'വിമർശിച്ചതിന് എംജിആറിനെ ഡിഎംകെ പുറത്താക്കി, അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം ഒറ്റയ്ക്ക് ജയിച്ചു'; സിദ്ധു പനക്കൽ

മലയാളിയായി പിറന്നെങ്കിലും തമിഴ്‌നാട്ടിലെ ഏറ്റവും ജനകീയ വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു എംജി രാമചന്ദ്രൻ എന്ന എംജിആർ. വെറുമൊരു സിനിമ താരമെന്ന നിലയിൽ ആയിരുന്നില്ല തമിഴ് മക്കൾ അദ്ദേഹത്തെ നെഞ്ചിലേറ്റിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ വികാസങ്ങൾ എടുത്തുപറയുകയാണ് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറായ സിദ്ധു പനക്കൽ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പങ്കുവച്ചത്.

സിദ്ധു പനക്കലിന്റെ വാക്കുകൾ

പാർട്ടിയിൽ ഒരു നേതാവിന്റെ വ്യക്തിപ്രഭാവം, ജനങ്ങൾക്കിടയിലുള്ള സ്വാധീനം, നേതൃപാടവം അത് തിരിച്ചറിയാൻ അതേ പാർട്ടിയിലെ മറ്റു നേതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ, അത് ചരിത്രത്താളുകളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നിയോഗമായി മാറും. 1967ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈ സ്ഥാനമേറ്റു. 1969ൽ അദ്ദേഹം മരണപ്പെട്ടു തുടർന്ന് 1969 മുതൽ കലൈഞ്ചർ കരുണാനിധിയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട് ഭരണം.

mgr

ഡിഎംകെയിൽ കരുണാനിധിയുടെ അടുത്ത അനുയായിയായിരുന്നു മധുരൈ മുത്തു എന്ന നേതാവ്. ഇദ്ദേഹം എംജിആറിന്റെ കടുത്ത വിമർശകനായിരുന്നു. പറ്റുന്ന ഇടങ്ങളിലൊക്കെ എംജിആർ നെ വിമർശിക്കുക എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. 1971ൽ നടന്ന ഇലക്ഷനിൽ വീണ്ടും ഡിഎംകെ അധികാരത്തിലെത്തി. മുഖ്യമന്ത്രി കരുണാനിധി.

1972 ൽ മധുരയിൽ ഡിഎംകെ പാർട്ടിയുടെ ഒരു സമ്മേളനം നടന്നു. ആ വേദിയിൽ എംജിആർ പ്രസംഗിച്ചു ഡിഎംകെ ഗവൺമെന്റ്നെ മറിച്ചിടാൻ ഒരു ശ്രമം നടക്കുന്നുണ്ട് എന്ന് കേൾക്കുന്നു. അങ്ങനെ ഉണ്ടായാൽ ജനങ്ങൾ പട്ടാളത്തെ നേരിടാൻ തയ്യാറാകും. എംജിആറിന്റെ ഓരോ വാക്കും വാചകവും വലിയ ആവേശത്തോടെ ജനങ്ങൾ സ്വീകരിച്ചു.

എംജിആറിന്റെ പ്രസംഗവും അതിനോട് ജനങ്ങളുടെ പ്രതികരണം കണ്ട് സന്തോഷിച്ചു ഡി എം കെ നേതാക്കൾ. പ്രസംഗം അവസാനിപ്പിച്ച് എംജിആർ വേദിയിൽനിന്ന് യാത്രയയതിനെ തുടർന്നാണ് നേതൃത്വത്തെ ഞെട്ടിച്ച സംഭവം നടന്നത്. എംജിആർ പോയതോടെ സമ്മേളനത്തിന് വന്നിരുന്ന 75 ശതമാനം ജനങ്ങളും പിരിഞ്ഞു പോയി.

പിറ്റേ ദിവസത്തെ പത്രങ്ങളിൽ ഡിഎംകെ ആ സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളെക്കാൾ പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിച്ചത് എംജിആർ സംസാരിച്ചു കഴിഞ്ഞപ്പോൾ ജനങ്ങൾ പിരിഞ്ഞു പോയതിനെ കുറിച്ചായിരുന്നു. ഇത് ഡിഎംകെ നേതൃത്വത്തെ അസ്വസ്ഥമാക്കി. 1972 ഒക്ടോബർ രണ്ടാം തിയതി എംജിആറിന് ഭരത് അവാർഡ് കിട്ടിയതിന്റെ അനുമോദന യോഗവും അണ്ണാദുരൈയുടെ പിറന്നാൾ ആഘോഷവും സംയുക്തമായി നടത്താൻ തീരുമാനിച്ചു.

1971ൽ റിലീസായ റിക്ഷാക്കാരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എംജിആറിന് ഭരത് അവാർഡ് ലഭിച്ചത്. മലയാളിയായ സംവിധായകൻ എം കൃഷ്‌ണൻ നായർ ആയിരുന്നു റിക്ഷാക്കാരന്റെ സംവിധാനം.
തിരുകഴിക്കുൻഡ്രം ആണ് സമ്മേളന സ്ഥലം. ആ സമ്മേളനത്തിന് വരുമ്പോൾ എംജിആറിനു പോലും അറിയില്ലായിരുന്നു താൻ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഈ സമ്മേളനവേദി കാരണമാകുമെന്ന്.

ഡിഎംകെ നേതാക്കളെ പറ്റി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്ന കാലമായിരുന്നു അത്. എംജിആറിനെതിരെ സ്ഥിരമായി ആരോപണങ്ങൾ ഉന്നയിക്കുന്ന മധുരയ് മുത്തുവിനെ ആ വേദിയിൽ വെച്ച് എംജിആർ കഠിനമായി വിമർശിച്ചു. ഡിഎംകെക്ക് വോട്ട് ചെയ്യണം അഴിമതിരഹിത ഭരണം ഉണ്ടാകും എന്ന് ജനങ്ങളോട് പറഞ്ഞ് വോട്ട് ചോദിച്ച എനിക്ക് ഭരണത്തിൽ സുതാര്യത ഉണ്ടാവണം എന്ന് പറയാൻ അവകാശമില്ലേ എംജിആർ ചോദിച്ചു.

ഡിഎംകെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഇവരുടെയൊക്കെ ബന്ധുക്കൾ അവർക്കെല്ലാം എത്രമാത്രം സ്വത്തുക്കൾ ഉണ്ട് എന്ന് ഡിഎംകെ സമ്മേളനത്തിൽ ചോദ്യം ഉയരാത്തത് എന്താണ്. ഈ സ്വത്തുക്കൾ ഡിഎംകെ ഭരണത്തിൽ കയറിയതിനു ശേഷം ഉണ്ടായതാണോ അതിനു മുൻപുള്ളതാണോ എന്ന് ഞാൻ ചോദിക്കുന്നത് തെറ്റാണോ. എംജിആർ കത്തിക്കയറി.

നേരായ വഴിയിലാണ് നേതാക്കൾ സമ്പാദിച്ചതെങ്കിൽ കണക്ക് കാണിക്കണം. നേതാക്കളുടെ സ്വത്ത് വിവരം വെളിപ്പെടുത്തണം എന്ന് ഞാൻ ഡിഎംകെ യോഗത്തിൽ ആവശ്യപ്പെടും. അതിന് മറുപടി ലഭിക്കുന്നില്ലെങ്കിൽ തമിഴ്‌നാട് മുഴുവൻ സഞ്ചരിച്ച് ഇതേ ചോദ്യം ഞാൻ ചോദിക്കും.

അന്ന് വൈകിട്ട് തന്നെ രായപ്പേട്ടയിൽ എംജിആർ ആരാധകരുടെ ഒരു യോഗം ആർഎം വീരപ്പൻ വിളിച്ചു ചേർത്തിരുന്നു. തിരുക്കഴികുൻഡ്രത്തെ വേദിയിൽ എംജിആർ എന്താണ് സംസാരിച്ചതെന്ന് വീരപ്പൻ അറിഞ്ഞിരുന്നില്ല. തിരുക്കുഴികുണ്ഡ്രത്തിൽ ചോദിച്ച അതേ ചോദ്യങ്ങൾ ആരാധകർക്ക് നടുവിലും എംജിആർ ചോദിച്ചു. അധികാരത്തിലുള്ളവർ സംശുദ്ധരാണെന്ന് തെളിയിക്കണമെന്നും, അങ്ങനെ അല്ലാത്തവരെ ജനങ്ങൾ തൂക്കി എറിയണമെന്നും ണമെന്നും എംജിആർ ആവശ്യപ്പെട്ടു.

എംജിആറിന്റെ ഈ പ്രസ്‌താവന ഡിഎംകെ നേതൃത്വത്തെ ചൊടിപ്പിച്ചു. മദ്രാസിൽ ഇല്ലാതിരുന്ന മുഖ്യമന്ത്രി ഉടൻ മദ്രാസിലേക്ക് തിരിച്ചു. ഇങ്ങനെ ഒരു പ്രസ്‌താവന നടത്തിയ എംജിആറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു.

1972 ഒക്ടോബർ 10ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. പാർട്ടി കൂടെയില്ലെങ്കിൽ പിന്നെ എന്ത് എംജിആർ എന്നെല്ലാം പല നേതാക്കളും ചോദിച്ചു. ഒക്ടോബർ 14ന് പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള ഔദ്യോഗിക തീരുമാനം വരികയും ചെയ്‌തു. ആ തീരുമാനം ഡിഎംകെ സ്വന്തം തലയിൽ മണ്ണുവാരി ഇടുന്നതിനു തുല്യമായിരുന്നു.

1972 ഒക്ടോബർ 17ന് എംജിആർ സ്വന്തം പാർട്ടിയായ എഡിഎംകെ( അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ) രൂപീകരിച്ചു. പിന്നീടത് എഐഎഡിഎംകെയായി. എംജിആറിനെ പുറത്താക്കുമ്പോൾ പുതിയ ഗവൺമെന്റ് അധികാരത്തിലേറി ഒരു കൊല്ലം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 1977ൽ നടന്ന അടുത്ത ഇലക്ഷനിൽ ഡിഎംകെയെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞ് എം ജി ആർ അധികാരം പിടിച്ചു.

1977 മുതൽ 87 വരെ മൂന്ന് തവണ അദ്ദേഹം അധികാരത്തിലെത്തി. ഇതിനിടയിൽ എംജിആറിന്റെ കടുത്ത വിരോധിയായിരുന്നു മധുര മുത്തു കരുണാനിധിയുമായി വേർപിരിയുകയും എംജിആറിന്റെ അനുയായിയാവുകയും ചെയ്‌തു.

1977 ജൂൺ മാസത്തിൽ അധികാരമേറിയ അദ്ദേഹം 1980 ഫെബ്രുവരി 17 വരെ മുഖ്യമന്ത്രിയായിരുന്നു. ആ സമയത്ത് കേന്ദ്ര ഗവൺമെന്റ് തമിഴ്‌നാട് സർക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് മൂന്നുമാസം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു തമിഴ്‌നാട്. 1980ൽ രണ്ടാമതും അധികാരത്തിലേറിയ അദ്ദേഹം 1985ൽ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. 1987 ഡിസംബർ 24ന് അധികാരത്തിലിരിക്കെ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma