ന്യൂ ഇയർ രാത്രി മേശയ്ക്ക് അടിയിലിരുന്ന് 12 മുന്തിരി കഴിച്ചാൽ ഭാഗ്യം വരുമോ? വൈറലായി പുതിയ ട്രെൻഡ്
പുതുവർഷം പ്രതീക്ഷയുടേതാണ്. ടി.എസ്. എലിയറ്റ് പറഞ്ഞതുപോലെ: "കഴിഞ്ഞ വർഷത്തെ വാക്കുകൾ കഴിഞ്ഞ വർഷത്തെ ഭാഷയുടേതാണ്, അടുത്ത വർഷത്തെ വാക്കുകൾ മറ്റൊരു ശബ്ദത്തിനായി കാത്തിരിക്കുന്നു." പുതുവർഷത്തോട് അനുബന്ധിച്ച് ഭാഗ്യത്തിനായി അർദ്ധരാത്രിയിൽ മേശയ്ക്കടിയിൽ നിന്ന് 12 പച്ച മുന്തിരി കഴിക്കുന്ന പരിപാടി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ പുതുവർഷത്തിൽ ഇത് പരീക്ഷിച്ച് തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന് ചില സ്ത്രീകൾ അവകാശപ്പെടുന്നു. 2026-ലും ഇത് പരീക്ഷിക്കാൻ അവർ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊരു സ്പാനിഷ് പുതുവർഷ ആചാരം കൂടിയാണ്.
"Las Doce Uvas de la Suerte" (ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരിങ്ങകൾ) എന്ന ഈ ആചാരം 1800-കളുടെ അവസാനത്തിൽ മാഡ്രിഡിൽ തുടങ്ങിയതാണ്. ഡിസംബർ 31 അർദ്ധരാത്രിയിൽ പുയേർത ഡെൽ സോൾ ക്ലോക്ക് 12 തവണ മുഴങ്ങുമ്പോൾ ആളുകൾ ഓരോ മാസത്തേക്കും ഓരോന്നായി 12 മുന്തിരിങ്ങ കഴിക്കുന്നു.

അലിക്കന്റേയിലെ കർഷകർക്ക് 1900-കളിൽ അമിതമായി മുന്തിരി വിളവ് ലഭിച്ചപ്പോഴാണ് ഈ രീതി തുടങ്ങിയത്. വർദ്ധിച്ച വിളവ് വിറ്റഴിക്കാൻ ഫ്രഞ്ച് ആചാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇത് രൂപപ്പെടുത്തിയെന്നാണ് കരുതുന്നത്. 12 മുന്തിരി കഴിക്കുന്നത് ഭാഗ്യം, ആരോഗ്യം, പ്രണയം, സമൃദ്ധി എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരു മുന്തിരി കഴിക്കാൻ മറന്നാൽ ആ വർഷം മങ്ങിയതാകുമെന്നും ഐതിഹ്യമുണ്ട്. ഈ സ്പാനിഷ് പാരമ്പര്യത്തിന് പുതിയൊരു സമൂഹമാധ്യമ 'ട്വിസ്റ്റ്' ഉണ്ട്: ഭാഗ്യം വർദ്ധിപ്പിക്കാൻ ഡൈനിംഗ് ടേബിളിനടിയിൽ ഒളിച്ച് മുന്തിരി കഴിക്കുക. ഓരോ മുന്തിരിയും ഓരോ മാസത്തെയും പ്രതിനിധീകരിക്കുന്നതിനാൽ, കഴിക്കുമ്പോൾ നിങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിൽ മന്ത്രിക്കുക.
പ്രശസ്ത ടിവി ഷോയായ 'മോഡേൺ ഫാമിലി'യിൽ, ഗ്ലോറിയയുടെ ജീവിതം 12 മുന്തിരി എങ്ങനെ മാറ്റിമറിച്ചുവെന്ന് അവൾ മകൻ മന്നിയോട് പറയുന്നു. "കഴിഞ്ഞ വർഷം ഇത് ചെയ്തു, എന്റെ ആത്മസുഹൃത്തിനെ കണ്ടുമുട്ടി!" എന്ന പോലുള്ള വൈറൽ പോസ്റ്റുകളിലൂടെ ആരാധകർ ഈ വിശ്വാസത്തിന് പിന്തുണ നൽകുന്നു.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇത് പുതുവർഷത്തെ വരവേൽക്കാൻ ആളുകൾക്ക് പ്രത്യേക ആവേശം നൽകുകയും അവസരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, ഓരോ മുന്തിരി കടിക്കുമ്പോഴും നല്ല ഒരു നാളെയെ സ്വപ്നം കാണാൻ ശ്രമിക്കുക. ഒന്നു ശ്രമിച്ചുനോക്കുന്നതിൽ തെറ്റില്ലല്ലോ അല്ലേ..












Click it and Unblock the Notifications