തണുപ്പ് കാലം വരുന്നു, മാളം വിട്ട് പാമ്പുകൾ പുറത്തേക്ക്, വീടിന് സമീപത്ത് ഈ പാമ്പുകളെ സൂക്ഷിക്കണം!
ചൂട് കാലത്താണ് പാമ്പുകൾ അവയുടെ മാളം വിട്ട് പുറത്തേക്ക് വരികയെന്നാണ് നമ്മളിൽ പലരുടേയും ധാരണ. ചൂട് സഹിക്കാനാകാതെ വരുമ്പോൾ പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തേക്ക് വരികയും നമ്മുടെ വീടിനകത്ത് വരെ കയറി തണുപ്പ് തേടുകയും ചെയ്യും.
എന്നാൽ തണുപ്പ് കാലത്തും പാമ്പുകളെ സൂക്ഷിക്കണം. കാരണം അപ്പോഴവ വിശ്രമിക്കാനായി ചൂടുളള സ്ഥലങ്ങൾ തേടിയാണ് മാളം വിടുക. നിങ്ങളുടെ പൂന്തോട്ടത്തിന്റെ മൂലകൾ, വിറക് കൂട്ടം അങ്ങനെ പലയിടത്തും പാമ്പുകൾ മറഞ്ഞിരിക്കാം. ഇത്തരത്തിൽ നിങ്ങൾ സൂക്ഷിക്കേണ്ട 5 ഇനം പാമ്പുകൾ ഏതൊക്കെയെന്ന് നോക്കാം.
1. മൂർഖൻ
സാധാരണയായി എലിമാളങ്ങൾ, ചിതൽപ്പുറ്റുകൾ, കല്ലുകൂനകൾ എന്നിവയ്ക്കുളളിൽ മൂർഖൻ പാമ്പുകൾ ഒളിച്ചിരിക്കാറുണ്ട്. ഇവ വിഷമുള്ളവയാണ്. മനുഷ്യരിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഇവ ശ്രമിക്കാറുള്ളത്. എന്നാൽ പെട്ടെന്ന് മനുഷ്യരുടെ മുന്നിൽപ്പെട്ടാൽ അപകടകാരിയുമാണ്.

2. വെള്ളിക്കെട്ടൻ
ശംഖുവരയൻ എന്നും അറിയപ്പെടുന്ന ഈ പാമ്പിനെ പൊതുവെ രാത്രികാലങ്ങളിലാണ് കൂടുതലും കാണാറുളളത്. ചെറുതും മെലിഞ്ഞതും ആണെങ്കിലും ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് വെള്ളിക്കെട്ടൻ. സാധനങ്ങൾ അടുക്കിവെച്ചിരിക്കുന്ന മുറികൾ, തറയോട് ചേർന്നുള്ള വിടവുകൾ തുടങ്ങി വീടുകളുടെ ഇരുണ്ട മൂലകളിലേക്ക് ഇവയ്ക്ക് നുഴഞ്ഞുകയറാൻ കഴിയും.
3. അണലി
പുൽമേടുകൾ, കൃഷിയിടങ്ങൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലാണ് അണലിയെ സാധാരണയായി കാണാറുളളത്. ഇതിന്റെ നിറം കാരണം ഇത്തരം സ്ഥലങ്ങളിൽ പെട്ടെന്ന് കണ്ട് പിടിക്കാൻ പാടാണ്. അതിനാൽ നടക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചേനത്തണ്ടൻ എന്നും അണലിക്ക് വിളിപ്പേരുണ്ട്.
4. ചുരുട്ടമണ്ഡലി
ചെറുതാണെങ്കിലും ഏറെ അപകടകാരിയാണ് ഈ പാമ്പ് . വരണ്ടതും മണൽ നിറഞ്ഞതും പാറക്കെട്ടുകളുള്ളതുമായ പ്രദേശങ്ങളാണ് ചുരുട്ട മണ്ഡലിക്ക് കൂടുതൽ ഇഷ്ടം. കല്ലുകൾ, തടിക്കഷണങ്ങൾ അല്ലെങ്കിൽ ചപ്പുചവറുകൾ എന്നിവയ്ക്കടിയിൽ ഇവ ഒളിച്ചിരിക്കാറുണ്ട്.
5. ചേര
പാമ്പുകളിലെ പാവത്താനാണ് ചേര. ഇവയ്ക്ക് വിഷമില്ല. വീടുകൾ, പൂന്തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവയ്ക്ക് ചുറ്റും സാധാരണയായി ചേരയെ കാണാറുണ്ട്. ചിലപ്പോൾ വീടിന്റെ മേൽക്കൂരയിൽ വരെ കയറിപ്പറ്റാറുണ്ട്. എലികളെ തിന്നുന്നതിനാൽ ഇവ മനുഷ്യർക്ക് ഉപകാരികളുമാണ്.



Click it and Unblock the Notifications
