'ദിയയുടെ ഉള്ളിലെ മതവിദ്വേഷം തുറന്നുകാട്ടപ്പെട്ടു, ആ കുട്ടി ചേച്ചിയായ അഹാനയെ കണ്ട് പഠിക്കണം'; ആലപ്പി അഷ്‌റഫ്

അടുത്തിടെയാണ് നടൻ കൃഷ്‌ണകുമാറിന്റെ മകളായ ദിയ കൃഷ്‌ണ മറ്റൊരു വിവാദത്തിൽ ചെന്നുപെട്ടത്. ഒരു ഉത്തരേന്ത്യൻ വ്‌ളോഗറുടെ വർഗീയമായ പരാമർശത്തിൽ പിന്തുണ പ്രഖ്യാപിച്ചതോടെ ദിയക്കെതിരെ വിമർശനം ശക്തമായിരുന്നു. ഇപ്പോഴിതാ ദിയയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

സോഷ്യൽ മീഡിയ പ്രചാരത്തിൽ എത്തിയ ആരംഭദിശയിൽ, നിലപാടുകൾ കൊണ്ടും, അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും, പ്രതികരണങ്ങൾ കൊണ്ടും, മറ്റുള്ളവരുടെ സ്നേഹവും ഇഷ്‌ടവും ഒക്കെ പിടിച്ചുപറ്റിയ ആളാണ് നടിയും ഇൻഫ്ലുവൻസറും ഒക്കെയായ അഹാന കൃഷ്‌ണകുമാർ. നടനും എൻഎഫ്‌ഡിസി ചെയർമാനുമായ കൃഷ്‌ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത കുട്ടിയാണ് അഹാന. അഹാനയെ കുറിച്ച് പറയുകയാണെങ്കിൽ, തനിക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങൾ തുറന്നു പറയുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യും.

diya krishna

അഹാനയുടെ അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച ചിലരെങ്കിലും അവരെ സൈബർ ബുള്ളിംഗിന് പാത്രമാക്കാറുണ്ട്; എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെ, അവരുടെ അഭിപ്രായത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ നിൽക്കുന്നതായി നാം കണ്ടിട്ടുള്ളതാണ്. മറ്റുള്ളവരുടെ ഇംഗിതത്തിന് വശപ്പെട്ട് ഒരിക്കലും അവരുടെ അഭിപ്രായത്തെ ന്യായീകരിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അഹാന ശ്രമിച്ചിട്ടില്ല. ഞാൻ പറയുന്നത് എന്റെ അറിവിലും ബോധ്യത്തിലുമുള്ള ശരികളാണ്; അത് മറ്റുള്ളവർക്ക് ബോധ്യപ്പെടാത്തത് എന്റെ കുറ്റമല്ല, അത് അവരുടെ കുറ്റമാണ് എന്നാണ് അഹാന പറയുന്നത്.

എന്നാൽ മറ്റുള്ളവർക്ക് തീരെ ബോധ്യപ്പെടാൻ ബുദ്ധിമുട്ടുള്ള ഒരേ ഒരു കാര്യമേ അഹാനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളൂ: അത് ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നാണെന്ന് തോന്നുന്നുമില്ല. അത് തന്റെ കുടുംബത്ത് അമ്മുമ്മയുമായി ഉണ്ടായ വഴക്കും അടിയും പ്രശ്‌നങ്ങളുമാണ്. അതൊക്കെ ഒതുക്കേണ്ടിടത്ത് ഒതുക്കി നിർത്താതെ പൊതുമധ്യത്തിൽ വന്ന് വിളമ്പിയത് തെറ്റല്ലേ? മുതിർന്നവരെ ബഹുമാനിക്കുക എന്നത് നമ്മുടെ ഭാരത സംസ്‌കാരത്തിന്റെ ഭാഗമല്ലേ? പിതാവായ കൃഷ്‌ണകുമാർ പറയുന്നുണ്ടല്ലോ, "പശുവിനെ പോലും അമ്മയായി കരുതണമെന്നും, സമയം കിട്ടുമ്പോഴൊക്കെ ചെന്ന് ആ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കണമെന്നും."

എന്നാൽ ഇവിടെ അഹാന അമ്മയുടെ മാതാവിനോട് കാണിച്ച പ്രവർത്തികൾ ന്യായീകരിക്കാവുന്നതാണോ? അത് അഹാനയുടെ ബോധ്യത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ ശരിയാണെന്ന് തോന്നുന്നുണ്ടോ? മറ്റുള്ളവർക്ക് അത് ബോധ്യപ്പെടാത്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ? കൃഷ്‌ണകുമാറിന്റെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബവും, നിങ്ങളൊക്കെ ഇൻഫ്ലുവൻസർമാരും ആകുമ്പോൾ, സമൂഹത്തിൽ നിങ്ങളെ ഇഷ്‌ടപ്പെടുന്നവരും, സ്നേഹിക്കുന്നവരും, നിങ്ങളെ അനുകരിക്കുന്നവരും ഒരുപാട് പേരുണ്ട്.

നിങ്ങളെ നിലനിർത്തി ഇന്നത്തെ ഈ സ്‌റ്റാറ്റസിൽ എത്തിച്ചത് ഇവിടത്തെ ഈ സമൂഹമാണ്; തീർച്ചയായും നിങ്ങൾക്ക് അവരോടും ഒരു കടപ്പാടും പ്രതിബദ്ധതയും ഉണ്ടായിരിക്കേണ്ടതല്ലേ? കൃഷ്‌ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്‌ണയെ കുറിച്ച് പറയുകയാണെങ്കിൽ, അഹാനയിൽ നിന്നും തികച്ചും വ്യത്യസ്‌തമായ കാഴ്‌ചപ്പാടും സ്വഭാവശൈലികളുമാണ് വെച്ചുപുലർത്തുന്നത്.

ഒരു വിവാദ നായികയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാനാണ് അവർ ആഗ്രഹിക്കുന്നത്; അതിനായി അവർ വിവാദങ്ങൾ സ്വയം സൃഷ്‌ടിച്ചെടുക്കാറുണ്ട് എന്ന് വേണം കരുതാൻ. കൃഷ്‌ണകുമാറിന്റെ മകളും അഹാനയുടെ അനുജത്തിയും എന്ന ലേബലിലാണ് ദിയ കൃഷ്‌ണയെ ആദ്യകാലങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. കലാപരമായ കഴിവുകൾ ഒന്നുമില്ല, ഒരു കലാകാരിയുമല്ല.

കുടുംബപരമായും വ്യക്തിപരമായും ഉള്ള കാര്യങ്ങൾ, സ്വന്തം പ്രസവരംഗം ഉൾപ്പെടെ, സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഒരു ഇൻഫ്ലുവൻസർ ആയിട്ടാണ് അവർ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അറിവില്ലായ്‌മ കൊണ്ടും വിവരക്കേടുകൾ കൊണ്ടും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന ഒരു പ്രശ്‌നക്കാരിയായിട്ടാണ് ഇവരെ പലരും ചിത്രീകരിച്ചിട്ടുള്ളത്. അതിനെ പലപ്പോഴും ശരിവയ്ക്കുന്നതാണ് ഇവരുടെ ചില പ്രസ്‌താവനകളും പ്രവർത്തികളും.

ദിയയുടെ സ്വഭാവരീതികൾ കാണുമ്പോൾ കൃഷ്‌ണകുമാർ പറഞ്ഞ ഒരു കാര്യം ഓർമ്മ വരികയാണ്: ചെറുപ്പത്തിൽ എന്നെ പലരും വിളിച്ചിരുന്നത് "പ്രശ്‌നകുമാർ" എന്നായിരുന്നു എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. ഭർത്താവായ അശ്വിന്റെ അമ്മയെ പ്രണയകാലത്ത് ഏറെ സ്നേഹത്തോടെ "അമ്മേ" എന്ന് വിളിച്ചിരുന്ന ദിയ, വിവാഹശേഷം നിലപാട് മാറ്റി അശ്വിന്റെ അമ്മയെ "ആന്റി" എന്ന് സംബോധന ചെയ്യാൻ തുടങ്ങി. അതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു.

അപ്പോഴേക്കും ദിയയുടെ പ്രതികരണം എത്തി: "സിന്ധു കൃഷ്‌ണയാണ് എന്റെ അമ്മ. അല്ലാതെ വഴിയിൽ കാണുന്നവരെയൊന്നും അമ്മ എന്ന് വിളിക്കാൻ എനിക്കാവില്ല. എന്റെ മകൻ ഓമി വിവാഹം കഴിച്ചാൽ, അവൻ ഭാര്യയുടെ അമ്മയെ 'അമ്മേ' എന്ന് വിളിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല. സ്വന്തമായി അച്ഛനും അമ്മയും ഇല്ലാത്തവർ മറ്റുള്ളവരെ പോയി 'അച്ഛാ, അമ്മേ' എന്നൊക്കെ വിളിക്കട്ടെ." ഈ വാചകങ്ങൾ അനാഥരായവരെ ആക്ഷേപിച്ചതായി ചിത്രീകരിക്കപ്പെട്ടു.

അതുപോലെ തന്നെ, കുഞ്ഞുങ്ങൾക്ക് വാക്‌സിൻ എടുക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച ദിയയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ദിയ പറഞ്ഞത്, വാക്‌സിൻ എടുത്ത കുഞ്ഞുങ്ങൾക്ക് ക്രോണിക് ആയ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ ഏറെയാണെന്നാണ്. ഇത് പറഞ്ഞപ്പോൾ, സ്വന്തം കുട്ടിക്ക് വാക്‌സിൻ എടുത്ത വീഡിയോ പങ്കുവെച്ചുകൊണ്ട് അവർക്കെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തി.

ഇതുപോലെ പല പല വിവാദങ്ങളും ദിയ ഉണ്ടാക്കാറുണ്ട്. ഇതൊക്കെ ചിലപ്പോൾ വൈറൽ ആകാനുള്ള കണ്ടെന്റായി അവർ കാണുന്നുണ്ടാകാം. ഇവരുടെ ഇത്തരം കണ്ടെന്റുകൾ തലമുറകളെ എത്രമാത്രം സ്വാധീനിക്കുമെന്ന് ഇവരെപ്പോലുള്ളവർ മനസ്സിലാക്കേണ്ടതല്ലേ? നിങ്ങളെയൊക്കെ പിന്തുടർന്ന് അനുകരിക്കുന്ന കൊച്ചു കുട്ടികൾ അടക്കമുള്ള വലിയൊരു സമൂഹം ഇവിടെയുണ്ട്. അവർക്കൊക്കെ എന്ത് സംസ്‌കാരവും സന്ദേശവുമാണ് ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ നിങ്ങൾ നൽകുന്നത്? ഇന്ന് സോഷ്യൽ മീഡിയയിൽ പുതിയൊരു വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് എയറിൽ നിൽക്കുകയാണ് ദിയ.

അമൃത സിംഗ് എന്ന വിദ്വേഷ പ്രചാരകന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വന്ന ഒരു വീഡിയോയ്ക്ക് അടിയിൽ ദിയ ഒരു കമന്റ് ഇട്ടു: "സാഡ് റിയാലിറ്റി." അതായത്, സങ്കടകരമായ യാഥാർത്ഥ്യം എന്നായിരുന്നു അത്. കൊച്ചി കാണാനെത്തിയ വിദ്വേഷ പ്രചാരകനായ ഒരു യൂട്യൂബർ, ഫോർട്ട് കൊച്ചിയിലുള്ള കാശി ആർട്ട് കഫേയിൽ ഭക്ഷണം കഴിക്കാനായി കയറി. അവിടത്തെ ആർട്ട് ഗാലറിയിലെ ഇൻസ്‌റ്റലേഷനിൽ ഗാന്ധിജിയുടെയും ജിന്നായുടെയും ചിത്രങ്ങൾ ഇലകലർത്തി പ്രദർശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചു.

ഭക്ഷണം കഴിക്കുവാനായി മെനു കാർഡിലേക്ക് അയാൾ നോക്കിയപ്പോൾ, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ബീഫ് ചില്ലി തുടങ്ങിയ വിവിധ ഇനത്തിലുള്ള വിഭവങ്ങൾ കാണുവാൻ ഇടയായി. വെളിയിലേക്ക് നോക്കിയപ്പോൾ, പർദ്ദധാരികളായ സ്ത്രീകളെയും തൊപ്പിവെച്ച പുരുഷന്മാരെയും കാണുവാൻ ഇടയായി. ഉടൻ തന്നെ അതെല്ലാം കണ്ടെന്റാക്കി, വർഗീയത കൂടി കുത്തിത്തിരുകി ഒരു വീഡിയോ വെച്ചങ്ങ് കാച്ചി. ഫോർട്ട് കൊച്ചി നിറയെ മുസ്ലിങ്ങളാണെന്നും, കേരളം അപകടത്തിലാണെന്നും, കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്നുമുള്ള വിഷം ചീറ്റുന്ന വർഗീയത നിറഞ്ഞ വീഡിയോ ആയിരുന്നു അത്.

ഇതൊക്കെ ശ്രമിച്ച നമ്മുടെ വിവാദ നായിക ദിയ ലൈക്കും കമന്റും കൊടുത്ത് അതിന് പ്രോത്സാഹനവും നൽകി. നമ്മൾ സമാധാനത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും ഏകോദര സഹോദരങ്ങളെ പോലെയും ജീവിക്കുന്ന സുന്ദരമായ ഈ കൊച്ചു കേരളത്തിൽ വന്ന് വിദ്വേഷം പടർത്തുന്ന വീഡിയോ പ്രചരിപ്പിച്ചപ്പോൾ, അതിനടിയിൽ ഇൻഫ്ലുവൻസറായ ദിയ വന്ന് അയാളുടെ പ്രസ്‌താവനകളെ ശരിവയ്ക്കുന്ന രീതിയിൽ കമന്റ് ഇട്ടത്, അവരുടെ ഉള്ളിലെ മതവിദ്വേഷത്തെ തുറന്നുകാട്ടുന്നതായി ചിത്രീകരിക്കപ്പെട്ടു.

ആദ്യമൊക്കെ അതിനെ ന്യായീകരിച്ചു പറഞ്ഞ ദിയ, പിന്നീട് അവർക്കെതിരെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും കടുത്തപ്പോൾ കിടന്ന് മെഴുകുന്ന കാഴ്‌ചയാണ് കാണാൻ സാധിച്ചത്. അവർ ഇപ്പോൾ പറയുന്നു, ആ വീഡിയോയുടെ ആദ്യ കുറച്ചു ഭാഗങ്ങൾ മാത്രമേ താൻ കണ്ടുള്ളൂ. "ഗാന്ധിജി ഓക്കേ, നെഹ്റു സാറും കുഴപ്പമില്ല. പക്ഷേ ജിന്നയുടെ മുഖം കണ്ടപ്പോൾ എന്റെ മൂട് പോയി." അമൃത സിംഗ് പറയുന്നത്, ഫോർത്ത് കൊച്ചിയിൽ 95% മുസ്ലിങ്ങളാണെന്നും, ബാക്കിയുള്ളവർ അവിടെ പേടിച്ചു കഴിയുകയാണെന്നുമാണ്.

എന്നാൽ സത്യം അതല്ല. ഫോർട്ട് കൊച്ചി ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു മേഖലയാണ്. അതുപോലെ തന്നെ, കാശി ആർട്ട് കഫേയുടെ നിലവിലെ ഉടമസ്ഥൻ ക്രിസ്ത്യാനിയാണെന്നാണ് പറയപ്പെടുന്നത്. ഫോർത്ത് കൊച്ചി പോലീസ് അമൃത് സിംഗിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. സ്വന്തം ജനങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം ദിയയ്ക്ക് നേരെ ഉയർന്നുവന്നു. വിമർശനങ്ങളും കമന്റുകളും കൊണ്ട് തന്റെ ഇൻസ്‌റ്റഗ്രാം പേജ് പൊങ്കാല കൊണ്ട് നിറഞ്ഞപ്പോൾ, സന്തോഷം സഹിക്കവയ്യാതെ പേജ് പൂട്ടിക്കെട്ടിക്കൊണ്ട് ദിയ രക്ഷപ്പെട്ടു.

ദിയ പണ്ടൊക്കെ ചെയ്യുന്നതും പറയുന്നതും ഒക്കെ പ്രായത്തിന്റെ എടുത്തുചാട്ടവും പക്വതയില്ലായ്മയായി കണ്ട്, പൊതുസമൂഹം അതെല്ലാം തള്ളിക്കളയുകയാണ് ചെയ്‌തിട്ടുള്ളത്. എന്നാൽ ഇപ്പോൾ നിങ്ങൾ മുതിർന്ന, പക്വമതിയായ ഒരു സ്ത്രീയും, അമ്മയും, ഭാര്യയും, കുടുംബിനിയും ഒക്കെയാണ്. അറിവില്ലായ്‌മ അലങ്കാരമായും അഹങ്കാരമായും കരുതാതെ, കാര്യങ്ങളോടുള്ള സമീപനത്തിൽ മൂത്ത സഹോദരിയായ അഹാനയെ മാതൃകയാക്കുന്നത് ചില കാര്യങ്ങളിൽ എന്തുകൊണ്ടും നന്നായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma