'അമ്മയുടെ ഭരണസമിതി പിരിച്ചുവിടണം, അൻസിബയുടെ പരാതി ഗൗരവമേറിയത്'; പ്രതികരിച്ച് മാല പാർവതി
കൊച്ചി: അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടി മാല പാർവതി. അൻസിബ ഹസൻ നടത്തിയ വെളിപ്പെടുത്തലുകളിലാണ് മാല പാർവതി തന്റെ അഭിപ്രായം പങ്കുവച്ചത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിടണമെന്നാണ് മാല പാര്‍വതി പറഞ്ഞത്. കൂടാതെ ഭാരവാഹികളായ ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്നും മാല പാര്‍വതി പറഞ്ഞു.
റിപ്പോർട്ടർ ചാനലിനോട് ആയിരുന്നു മാല പാർവതി പ്രതികരിച്ചത്. അംഗങ്ങൾ തമ്മിലടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാകുകയാണ്. ഭാരവാഹി സ്ഥാനത്ത് നിന്ന് ഇരുവരും സ്വയം മാറി നില്‍ക്കണം. ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് ഭരണസാരഥ്യം ഒഴിയണമെന്നും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ട് വഴിക്കാണെന്നും മാല പാര്‍വതി അഭിപ്രായപ്പെട്ടു.

പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രണ്ട് ചേരിയില്‍ നില്‍ക്കുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചു. വനിതാ സാരഥ്യം വേണമെന്ന് നിലപാടെടുത്തതില്‍ കുറ്റബോധം തോന്നുന്നുവെന്നും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഭരണപരമായ കഴിവ് കാണിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അമ്മയിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ മീഡിയയിലൂടെ കാര്യങ്ങള്‍ അറിയേണ്ട സാഹചര്യമാണുള്ളതെന്നും മാല പാർവതി പറയുന്നു.
അന്‍സിബയുടെ പരാതി ഗൗരവകരമാണെന്നാണ് മാല പാർവതി പറഞ്ഞത്. പൊതുസമൂഹത്തിന് കൂടുതൽ വ്യക്തത വരുത്താൻ സാരഥികള്‍ ബാധ്യസ്ഥരാണ്. സ്ത്രീകള്‍ക്ക് നീതി കിട്ടുന്ന രീതിയിലല്ല അമ്മയുടെ പ്രവര്‍ത്തനമെന്നും ആ പ്രവര്‍ത്തനത്തിനെതിരെയുള്ള പരാതി താന്‍ ഇമെയില്‍ ആയി അയച്ചിട്ടുള്ളതാണെന്നും എന്നാൽ ഒരു മറുപടിയും ഇത് സംബന്ധിച്ച് തനിക്ക് ലഭിച്ചിട്ടില്ലെന്നും മാല പാർവതി പറഞ്ഞു.
അതേസമയം, അടുത്തിടെയാണ് അമ്മയിൽ പ്രതിസന്ധി ഉടലെടുത്തത്. കാര്യനിർവാഹക സമിതി അംഗം ടിനി ടോം നേതൃത്വത്തിനെതിരെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ച് രംഗത്തെത്തി. ഓഫീസ് മാനേജർ അതുല്യയുടെ പോലീസ് പരാതിയും ജോയിന്റ് സെക്രട്ടറി അൻസിബ ഹസന്റെ രാജിഭീഷണിയും ഇതിന് പിന്നാലെയുണ്ടായി.
ടിനി ടോം തന്നെകുറിച്ച് മോശമായി പറഞ്ഞുവെന്ന് നേരത്തെ അൻസിബ ആരോപിച്ചിരുന്നു. അമ്മയില്‍ നിരവധി പരാതികള്‍ മുന്‍പ് നല്‍കിയിട്ടുണ്ടെന്നും ഒന്നിനും പരിഹാരമുണ്ടായിട്ടില്ലെന്നും അവർ പിന്നീട് പ്രതികരിച്ചു. അവിടെ പരാതികള്‍ പരിഗണിക്കുന്നത് വ്യക്തികളെ നോക്കിയാണ്. ടിനി ടോം പറഞ്ഞതിന് തെളിവുണ്ട്. ഒരു എക്‌സിക്യൂട്ടീവ് അംഗം നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളും പറയുന്നുണ്ടെന്നും അൻസിബ ചൂണ്ടിക്കാട്ടി.
ഞാൻ രാജിവയ്ക്കാൻ കാരണം ടിനി ടോമാണ്. അദ്ദേഹം ഒരുപാട് കാലമായി എന്നെക്കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നു. എന്നോട് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും പലരോടുമായി പറയുന്നുണ്ട്. അത് ഞാൻ അറിയുന്നുണ്ട്. ഒരു സംഘടനയിൽ പല കാര്യങ്ങളിലും എതിരഭിപ്രായം ഉണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തി വൈരാഗ്യമായി കാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അൻസിബ പറഞ്ഞിരുന്നു.
എന്നാൽ ആരോപണങ്ങൾ എല്ലാം ടിനി ടോം നിഷേധിക്കുകയാണ് ചെയ്‌തത്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്, അൻസിബ തനിക്ക് സഹോദരിയെ പോലെയാണ്. ജിഹാദി ആരോപണം എന്താണെന്ന് എനിക്ക് അറിയില്ല. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അറിയുന്നതെന്നുമായിരുന്നു ടിനി ടോമിന്റെ മറുപടി.














Click it and Unblock the Notifications