രണ്ടാം ദിനത്തിൽ 100 കോടി കടക്കാൻ ജന നായകൻ; എന്നിട്ടും ലിയോയ്ക്കും ഗോട്ടിനും പിന്നിൽ, റിവ്യൂ ചതിച്ചോ?
തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഇന്നലെ തിയ്യേറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിജയ് ആരാധകർ സിനിമ ഏറ്റെടുത്തിരുന്നു. തമിഴ്‌നാട്ടിൽ കാര്യമായ തിരക്ക് തന്നെയാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്.
ഇതിന് പിന്നാലെ ആദ്യദിന കളക്ഷനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ ട്രേഡ് അനലിസ്‌റ്റുകൾ ഉൾപ്പെടെ നൽകുന്ന വിവരം അനുസരിച്ച് ചിത്രത്തിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് സിനിമയിൽ സജീവമായിരുന്ന സമയത്ത് തമിഴിലെ ഒട്ടുമിക്ക റെക്കോർഡുകളും തന്റെ പേരിൽ ആക്കിയിരുന്ന വിജയ്‌യുടെ സിനിമ ആയതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് പലരും വച്ച് പുലർത്തിയിരുന്നത്.

പ്രമുഖ ട്രക്കർമാരായ സാൽക്ക്നികിന്റെ കണക്ക് പ്രകാരം വേൾഡ് വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 78.27 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 48.27 കോടിയും നെറ്റ് 41 കോടിയുമായാണ് കാണിക്കുന്നത്. എന്നാൽ വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിലും ഒപ്പം റിലീസിന് ഒട്ടേറെ അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നതിനാലും ചിത്രത്തിന് ഇതിലും അധികം കളക്ഷൻ പ്രതീക്ഷിച്ചിരുന്നു.
ആദ്യ ദിനം തന്നെ 100 കോടി കടക്കുമോ എന്നായിരുന്നു പലരും ഉറ്റുനോക്കിയ കാര്യം. എന്നാൽ അതുണ്ടായില്ല. എങ്കിലും തമിഴ്‌നാട്ടില്‍ തിയറ്ററുകളിൽ ആവറേജ് ഒക്കുപ്പന്‍സി ഇന്നലെ 90 ശതമാനത്തിന് അടുത്തായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷന്‍ സംബന്ധിച്ച് വരാനുള്ള അപ്ഡേറ്റില്‍ കളക്ഷ മാറ്റമുണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും രണ്ടാം ദിനം മാത്രമേ 100 കോടി എന്ന മാന്ത്രിക സംഖ്യ തൊടൂ എന്നുറപ്പായിട്ടുണ്ട്.
അതിനിടെ പൈറേറ്റഡ് പതിപ്പ് വലിയൊരു ശതമാനം പ്രേക്ഷകര്‍ കണ്ടു എന്നത് ചിത്രത്തെ പിന്നോട്ടടിക്കുന്ന ഘടകമായി പലരും വിലയിരുത്തുന്നുണ്ട്. സെൻസർ സംബന്ധമായ വിഷയങ്ങൾ മൂലമാണ് ജനുവരി മാസത്തിൽ ഇറങ്ങേണ്ട ചിത്രം ഇത്രയും വൈകിയത്. അതിനിടെ തിരഞ്ഞെടുപ്പ് നടക്കുകയും വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരത്തിൽ എത്തുകയും ചെയ്‌തിരുന്നു.
നിലവിലെ കണക്കുകൾ പ്രകാരം വിജയ്‌യുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് ആണ് ചിത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലിയോ, ഗോട്ട് എന്നിവയാണ് ഏറ്റവും വലിയ ഓപണിംഗ് നേടിയ മറ്റ് വിജയ് ചിത്രങ്ങള്‍. എന്നാൽ അന്തിമ കളക്ഷനിൽ വളരെ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ.
അതിന് പ്രധാന കാരണമായത് ആദ്യ ദിനം തന്നെ വന്ന സമ്മിശ്ര പ്രതികരണങ്ങളാണ്. തെലുഗു സൂപ്പർതാരം ബാലയ്യ അഭിനയിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് പതിപ്പാണ് ചിത്രമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ സംവിധായകൻ എച്ച് വിനോദ് നിരാശപ്പെടുത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.




Click it and Unblock the Notifications