണ്ണം കൂടുതലായി കണ്ടുവരുന്നത് ചെറുപ്പക്കാർക്ക് ഇടയിൽ തന്നെയാണ് എന്നത് വിരോധാഭാസമാണ്. അതിന്റെ കാരണങ്ങളും പ്രതിവിധികളും എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.

AI Generated Image
എന്താണ് അമിതവണ്ണം?
അമിതവണ്ണത്തെ കുറിച്ച് പറയുമ്പോൾ ഒറ്റ വാക്കിൽ നിർവചനം സാധ്യമല്ല. ഒരാൾക്ക് തന്റെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കൊഴുപ്പ് ഉണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്. എല്ലാവർക്കും ശരീരത്തിലെ കൊഴുപ്പ് ഉണ്ടാകുമെങ്കിലും ഇത് അമിതമായി മാറുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത് കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും സങ്കീർണമായ കാര്യം തന്നെയാണ്.
ഇത് ശാരീരികമായ വശം മാത്രമാണ്. രോഗങ്ങളും മറ്റ് ബുദ്ധിമുട്ടുകളും മാത്രമല്ല അമിതവണ്ണം മാനസികമായി ഒരു വ്യക്തിയെ തളർത്താനും കാരണമാവുന്നു. സാമൂഹിക ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താനും, ആളുകൾ നേരിടുന്നതിൽ ആത്മവിശ്വാസക്കുറവിനും ഒക്കെ ഇത് കാരണമാവാറുണ്ട്. കുടുംബജീവിതത്തിലും പല വെല്ലുവിളികളും സൃഷ്‌ടിക്കുന്നു.
അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
ശരീരത്തിലെ അധിക കൊഴുപ്പ്, പ്രത്യേകിച്ച് വയറിനു ചുറ്റുമായി കാണപ്പെടുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങൾ അരക്കെട്ടിന്റെ വലിപ്പം വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. അമിതഭാരം നെഞ്ചിൽ സമ്മർദ്ദം ചെലുത്തുകയും ശ്വാസകോശ വികാസം നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ, പൊണ്ണത്തടിയുള്ള പലർക്കും ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്.
കൂർക്കം വലി പോലെയുള്ളവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ശാരീരികമായി അനുഭവപ്പെടുന്ന ക്ഷീണം, പതിവിലും കൂടുതലായുള്ള വിയർക്കൽ, ശാരീരികമായി അധ്വാനത്തിൽ ഏർപ്പെടാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങളുണ്ട്. പിന്നെ കാഴ്‌ചയിൽ അമിതവണ്ണത്തിന്റെ ലക്ഷങ്ങൾ പ്രകടമാവറുണ്ട്.
എങ്ങനെ തടയാം?
പൊണ്ണത്തടി അഥവാ അമിതവണ്ണം തടയുന്നതിൽ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് പ്രധാന പങ്കു വഹിക്കുന്നു . പ്രധാനമായും നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ തന്നെയാണ് ഇതിനായി മാറ്റം വരുത്തേണ്ടത്. ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നത് ഇതിൽ പ്രധാനമാണ്. വാരിവലിച്ചു തിന്നുന്നതിന് പകരം മിതമായ രീതിയിൽ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
മാത്രമല്ല ഇപ്പോഴത്തെ കാലത്തെ ജങ്ക് ഫുഡുകൾ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പൂർണമായും ഒഴിവാക്കുവാൻ നിങ്ങൾ ശ്രദ്ധിക്കണം. ഇവയൊക്കെയും അമിതവണ്ണമെന്ന് അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. വ്യായാമം മതിയായി രീതിയിൽ ചെയ്യേണ്ടത് പൊണ്ണത്തടിയെ പ്രതിരോധിക്കാൻ ഏറ്റവും ആവശ്യമായ ഘടകമാണ്.
കൂടാതെ പരമാവധി വാഹനങ്ങൾ ഒഴിവാക്കി നടക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് കൂടുതലായി അത് ഗുണകരമാവും. ഇതിനെ പുറമേ ഉറക്കത്തിന്റെ കാര്യത്തിലും കൃത്യത പുലർത്തണം. ഉറക്കം കുറയുന്നതും അധികമാവുന്നതും ഒക്കെ നിങ്ങളെ പല രീതിയിൽ ബാധിക്കും. അതിനാൽ സാധാരണ ഗതിയിൽ ഭേദപ്പെട്ട സമയം ഉറങ്ങാൻ ശ്രമിക്കുക.
അമിതവണ്ണം കുട്ടികളിൽ
കുട്ടികളിലെ അമിതവണ്ണവും പൊണ്ണത്തടിയും ഒന്നും ഒരിക്കലും നിസാരമായി കാണരുത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കും. കുട്ടികളുടെ സാമൂഹ്യ ബന്ധത്തെയും മനസികാരോഗ്യത്തെയും പോലും ഇത് സാരമായി ബാധിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാവട്ടെ കുട്ടികളിലെ അമിതവണ്ണം കൂടി വരികയുമാണ്.
ജനിതക കാരണങ്ങളും ശാരീരിക ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവുമാണ് കുട്ടികളിലെ അമിത വണ്ണത്തിന്റെ പ്രധാന കാരണങ്ങൾ. അവയ്ക്ക് കൃത്യമായ ചികിത്സ തേടുകയും ബന്ധപ്പെട്ട ഡോക്‌ടർമാരുടെ നിർദ്ദേശം സ്വീകരിക്കുകയും ചെയ്‌താൽ മാറ്റിയെടുക്കാവുന്നതാണ്. ഇനി അതല്ലാതെ ജീവിതശൈലിയിലൂടെ വരുന്നത് നാം സ്വയം തടയേണ്ടിയിരിക്കുന്നു. അവ തുടക്കത്തിലേ ഇല്ലെന്ന് ഉറപ്പ് വരുത്തി കൃത്യമായി ജീവിതശൈലി രൂപപ്പെടുത്തി വേണം അകറ്റിനിർത്താൻ.












Click it and Unblock the Notifications