'ശ്രീനിയേട്ടനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്, പണം മടക്കി കൊടുത്തിട്ടും വാങ്ങിയില്ല'; ധ്യാനിനോട് ദിലീപ്
മലയാള സിനിമയിൽ ഒരുകാലത്തെ ജനപ്രിയ നായകന്മാരിൽ ഒരാളായിരുന്നു ദിലീപ്. രണ്ടായിരത്തിൽ തുടക്കത്തിൽ ദിലീപിന് ഉണ്ടായിരുന്ന ജനപ്രീതി പലർക്കും ഇന്ന് സ്വപ്‌നം മാത്രമാണ്. ഇടക്കാലത്ത് ചെറിയ വീഴ്‌ചകൾ വന്നെങ്കിലും ദിലീപ് തിരിച്ചുകയറുകയാണ്. ദിലീപിന് മുൻപേ സിനിമയിൽ മേൽവിലാസം ഉണ്ടാക്കിയെടുത്ത സകലമേഖലകളിലും തിളങ്ങിയ വ്യക്തിയായിരുന്നു ശ്രീനിവാസൻ. താരവും ഒരു ജനപ്രിയനായിരുന്നു.
ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ധ്യാൻ ശ്രീനിവാസനും, ദിലീപും, നാദിർഷയും പങ്കെടുത്ത പരിപാടിയിലാണ് ദിലീപ് തന്റെ മനസ് തുറന്നത്. ഓണത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ദിലീപ് പഴയ ഓർമ്മകൾ പങ്കുവച്ചത്. നേരത്തെ ശ്രീനിവാസന്റെ മരണത്തിന് ശേഷം ദിലീപ് അവിടേക്ക് എത്തിയതും അതിന്റെ വീഡിയോ ദൃശ്യങ്ങളും ഒക്കെ വൈറലായിരുന്നു.

ജനം ടിവിയിലാണ് അഭിമുഖം സംപ്രേഷണം ചെയ്‌തത്. കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായ ഒരു പ്രശ്‌നത്തിൽ തന്നെ ശ്രീനിവാസൻ എങ്ങനെയാണ് സഹായിച്ചതെന്ന് പറയുകയായിരുന്നു ദിലീപ്. ശ്രീനിയേട്ടനോട് ഒരിക്കലും തീരാത്ത കടപ്പാട് തനിക്കുണ്ടെന്നും അതിന്റെ കാരണം എന്താണെന്നും ദിലീപ് വെളിപ്പെടുത്തി.
'ധ്യാനിന്റെ അച്ഛനോട് എനിക്ക് വ്യക്തിപരമായി വലിയ കടപ്പാടുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ഘട്ടത്തിൽ എന്നെ സഹായിച്ച ആളാണ് അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഗൾഫിൽ ഒരു സ്‌റ്റേജ് പ്രോഗ്രാമിന് പോയപ്പോഴായിരുന്നു ആ സംഭവം. അന്ന് ഞാൻ സ്‌റ്റേജ് ഷോകളും ഒപ്പം അസിസ്‌റ്റന്റ് ഡയറക്‌ടർ ജോലിയുമൊക്കെയായി സിനിമയിൽ തുടക്കക്കാരനായി നിൽക്കുന്ന സമയമായിരുന്നു' ദിലീപ് പറയുന്നു.
'സിനിമ കാണാനും പാട്ടുകൾ ആസ്വദിക്കാനുമായി ഏറെ ആഗ്രഹിച്ച് കൈയ്യിലുണ്ടായിരുന്ന കാശ് എല്ലാം ചേർത്തുപിടിച്ച് 500 ദിർഹം നൽകി ഒരു വിസിപി വാങ്ങിയിരുന്നു. എയർപോർട്ടിലെ ചെക്കിങ് ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ വിസിപിയുടെ കസ്‌റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെടുന്നത്. അന്ന് എയർപോർട്ട് കാര്യങ്ങളെക്കുറിച്ചോ അവിടെ ഡ്യൂട്ടി അടയ്ക്കേണ്ടതിനെക്കുറിച്ചോ ഒന്നും എനിക്ക് വലിയ ധാരണയില്ലായിരുന്നു' ദിലീപ് തുടർന്നു.
'കൈയിലെ കാശ് കൊണ്ടാണ് ഞാൻ അത് വാങ്ങിയത്. അതുകൊണ്ട് ഇനി ഡ്യൂട്ടി അടയ്ക്കാൻ പണമില്ലെന്ന കാര്യം ഞാൻ അവരോട് വിഷമത്തോടെ പറഞ്ഞു. എന്നാൽ പണം അടച്ചില്ലെങ്കിൽ സാധനം അവിടെ വെച്ചിട്ട് പോകാനായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്. ആറ്റുനോറ്റ് വാങ്ങിയ ആ സാധനം ഉപേക്ഷിച്ചു പോകേണ്ടി വരുമല്ലോ എന്ന് ഓർത്ത് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാണ് അവിടേക്ക് ശ്രീനിയേട്ടൻ വരുന്നത്' താരം പറഞ്ഞു.
'കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടൻ ഒട്ടും മടിക്കാതെ സ്വന്തം കൈയ്യിൽ നിന്ന് ആ ഡ്യൂട്ടി തുക അടയ്ക്കുകയും എനിക്ക് വിസിപി വാങ്ങിത്തരികയും ചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ആ പണം തിരികെ കൊടുക്കാൻ ഞാൻ പലതവണ അദ്ദേഹത്തിന്റെ അടുത്ത് ചെന്നെങ്കിലും അത് തിരികെ വാങ്ങാൻ ശ്രീനിയേട്ടൻ കൂട്ടാക്കിയില്ല' ദിലീപ് ധ്യാനിനോട് പറഞ്ഞു.
ഇതിനാവട്ടെ ധ്യാൻ നൽകിയ മറുപടി അതിലും രസകരമായിരുന്നു. അച്ഛൻ ആ പൈസ വാങ്ങിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല, എനിക്ക് തന്നാൽ മതി, ഞാൻ സന്തോഷത്തോടെ വാങ്ങിച്ചോളാം എന്നായിരുന്നു ധ്യാൻ ശ്രീനിവാസൻ ദിലീപിനോട് പറഞ്ഞത്. ഇതോടെ വൈകാരികമായ ആ നിമിഷം കൂട്ടച്ചിരിയിലേക്ക് മാറുകയായിരുന്നു.
അടുത്തിടെ ദിലീപുമായി ചേർന്ന് ഒന്നിലധികം ചിത്രങ്ങളിൽ ധ്യാൻ അഭിനയിച്ചിരുന്നു. പ്രിൻസ് ആൻഡ് ഫാമിലി, ഭഭബ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് വേഷമിട്ടിരുന്നു. ഇതിന് ശേഷം ഒട്ടുമിക്ക അഭിമുഖങ്ങളിലും ഇരുവരുടെയും കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഈ അഭിമുഖവും വൈറലാവുന്നത്.




Click it and Unblock the Notifications