"അന്ന് മമ്മൂട്ടി നന്ദിയില്ലാത്ത വർത്തമാനം അല്ലേ പറയുന്നതെന്ന് തോന്നി, പഴയ സംവിധായകരെ അദ്ദേഹം ഒഴിവാക്കി"

നാലാമത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ചുവടുമാറ്റത്തെ കുറിച്ചും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

72-ാമത് കേന്ദ്ര ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇപ്പോൾ 2026 ആണെങ്കിലും, പ്രഖ്യാപിച്ചിരിക്കുന്നത് 2024-ലെ കേന്ദ്ര ചലച്ചിത്ര അവാർഡുകളാണ് എന്ന് പ്രത്യേകം ഓർക്കണം. കൺഫ്യൂഷൻ വരരുത്. രണ്ടു വർഷം പുറകിലൂടെയാണ് ഇത് ഓടിക്കൊണ്ടിരിക്കുന്നത്. കലാരംഗത്തെയോ സിനിമയെയോ രാജ്യം ഭരിക്കുന്നവർ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമോ സൂചനയോ ആയി ഇതിനെ കണ്ടാൽ തെറ്റ് പറയാൻ പറ്റില്ല.

mammootty

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടി, മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരം തന്റെ 75-ാം വയസിൽ നേടിയെടുത്തു എന്നതാണ് പ്രധാന നേട്ടം. മലയാള വർത്തമാനകാല സിനിമയിൽ ഈ കൊടുമൺ പോറ്റിയായും ചാത്തനായും ഇത്രയും കയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ പറ്റിയ മറ്റൊരു നടൻ ഉണ്ടോ എന്ന് ചിന്തിച്ചാൽ, ഇത്രത്തോളം മികവ് ആ കഥാപാത്രത്തിന് നൽകാൻ പറ്റിയ മറ്റൊരു പേര് ഉണ്ടാവില്ല എന്ന് തന്നെയാണ് പറയേണ്ടിവരുന്നത്.

രണ്ട് ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ ഒറ്റ ശരീരത്തിലേക്ക് ആവാഹിക്കുന്നതുപോലെ, സംശ്ലേഷിച്ച് ക്യാമറയ്ക്ക് മുന്നിൽ മമ്മുക്ക കാണിച്ച പ്രകടനം നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു ഒന്നൊന്നര ആയിരുന്നു എന്നേ പറയാൻ കഴിയൂ. ഡെന്നിസ് ജോസഫിന്റെ അഥർവ്വം അടക്കം ഏതൊക്കെയോ സിനിമകളിൽ മമ്മൂട്ടി അതീന്ദ്രിയ ധ്യാനമുള്ള, മന്ത്രതന്ത്രങ്ങൾ പഠിച്ച കഥാപാത്രങ്ങളെ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. കൊടുമൺ പോറ്റിയായും ചാത്തനായും അദ്ദേഹം അവതരിപ്പിച്ച ശൈലി, ഒരു സൂപ്പർസ്‌റ്റാറിന്റെ ഇമേജ് ശ്രദ്ധിക്കാതെ അദ്ദേഹം കാഴ്‌ചവെച്ച പ്രകടനം, തിയേറ്ററിലെ തണുപ്പിലും പ്രേക്ഷകന് ചൂട് പകരുന്നതായിരുന്നു.

ഈ കഥാപാത്രത്തെപ്പറ്റി പറയാൻ ഏതോ ആർട്ടിസ്‌റ്റ് വരച്ചുകൊടുത്ത സ്കെച്ചുകളുമായി രാഹുൽ സദാശിവൻ എന്ന സംവിധായകൻ മമ്മുക്കയെ കാണുന്നു. ആ സ്കെച്ചുകൾ മറിച്ചുനോക്കുമ്പോഴൊക്കെ മമ്മൂട്ടിക്ക് മനസിലായിക്കാണണം, ഈ വേഷം തനിക്ക് ഒരുപാട് പെർഫോം ചെയ്യാൻ വകയുള്ളതാണ് എന്ന്. ഈ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരണം എന്നും സംവിധായകൻ പറയുമ്പോൾ, പുതുമയിലും പരീക്ഷണങ്ങളിലും എന്നും മനസ് ചെന്ന് നിൽക്കുന്ന മമ്മുക്ക, "കൊള്ളാലോ, നമുക്കിത് ചെയ്യാം" എന്ന ഉറപ്പാണ് രാഹുലിന് നൽകിയത്.

കൊടുമൺ പോറ്റിയാകാൻ മമ്മൂട്ടി സമ്മതിച്ചില്ലായിരുന്നു എങ്കിൽ, ഈ തിരക്കഥ സിനിമയാക്കില്ലായിരുന്നു എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്. 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ജൂറിയുടെ ഒരു നിരീക്ഷണമുണ്ട്. മികച്ച നടനായി നിശ്ചയിച്ച മമ്മൂട്ടിയെക്കുറിച്ചും കൊടുമൺ പോറ്റിയെക്കുറിച്ചും അവർ പറഞ്ഞത് ഇങ്ങനെയാണ്: "കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏക ശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട്, അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്‌മമായും ആവിഷ്‌കരിച്ച ഭാവാഭിനയ മികവിനാണ് ഈ വർഷത്തെ അവാർഡ്."

ഒരേ പാറ്റേണിൽ മമ്മൂട്ടിയുടെ സ്‌റ്റാർഡം നിലനിർത്താൻ പാകത്തിൽ സൂപ്പർഹിറ്റുകൾ ഉണ്ടാക്കിയിരുന്ന ഒരു ഡസനോളം സംവിധായകർ ഇവിടെ ഉണ്ടായിരുന്നു. അവരെ ഒരു ഘട്ടം കഴിഞ്ഞ് നൈസായി ഒഴിവാക്കി, പുതിയ ചിന്തകളും കാഴ്‌ചപ്പാടുകളുമായി വരുന്ന പുതിയ തലമുറയോടൊപ്പം നീങ്ങാൻ മമ്മൂട്ടി തീരുമാനിച്ചതാണ് നാലാമതും ദേശീയ അവാർഡ് നേടാൻ കാരണമായത്. മാത്രമല്ല, 40 വർഷത്തിലധികമായി തിരശ്ശീലയിൽ കണ്ടിട്ടും പ്രേക്ഷകർക്ക് മടുക്കാത്തതിനും ഈ ചുവടുമാറ്റം തന്നെയാണ് പ്രധാന കാരണം എന്ന് പറയാം.

ജോഷി സാറും ഫാസിൽ സാറും സിബി മലയിൽ സാറും തുടങ്ങി നിരവധി സംവിധായകരുടെ പ്രിയപ്പെട്ട നായകനായിരുന്നു ഒരുകാലത്ത് മമ്മൂട്ടി. "പുതുതലമുറ എന്നെ കൈക്കുമ്പിളിൽ വെച്ചുകൊണ്ട് നടക്കും" എന്ന അദ്ദേഹത്തിന്റെ ചുവടുമാറ്റത്തിന്റെ ന്യായം കേട്ടപ്പോൾ, അന്ന് സത്യത്തിൽ എനിക്ക് അമർഷം തോന്നി. നന്ദിയില്ലാത്ത വർത്തമാനം അല്ലേ ഈ പറയുന്നത് എന്ന് തോന്നി.

എന്നാൽ, ഈ പുതിയ സംവിധായകരോടൊപ്പം മമ്മൂട്ടി ചേർന്നപ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ പ്രായം നമ്മൾ ഓർത്തില്ല; ഓർക്കാൻ അദ്ദേഹം ഇട നൽകിയില്ല എന്ന് പറയാം. ഉണ്ട, പുഴു, നൻപകൽ നേരത്ത് മയക്കം, കാതൽ പോലുള്ള വ്യത്യസ്‍തമായ മുഖവും വിഷയവുമുള്ള സിനിമകളിൽ സഹകരിച്ച്, മമ്മൂട്ടി തന്നെത്തന്നെ സ്‌ഫുടം ചെയ്‌ത്‌ ശുദ്ധീകരിച്ചു എന്ന് പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+