കളക്ഷനിലും ജനപ്രീതിയിലും മുന്നിൽ; എന്നിട്ടും മഞ്ഞുമ്മൽ ബോയ്‌സിന് നിരാശ, പ്രതികരിച്ച് ആസിഫ് അലിയും
ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി അടക്കം തിളങ്ങി നിൽക്കവെ നിരാശയായി മഞ്ഞുമ്മൽ ബോയ്‌സ്. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ പുതുവഴി വെട്ടിത്തുറന്ന ചിത്രം പ്രേക്ഷക പ്രീതി കൊണ്ടും കളക്ഷൻ റെക്കോഡുകൾ കൊണ്ടും സാങ്കേതിക തികവാലും വേറിട്ട് നിന്നിരുന്നു. ഒട്ടേറെ ക്യാറ്റഗറികളിൽ ഇക്കുറി ചിത്രവും മത്സരിച്ചെങ്കിലും കാര്യമായ പുരസ്‌കാരങ്ങൾ ഒന്നും തന്നെ ചിത്രത്തിന് നേടാൻ സാധിച്ചില്ല.
മികച്ച ചിത്രം, മികച്ച തിരക്കഥ, പ്രൊഡക്ഷൻ ഡിസൈൻ എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ മത്സരിച്ചെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അവാർഡുകൾ ഒന്നും തന്നെ ചിത്രത്തിന് ലഭിച്ചില്ല. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ഗണപതി, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, ദീപക് പറമ്പൊൽ, ജീൻ പോൾ ലാൽ, ഖാലിദ് റഹ്മാൻ എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരന്നിരുന്നു. 2024ൽ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഈ ചിത്രം.

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് അവാർഡുകൾ ലഭിക്കുമെന്ന് തന്നെയായിരുന്നു പ്രേക്ഷകരിൽ വലിയൊരു വിഭാഗം പ്രതീക്ഷിച്ചത്. എന്നാൽ ചിത്രത്തിന് പ്രതീക്ഷ നിറവേറ്റാനായില്ല. എങ്കിലും ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗം പോലെയുള്ള ചിത്രങ്ങൾ പുരസ്‌കാരം നേടിയതിൽ പ്രേക്ഷകർ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. ആസിഫ് അലി അടക്കമുള്ള താരങ്ങൾ മഞ്ഞുമ്മൽ ബോയ്‌സിന് അവാർഡ് ലഭിക്കാത്തതിൽ നിരാശ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
ആസിഫ് അലിയുടെ പ്രതികരണം
മഞ്ഞുമ്മൽ ബോയ്‌സിന് അവാർഡ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് ആസിഫ് അലിയും പറഞ്ഞു. മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ താനും ഉണ്ടായിരുന്നു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും, അതിനപ്പുറം ഒന്നും താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ആസിഫലി മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്മൂട്ടിക്കൊപ്പം നോമിനേഷനിൽ വരാൻ കഴിഞ്ഞതുതന്നെ വലിയൊരു പ്രിവിലേജായി താൻ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്കാണ് അവാർഡ് പ്രഖ്യാപനം ഉണ്ടാകുമെന്ന വിവരം അറിഞ്ഞത്. അതിന്റെ വലിയൊരു എക്സൈറ്റ്മെന്റും ടെൻഷനും തനിക്കും ഒപ്പം ഷൂട്ടിങ് ലൊക്കേഷനിലുള്ള എല്ലാവർക്കും ഉണ്ടായിരുന്നു. ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്നും ആസിഫ് അലി പറഞ്ഞു. 2024 എന്ന വർഷം മലയാള സിനിമയ്ക്കും തനിക്കും വ്യക്തിപരമായി ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിഞ്ഞ വളരെ നല്ലൊരു സമയമായിരുന്നു; താരം പ്രതികരിച്ചു.
സംസ്ഥാന അവാർഡ് കിട്ടിയപ്പോഴേ പറഞ്ഞതാണ്. അത് മമ്മൂക്കയുമായി ഷെയർ ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമായിരുന്നുവെന്ന്. ഷഹനാദ് ജലാലിനു അവാർഡ് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. അത് ഭ്രമയുഗത്തിനു തന്നെയാണെന്നും വൈക്കം വിജയലക്ഷ്‌മി, ഫാസിൽ മുഹമ്മദ് എന്നിവർ എല്ലാം പ്രിയപ്പെട്ടവർ തന്നെയെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.














Click it and Unblock the Notifications