പ്രേമലു 2 ഇനി ഉണ്ടാവില്ലേ? 100 കോടിയിലധികം കളക്ഷൻ നേടിയിട്ടും ചിത്രം ഉപേക്ഷിച്ചു, കാരണം പറഞ്ഞ് നസ്‌ലൻ
മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നായ പ്രേമലുവിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് പലരും നോക്കി കണ്ടത്. ചിത്രം അനൗൺസ് ചെയ്‌തതിന് പിന്നാലെ വലിയ രീതിയിൽ സ്വീകാര്യത നേടുകയും ചെയ്‌തിരുന്നു. എന്നാൽ അധികം വൈകാതെ ആരാധകരെ നിരാശരാക്കി കൊണ്ട് ചിത്രം ഉപേക്ഷിക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു. കൃത്യമായ കാരണങ്ങൾ വ്യക്തമായില്ലെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവില്ലെന്നായിരുന്നു വിവരം.
ചിത്രത്തിലെ നായകനായ നസ്‌ലൻ തന്നെയാണ് പ്രേമലു ഉപേക്ഷിക്കാൻ കാരണമെന്നായിരുന്നു പല റിപ്പോർട്ടുകളും പറഞ്ഞിരുന്നത്. നസ്‌ലൻ ഗിരീഷ് എഡിയുടെ തിരക്കഥയിൽ തൃപ്‌തനായിരുന്നില്ല എന്നതാണ് കാരണമായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തത്. പിന്നാലെ ഗിരീഷ് എഡി നിവിൻ പോളിയെ നായകനാക്കി ചിത്രം അനൗൺസ് ചെയ്യുകയും അതിന്റെ ഷൂട്ട് ഉൾപ്പെടെ പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ പ്രേമലു 2 ഉപേക്ഷിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് നസ്‌ലൻ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം. ചിത്രത്തിന്റെ തിരക്കഥ പ്രതീക്ഷിച്ചത് പോലെ വന്നില്ലെന്നാണ് നസ്‌ലൻ പറയുന്നത്. അതുകൊണ്ടാണ് പ്രേമലു 2 ഉപേക്ഷിച്ചത്. എങ്കിലും ഭാവിയിൽ ആ ചിത്രം സംഭവിച്ചുകൂടായ്‌ക ഇല്ലെന്നും നസ്‌ലൻ പറയുന്നുണ്ട്.
മലയാള സിനിമയ്ക്ക് വലിയൊരു ബോക്‌സ് ഓഫീസ് വിജയം സമ്മാനിച്ച ചിത്രമായിരുന്നു 'പ്രേമലു'. ആഗോളതലത്തിൽ ഏകദേശം 136.25 കോടി രൂപയുടെ കളക്ഷൻ നേടിയ ഈ റൊമാന്റിക് കോമഡി, ഏറ്റവും കൂടുതൽ വരുമാനം നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഇന്ത്യയിൽ നിന്ന് 93.65 കോടി രൂപയും വിദേശ വിപണികളിൽ നിന്ന് ഏകദേശം 42.25 കോടി രൂപയുമാണ് ചിത്രം നേടിയതെന്ന് വാണിജ്യ കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിലെ കണക്കുകൾ തന്നെയാണ് ചിത്രത്തിനെ ഈ വിജയത്തിലേക്ക് നയിച്ചത്. യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു റൊമാന്റിക് കോമഡിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ നിന്ന് മാത്രം ലഭിച്ച 62.75 കോടി രൂപ മികച്ചൊരു നേട്ടമാണ്. മറ്റിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 30 കോടിയിലധികം രൂപ നേടിയതിന് പിന്നിൽ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്‌ത പതിപ്പുകളും മൗത്ത് പബ്ലിസിറ്റിയും വലിയ പങ്ക് തന്നെ വഹിച്ചു.
റിലീസ് ചെയ്‌ത് 44 ദിവസത്തിനുള്ളിൽ ഇന്ത്യയിലെ നെറ്റ് കളക്ഷൻ ഏകദേശം 71.95 കോടി രൂപയായി. ഇന്ത്യയിൽ നിന്നുള്ള മൊത്ത വരുമാനം 82.49 കോടി രൂപയിലെത്തി. ഈ കണക്കുകൾ, ആദ്യ വാരാന്ത്യത്തിന് ശേഷവും ചിത്രത്തിന് പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ചുവെന്നാണ് അടിവരയിടുന്നത്. പിന്നീട് വന്ന ലോക, വാഴ അടക്കമുള്ള ചിത്രങ്ങൾക്ക് വഴിതുറന്നതും പ്രേമലു ഉണ്ടാക്കിയ മാർക്കറ്റ് ആയിരുന്നു.
വിദേശ വിപണികളും 'പ്രേമലു'വിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഗൾഫ് രാജ്യങ്ങൾ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ അന്താരാഷ്ട്ര കളക്ഷൻ ഏകദേശം 41 മുതൽ 42.25 കോടി രൂപ വരെയായിരുന്നു. സോഷ്യൽ മീഡിയയിലെ അനുകൂല ചർച്ചകളും മറ്റും ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. തമിഴ് പതിപ്പും ചിത്രത്തിന്റെ മൊത്തത്തിലെ വിജയത്തിൽ നിർണായകമായി.
തമിഴ് പതിപ്പിന്റെ പ്രദർശനം ആരംഭിച്ച് 16 ദിവസത്തിനുള്ളിൽ മാത്രം 5 കോടി രൂപയിലധികം ചിത്രം നേടി. ഇത് യഥാർത്ഥ മലയാളം പതിപ്പിന്റെയും പിന്നീട് പുറത്തിറങ്ങിയ ഡബ്ബിംഗ് പതിപ്പുകളുടെയും കൂട്ടായ വിജയത്തിന് കരുത്തായി. ഈ തന്ത്രം സാധാരണ മലയാളം സർക്യൂട്ടുകൾക്ക് അപ്പുറം ചിത്രത്തിന് കൂടുതൽ സ്വീകാര്യത നൽകുകയും പിന്നീടുള്ള ചിത്രങ്ങൾക്ക് പ്രചോദനം ആവുകയും ചെയ്‌തിരുന്നു.














Click it and Unblock the Notifications