'ജീവിതത്തിലേക്ക് തിരികെ നടത്തിയ മമ്മൂക്ക, എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു', ഹൃദ്യമായ കുറിപ്പുമായി കണ്ണൻ സാഗർ
സർജറിക്ക് ശേഷം തന്നെ സഹായിച്ച നടൻ മമ്മൂട്ടിയെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ. ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടായതിന് തുടർന്നാണ് താരത്തിന് ചികിത്സ ആവശ്യമായി വന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൻ സാഗറിന്റെ ചികിത്സയ്ക്കുളള സഹായങ്ങൾ ചെയ്തിരുന്നത്.
'മേള' സിനിമയുടെ ലൊക്കേഷനിലെത്തിയാണ് പ്രിയ താരത്തെ കണ്ണൻ സാഗർ കണ്ടത്. തന്നെ വേദനകളുടെ ഇരുട്ടിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മമ്മൂക്ക ആണെന്ന് കണ്ണൻ സാഗർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
''ജീവിതത്തിലേക്ക് തിരികെ നടത്തിയ മമ്മൂക്കയ്ക്കും പ്രിയപ്പെട്ടവർക്കുമൊപ്പം! ചില കൂടിക്കാഴ്ചകൾക്ക് വാക്കുകളേക്കാൾ ആഴമുണ്ടാകും, കണ്ണീരിന്റെ നനവുണ്ടാകും. വേദനകളുടെ ഇരുട്ടിൽ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പ്രിയപ്പെട്ട മമ്മൂക്കയുടെ മുന്നിൽ നിന്നപ്പോൾ എന്റെ ഹൃദയം നിറഞ്ഞൊഴുകുകയായിരുന്നു.! "പനങ്ങാട് 'മേള' സിനിമയുടെ ലൊക്കേഷനിലെത്തി മമ്മൂക്കയെ കണ്ടനേരം വാക്കുകൾ മുറിഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് ഷൂട്ടിംഗ് ലൊക്കേഷനിൽ കണ്ടിട്ടുണ്ടെങ്കിലും, ഇത്രയടുത്ത് കാണുന്നതും, സംസാരിച്ചതും ആദ്യമായിരുന്നു. എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു. "വേദനകളൊക്കെ കഴിഞ്ഞു, ഇനി പഴയതുപോലെ ചിരിച്ചും ചിരിപ്പിച്ചും സിനിമയിൽ വീണ്ടും സജീവമാകണം" എന്ന് ആ ഗാംഭീര്യമുള്ള ശബ്ദത്തിൽ കേട്ടപ്പോൾ, അത് വെറുമൊരു വാക്കല്ലായിരുന്നു... എനിക്ക് കിട്ടിയ പുതിയൊരു ജന്മത്തിന്റെ അനുഗ്രഹമായിരുന്നു!
ഈ ഫ്രെയിമിൽ എനിക്കൊപ്പം നിൽക്കുന്ന പ്രിയപ്പെട്ട കെ.എസ്. പ്രസാദേട്ടനും, പ്രതിസന്ധികളിൽ തണലായി എപ്പോഴും കൂടെയുള്ള പ്രിയതമ ഗീതയും, രാജഗിരി ആശുപത്രിയിലെ കാർഡിയാക് സർജൻ പ്രദീപ് ഡോക്ടർ, കാർഡിയോളജി വിഭാഗം മേധാവിയായ ഡോ. വിനോദ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു എന്നത് ഇരട്ടി മധുരമായി.
എന്റെ വേദന മമ്മൂക്കയെ അറിയിച്ച രമേഷ് പിഷാരടി, ചികിത്സ കാര്യങ്ങൾ ഏകോപിപ്പിച്ച 'കെയർ ആൻഡ് ഷെയർ' ഫൗണ്ടേഷൻ ഭാരവാഹികൾ, അതിന്റെ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് (ജിൻസ്), കൂടെനിന്ന MAA ഭാരവാഹികൾ, രാജഗിരിയിലെ മാലാഖമാരായ നഴ്സുമാർ, ജീവനക്കാർ പിന്നെ എനിക്കായി പ്രാർത്ഥിച്ച നിങ്ങൾ ഓരോരുത്തരും... എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അപ്പോൾ പ്രീയപ്പെട്ടവരേ, ഞാൻ വീണ്ടും വരുന്നു, നിങ്ങൾ തന്ന സ്നേഹത്തിനും ചിരിക്കുമിടയിലേക്ക്!



Click it and Unblock the Notifications
