വീണ്ടും പോലീസ് ത്രില്ലർ സിനിമയുമായി എം പത്മകുമാർ; ശ്രദ്ധ നേടി 'ഉയിർ' ട്രെയിലർ, നായകനായി റോഷൻ മാത്യു
റോഷൻ മാത്യുവിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രമായ 'ഉയിർ' ട്രെയിലർ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ട്രെൻഡിങിൽ എട്ടാം സ്ഥാനത്താണ് ഈ ചിത്രം നിലവിലുള്ളത്. ഒരു ഇടവേളയ്ക്ക് ശേഷം കഴിവുറ്റ സാങ്കേതിക പ്രവർത്തകർ ഒരുക്കുന്ന പോലീസ് ത്രില്ലർ എന്ന നിലയിൽ ഇപ്പോൾ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. കേരള-കർണാടക അതിർത്തി പ്രദേശത്ത് കണ്ടെത്തുന്ന ഒരു സ്ത്രീയുടെ ജഡവും, അവരുടെ ദുരൂഹ മരണത്തെ തുടർന്നുള്ള അന്വേഷണമാണ് സിനിമയുടെ പ്രമേയം. പ്രൊബേഷനറി എസ്‌ഐ അജീബായി എത്തുന്ന റോഷൻ മാത്യു, കേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകളുടെ തുടർച്ചയായ തിരോധാനങ്ങളുമായി ബന്ധപ്പെടുന്നതും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയെ നയിക്കുന്നത്.

'ജോസഫ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എം പത്മകുമാർ വീണ്ടും ക്രൈം-ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ എന്ന നിലയിലും 'ഉയിർ' ശ്രദ്ധ നേടുന്നുണ്ട്. റോഷൻ മാത്യുവിനൊപ്പം ബൈജു സന്തോഷ്, ശ്രുതി മേനോൻ, വിനീത് തട്ടിൽ, വിനോദ് സാഗർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി തുടങ്ങിയ വൻ താരനിര തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം സയാമി ഖേർ ആദ്യമായി മലയാള സിനിമയിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
നിഖിൽ കെ മേനോനും ഷാജി മറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പയുടെ സംഗീതവും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ട്രെയിലർ പുറത്തിറങ്ങിയതോടെ ദുരൂഹത നിറഞ്ഞ അന്വേഷണകഥയും അതിന്റെ പശ്ചാത്തലവും എല്ലാം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
റോന്ത് എന്ന ഷാഹി കബീർ എന്ന ചിത്രത്തിന് ശേഷം റോഷൻ മാത്യുവിന്റെ തീവ്രമായ പൊലീസ് കഥാപാത്രവും പ്രേക്ഷകർ കാത്തിരിക്കുകയാണ്. സസ്പെൻസും വികാരങ്ങളും യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലവും സമന്വയിപ്പിച്ച 'ഉയിർ' ട്രെയിലർ രണ്ട് ദിവസം മുൻപാണ് യൂട്യൂബിൽ റിലീസ് ആയത്. ജൂൺ 26-ന് ചിത്രം തിയേറ്ററുകളിലെത്തും.
അതേസമയം, കന്നഡ സിനിമയിലെ സൂപ്പർതാരം കിച്ച സുദീപ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ അടുത്തിടെ ചില അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിലെ ചില രംഗങ്ങളാണ് ഈ റൂമറുകൾക്ക് കരുത്ത് പകരുന്നത്. എന്നാൽ കിച്ച സുദീപിന്റെ സാന്നിധ്യത്തെ കുറിച്ച് ഇതുവരെ സിനിമയിലെ അഭിനേതാക്കളോ മറ്റ് അണിയറപ്രവർത്തകരോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.














Click it and Unblock the Notifications