മണിപ്പൂരില്‍ പിടിമുറുക്കി കലാപം; എന്താണ് സംഘര്‍ഷത്തിന് പിന്നില്‍, കാരണങ്ങള്‍ അറിയാം
ദില്ലി: മണിപ്പൂരില്‍ സംഘര്‍ഷം പിടിമുറിക്കിയിരിക്കുകയാണ്. ഇന്ന് എല്ലാ ജില്ലകളിലും അതിജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍. മെയ്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി നിര്‍ദേശമാണ് ഇപ്പോള്‍ കലാപം ആളിക്കത്തിച്ചിരിക്കുന്നത്. മണിപ്പൂരില്‍ മെയ്തികളുടെ ജനസംഖ്യ നോക്കുകയാണെങ്കില്‍ 53 ശതമാനത്തോളം വരും.
ആകെ ജനസംഖ്യയുടെ നല്ലൊരു ശതമാനവും ഇവര്‍ തന്നെയാണെന്ന് പറയാം. എന്നാല്‍ സംസ്ഥാനത്തെ ഭൂമിയില്‍ ആകെ പത്ത് ശതമാനമാണ് ഇവരുടെ കൈവശമുള്ളത്. മെയ്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്ക് മലമേഖലകളില്‍ ഭൂമി വാങ്ങാന്‍ സാധിക്കും. ഇവിടെയാണ് മണിപ്പൂരിലെ ആദിവാസികള്‍ താമസിക്കുന്നത്.

ഇതാണ് വലിയ ഏറ്റുമുട്ടലിനുള്ള പ്രധാന കാരണം. ഇംഫാലിലും, ചൂരചാന്ദ്പൂരിലും, അതിനടുത്തുള്ള മേഖലകളിലെല്ലാം കലാപങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മെയ്തികള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വംശമാണ്. അതുപോലെ കുക്കികള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സര്‍വേയ്‌ക്കെതിരെ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു മണിപ്പൂരില്‍. ഇത് ആദിവാസി സംഘടനകള്‍ പ്രഖ്യാപിച്ചതായിരുന്നു. വനമേഖല, സംരക്ഷിത വനമേഖല എന്നിവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതായിരുന്നു ഈ സര്‍വേ. ഇംഫാലില്‍ കുടിയൊഴിപ്പിക്കലിനിടെ സംസ്ഥാന സര്‍ക്കാര്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.സംസ്ഥാനത്തെ പ്രമുഖ വിഭാഗങ്ങളായ കുക്കികളും, നാഗകളും, ക്രിസ്ത്യന്‍ വിഭാഗമാണ്.
ഇവര്‍ മലനിരകളിലെ ആദിവാസി വിഭാഗമായിട്ടാണ് അറിയപ്പെടുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ നീക്കം മണിപ്പൂരിലെ ആദിവാസി സമുദായത്തിനെതിരെയുള്ള പടയൊരുക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രില്‍ 27നാണ് സംസ്ഥാന വിറച്ച നടപടിയുണ്ടായത്. ബിരേന്‍ സിംഗ് ഏപ്രില്‍ 28ന് ചുരചാന്ദ്പൂര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. അന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഒരു ജിം തലേദിവസം കലാപകാരികള്‍ കത്തിച്ച് കളഞ്ഞു.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
ഇത് പ്രശ്‌നങ്ങളുടെ തുടക്കമായിരുന്നു. ഏപ്രില്‍ 28ന് സര്‍ക്കാര്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സര്‍വീസുകളും റദ്ദാക്കി. ഏപ്രില്‍ 28ന് സര്‍ക്കാര്‍ നടപടി വന്നതിന് പിന്നാലെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അതേസമയം ഇന്റിജെനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അഥവാ ഐടിഎല്‍എഫ് പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചെങ്കിലും പോലീസ് ഇവിടെ നിന്ന് മാറിയിരുന്നില്ല. തുടര്‍ന്ന് വലിയൊരു ആള്‍ക്കൂട്ടം തുയ്‌ബോംഗ് ബസാറില്‍ തടിച്ചുകൂടി. ടയറുകള്‍ കത്തിച്ച് റോഡിലേക്ക് എറിയുകയും ചെയ്തു. മെയ് മൂന്നിനായിരുന്നു അടുത്ത പ്രശ്‌നങ്ങള്‍.
ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്. അഖിലേന്ത്യാ ആദിവാസി വിദ്യാര്‍ത്ഥി യൂണിയനായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തത്. മെയ്തികളെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയായിരുന്നു ഈ സമരം.
ഏകദേശം 60000 പേര്‍ ഈ റാലിയില്‍ പങ്കെടുത്തിരുന്നു. റാലിയില്‍ വലിയ ഏറ്റുമുട്ടലുമുണ്ടായി. തോര്‍ബുംഗ് ഏരിയയില്‍ വെച്ചായിരുന്നു സംഘര്‍ഷം. പതിനൊന്ന് പേര്‍ക്കാണ് പരിക്കേറ്റത്. വെടിയേറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു. കംഗ്‌പോക്പി ജില്ലയിലെ സായ്കുലില്‍ നിന്നുള്ളവരായിരുന്നു. മെയ്തികളും, പ്രതിഷേധക്കാരും തമ്മില്‍ തെരുവില്‍ യുദ്ധം നടന്നതോടെ പോലീസിനും, സുരക്ഷാ സേനയ്ക്കും ഇടപെടേണ്ടി വന്നു.
എട്ടോളം ജില്ലകളില്‍ നിരോധനാജ്ഞ വരെ പ്രഖ്യാപിച്ചു. സാധാരണക്കാര്‍ തോക്കുംപിടിച്ച് നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു. കുകി ആദിവാസി വിഭാഗത്തിലെ തീവ്രവാദ ഗ്രൂപ്പുകളായിരുന്നു സംഘര്‍ഷത്തിന് പിന്നിലെന്നാണ് സംശയം.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മെയ് നാലിന് ഇംഫാലില്‍ അടക്കം വലിയ സംഘര്‍ഷങ്ങളുണ്ടായി. ഇതോടെ ദ്രുത കര്‍മ സേനയടക്കം രംഗത്ത് വന്നു. അക്രമികളെ വെടിവെക്കാനുള്ള ഉത്തരവും വന്നിട്ടുണ്ട്.












Click it and Unblock the Notifications