'ജനങ്ങളുടെ സ്നേഹം തിരിച്ചറിഞ്ഞിരുന്നെങ്കിൽ കലാഭവൻ മണി തീർച്ചയായും പുനർജനിക്കുമായിരുന്നു'; സിദ്ധു പനക്കൽ
മലയാള സിനിമയിലെ മറക്കാനാവാത്ത പേരുകളിൽ ഒന്നാണ് കലാഭവൻ മണിയുടേത്. അകാലത്തിൽ പൊലിഞ്ഞുപോയ മണിയെ ആരാധിക്കുന്നവർ ഇപ്പോഴും കുറവല്ല. ഇപ്പോഴിതാ കലാഭവൻ മണിയുടെ മരണ ശേഷം ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ സിദ്ധു പനക്കൽ. തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിദ്ധു പനക്കലിന്റെ വാക്കുകൾ
കലാഭവൻ മണിയെ ഞാൻ അവസാനമായി കണ്ടപ്പോൾ എടുത്ത ഫോട്ടോയാണ് ഇടത് സൈഡിൽ. വർഷങ്ങൾക്കുശേഷം മണി മരണപ്പെട്ടു കുറച്ചുകാലങ്ങൾക്ക് ശേഷം ഞാൻ മണിയുടെ വീട്ടിലേക്ക് പോവുകയുണ്ടായി. തിരികെ വരുമ്പോൾ മണി അച്ഛന്റെ സ്‌മാരകമായി പണിത ബിൽഡിങ്ങിന് താഴെ മണിയുടെ ഒരു പ്രതിമ വച്ചിട്ടുണ്ട്.. അവിടെയും കയറിയാണ് തിരികെ പോന്നത്. ഫോട്ടോയും എടുത്തു.

കുറെ നാളുകൾക്കു ശേഷം ഈ രണ്ടു ഫോട്ടോയും ഒരുമിച്ചു കണ്ടപ്പോഴാണ് ഒരു യാദൃശ്ചികത ഞാൻ ശ്രദ്ധിച്ചത്. ഞാൻ അവസാനം മണിയെ കാണുമ്പോൾ ഇട്ടിരുന്ന ഷർട്ടും പാന്റും തന്നെയാണ് മണിയുടെ വീട്ടിൽ പോയപ്പോഴും ഞാൻ ഇട്ടിരുന്നത്.
ഞാൻ എപ്പോഴും കുറച്ചു ഡ്രസ്സുകൾ ഉപയോഗിച്ച ശേഷം അത് മാറ്റിവയ്ക്കും. ചിലപ്പോൾ മൂന്നോ നാലോ കൊല്ലം കഴിഞ്ഞതിനുശേഷം ആയിരിക്കും വീണ്ടും അത് ഉപയോഗിക്കുന്നത്. ശരീരത്തിന് വലിയ മാറ്റങ്ങൾ ഇല്ലാത്തതുകൊണ്ട് എപ്പോൾ ഇട്ടാലും കറക്റ്റ് ആയിരിക്കും. കാണുന്നവർക്ക് പുതിയതായിട്ട് തോന്നുകയും ചെയ്യും.
മണി മരിച്ച ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാനും ആന്റണി പെരുമ്പാവൂരും പോയിരുന്നു. ഒപ്പം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു അത്. ആദ്യം ചാലക്കുടിയിൽ മൃതദേഹം അന്ത്യാഭിവാദ്യം അർപ്പിക്കാൻ വെച്ച ഹാളിലേക്കാണ് പോയത്. കുറെ നേരം ക്യൂവിൽ നിന്ന് ഹോളിനടുത്തേക്ക് എത്തുമ്പോഴേക്കും മൃതദേഹം വീട്ടിലേക്ക് എടുത്തു കഴിഞ്ഞിരുന്നു.
ശ്വാസം മുട്ടുന്നത്ര തിരക്കായിരുന്നു അവിടെ. സാധാരണ ഇതുപോലെയുള്ള സ്ഥലങ്ങളിൽ സിനിമാക്കാർ വരുമ്പോൾ പ്രത്യേകം വഴിയൊക്കെ ഒരുക്കാറുണ്ട്. ഇവിടെ അങ്ങനെ ഉണ്ടായിരുന്നെങ്കിലും ആരുടെയും നിയന്ത്രണത്തിൽ ആയിരുന്നില്ല. ജനപ്രളയം ആയിരുന്നു അവിടെ. അന്നവിടെ വന്നവർക്ക് അറിയാം ആ തിരക്ക്.
ഞങ്ങൾ മണിയുടെ വീട്ടിലേക്ക് തിരിച്ചു. പക്ഷേ മണിയുടെ വീട്ടിലേക്ക് എന്നല്ല ആ പരിസരത്തേക്ക് പോലും എത്തിപ്പെടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾക്ക് മാത്രമല്ല പല പ്രമുഖർക്കും ആ വീട്ടിലേക്ക് എത്താൻ കഴിഞ്ഞില്ല. അത്ര മാത്രമായിരുന്നു മണിയെ കാണാനുള്ള തിരക്ക്. ചാലക്കുടിയിലെയും കേരളത്തിലെയും ജനങ്ങൾക്ക് തന്നോടുള്ള ഈ സ്നേഹം മനസ്സിലാക്കാൻ, കാണാൻ മണിക്കു കഴിഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും മണി പുനർജനിക്കുമായിരുന്നു.


Click it and Unblock the Notifications
