ഗുരുവായൂരമ്പല നടയിൽ അമേയക്ക് വരണമാല്യം ചാർത്തി ജിഷിൻ; ആരാധകർ കാത്തിരുന്ന മുഹൂർത്തം വന്നെത്തി
ടെലിവിഷൻ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. വളരെ സ്വകാര്യമായി നടന്ന ഈ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഏറെ ചർച്ച ചെയ്യപ്പെട്ട ഇവരുടെ ബന്ധത്തെക്കുറിച്ച് ആരാധകർക്ക് ഇതോടെ വ്യക്തമായ ചിത്രം ലഭിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ജിഷിനും അമേയയും സജീവമായി പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ക്ഷേത്രത്തിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന് അനുയോജ്യമായി സന്തോഷത്തോടെയാണ് ഇരുവരെയും ചിത്രങ്ങളിൽ കാണുന്നത്. ജിഷിന്റേയും അമേയയുടേയും രണ്ടാം വിവാഹമാണിത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും ലിവ്-ഇൻ റിലേഷൻ തുടരുകയായായിരുന്നു.

പ്രേക്ഷകർക്ക് പരിചിതനായ മിനിസ്ക്രീൻ സ്ക്രീൻ താരവും ബിഗ് ബോസ് മലയാളം 7 വൈൽഡ് കാർഡ് എൻട്രിയുമാണ് ജിഷിൻ. അമേയയും അറിയപ്പെടുന്ന സീരിയൽ അഭിനേത്രിയാണ്. സഹതാരങ്ങളായി കണ്ടുമുട്ടിയ ഇരുവരും പിന്നീട് വാർത്തകളിൽ ഇടംനേടി. രഹസ്യ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞവർഷം വാലന്റൈൻസ് ദിനത്തിലാണ് ഇരുവരും തങ്ങൾ എൻഗേജ്‌ഡ് ആണെന്ന് വെളിപ്പെടുത്തിയത്. ജിഷിനൊപ്പമുള്ള ചിത്രം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചാണ് അമേയ സന്തോഷം അറിയിച്ചത്. പിന്നാലെ ജിഷിനും ഇത് ശരിവച്ചിരുന്നു. ബിഗ് ബോസിൽ നിന്ന് ജിഷിൻ കാര്യമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും അമേയ താരത്തിനോടൊപ്പം തന്നെ നിലകൊണ്ടു.
തുടക്കത്തിൽ തങ്ങൾ റിലേഷൻഷിപിൽ ആണെന്ന വാദങ്ങളെ ഇരുവരും നിഷേധിച്ചു. തങ്ങളുടെ ബന്ധം സൗഹൃദത്തേക്കാൾ ആഴമുള്ളതാണെന്നും, ജീവിതത്തിൽ സങ്കടങ്ങളിലൂടെ കടന്നുപോയവരാണെന്നും അഭിമുഖങ്ങളിൽ അമേയ വ്യക്തമാക്കി. അന്ന് ലേബലുകൾക്ക് പ്രാധാന്യമില്ലെന്നും ആരാധകരോട് സഹാനുഭൂതി കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പിന്നീട് 2024-ൽ അമേയ ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ച് വൈകാരിക ബന്ധത്തെക്കുറിച്ച് സൂചന നൽകി. തുടർന്നാണ് 2025 ഫെബ്രുവരിയിലെ വാലന്റൈൻസ് ദിനത്തിൽ, മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഇരുവരും വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. ജിഷിൻ പ്രൊപ്പോസ് ചെയ്‌തതും അമേയ സമ്മതം മൂളിയതും അവരുടെ ഒരുമിച്ചുള്ള ഭാവിയുമെല്ലാം വാർത്തയായി.
ഇവരുടെ മുൻകാല ബന്ധങ്ങളാണ് പലപ്പോഴും ചർച്ചകൾക്ക് വഴിതുറന്നത്. ജിഷിൻ മുമ്പ് നടി വരദയെ വിവാഹം കഴിച്ചിരുന്നു; ആ വിവാഹമോചനം വലിയ വാർത്താ പ്രാധാന്യം നേടി. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചും വേർപിരിയൽ സമയത്തെ വേദനയെക്കുറിച്ചും അമേയ തുറന്നു സംസാരിച്ചു. ഈ ഘട്ടങ്ങളിലെല്ലാം ജിഷിന്റെ സാമീപ്യം അവർക്ക് തുണയായിരുന്നു.














Click it and Unblock the Notifications