'മമ്മൂക്ക ഉള്ളിൽ ദേഷ്യം വച്ചുകൊണ്ട് ഇരിക്കുന്ന ആളല്ല, മുകേഷ് സദസിൽ വച്ച് അനാവശ്യമായ ഡയലോഗ് പറഞ്ഞു'; തുളസീദാസ്
മലയാള സിനിമയിലെ മുതിർന്ന സംവിധായകരിൽ ഒരാളാണ് തുളസീദാസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരെ നായകന്മാരാക്കി സിനിമകൾ സംവിധാനം ചെയ്‌ത വ്യക്തി കൂടിയായിരുന്നു തുളസീദാസ്. ഇപ്പോഴിതാ സിനിമയിലെ പഴയകാല അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തുളസീദാസിന്റെ വാക്കുകൾ
മമ്മൂക്ക പിന്നെ വേറൊരു രീതിയാണ്. ഇടയ്ക്ക് വെറുതെ ആവശ്യമില്ലാതെ ഒക്കെ ഇങ്ങനെ ഓരോന്ന് പറയും, ഇതൊക്കെ അങ്ങനെ എടുത്തൂടെ ഇങ്ങനെ എടുത്തൂടെ എന്നൊക്കെ. അപ്പോൾ ഞാൻ പറയും അത് അങ്ങനെ തന്നെയാണ് മമ്മൂക്ക എടുക്കേണ്ടത് എന്നൊക്കെ. പക്ഷേ, പുള്ളിക്ക് ഉള്ളിൽ ഒരിക്കലും ദേഷ്യം ഉണ്ടാവാറില്ല. അത് കഴിഞ്ഞ് ഇത്തിരി കഴിയുമ്പോൾ അതൊക്കെ മാറും. പുള്ളി അങ്ങനെ ഉള്ളിൽ ദേഷ്യം വച്ചുകൊണ്ട് ഇരിക്കുന്ന ആളല്ല.

അതാണ് എനിക്ക് മമ്മൂക്കയുമായുമുള്ള ഒരു അനുഭവം. ഒരു ദിവസം ഇങ്ങനെ ഇതുപോലെ തന്നെ ട്രോളിയും ട്രാക്കും ക്രെയിനും ഒക്കെ വച്ച് കൊണ്ട് പ്ലാൻ ചെയ്തൊരു ഷോട്ട് ഉണ്ടായിരുന്നു. അതിന്റെ ക്യാമറ സാലു ജോർജ് ആയിരുന്നു. ഞാൻ ഒരു മാർക്ക് ഒക്കെ ചെയ്‌തിരുന്നു. അവിടുന്ന് ഇവിടേക്ക് നടക്കണം എന്നൊക്കെ പറഞ്ഞ്. കാരണം ഒരുപാട് ആർട്ടിസ്‌റ്റുകൾ ഉള്ളൊരു ഷോട്ട് ആയിരുന്നു. മമ്മൂക്കയുണ്ട്, മാധവിയുണ്ട്, ഗൗതമിയുണ്ട്, സുകുമാരി ചേച്ചിയും ഉണ്ട്.
അങ്ങനെ ഞാൻ മമ്മൂക്കയോട് പറഞ്ഞു അവിടുന്ന് ഇവിടെ വരെ നടക്കണം എന്ന്. പുള്ളി നോക്കുമ്പോൾ ഇത് ഇത്തിരി ഭയങ്കര ബുദ്ധിമുട്ടാണ്. പുള്ളി ഉടൻ സാലുവിനോട് ചോദിച്ചു എന്തിനാണ് ട്രോളി, എന്തിനാണ് ക്രെയിൻ? അല്ലാതെ എടുത്തുടെ എന്ന്. അപ്പോൾ സാലു എന്നെ നോക്കി. ഇത് വെറുതെ സ്‌റ്റഡിയിൽ വച്ച് എടുത്താലും അത് വരും, മമ്മൂക്ക അഭിനയിക്കുന്നത് കൊണ്ട് അത് മതി. മമ്മൂക്കയുടെ പെർഫോമൻസ് ആണ് നമുക്ക് മെയിൻ.
അത് കണ്ട് ജനങ്ങൾ ഇഷ്‌ടപ്പെട്ടോളും. പിന്നെ ഒരു മൂവ്മെന്റ് കൂടി ഉണ്ടെങ്കിൽ അത് കൂടുതൽ നന്നാവും. ഇല്ലേ മമ്മൂക്ക എന്ന് ഞാൻ ചോദിച്ചു. അപ്പോൾ പുള്ളി പറഞ്ഞു, ഞാൻ പറഞ്ഞെന്നെ ഉള്ളൂ. അതാണ് അതിന്റെ ഒരു ഇത്. നമ്മളോട് ഒരു നടൻ ഇങ്ങനെ പറയുമ്പോൾ അവരോട് അത് പറഞ്ഞു മനസിലാക്കണം. എല്ലാ ആർട്ടിസ്‌റ്റുകളോടും നമ്മൾ അങ്ങനെയേ ചെയ്‌തിട്ടുള്ളൂ. പിന്നെ ചില ചെറുപ്പക്കാരുടെ അടുത്ത് ഇത്തിരി ദേഷ്യപ്പെട്ട് കാണും.
ഒരു നിർമ്മാതാവ് നമുക്ക് വേണ്ടി കോടികൾ മുടക്കുമ്പോൾ, അത് നമ്മുടെ ഉത്തരവാദിത്തമാണ്. പടം മുടങ്ങിയാലോ, ഷൂട്ട് ഒന്ന് നിന്ന് പോയാലോ നമ്മളോട് അല്ലെ ചോദിക്കൂ. പ്ലാൻ ചെയ്‌ത സീനുകൾ ഒരു ദിവസം തീർന്നില്ലെങ്കിൽ പ്രൊഡ്യൂസർ നമ്മളോടാണ് ചോദിക്കുക. ഇവരെയൊക്കെ വളരെ ക്ഷമയോടെ നല്ല തഞ്ചത്തിൽ കൊണ്ട് പോവണം.
ചിലപ്പോഴൊക്കെ നമ്മളെ ടെൻഷൻ ആക്കിയ സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ചില സിനിമകൾക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്റെ മിക്ക സിനിമകളും ഒറ്റ ഷെഡ്യൂളിൽ തീർക്കാറുണ്ട്. വേറെ ബുദ്ധിമുട്ടുകൾ അങ്ങനെ ഉണ്ടായിട്ടില്ല. പൈസ ഇല്ലാതെ നിന്ന് പോയിട്ടുണ്ട്. ഗേൾസ് എന്ന സിനിമ ഞാൻ ചെയ്‌തിരുന്നു, ഒരു വർഷമൊക്കെ നിന്നുപോയിരുന്നു. എല്ലാം നമ്മൾ തരണം ചെയ്യണം. മുകേഷ്, ജഗദീഷ് ഒക്കെ ഇനി ക്യാരക്റ്റർ റോളുകൾ മാത്രമേ ഇനി പറ്റുകയുള്ളു. നായകന്മാരായി ചെയ്യാൻ കഴിയില്ലല്ലോ.
സിദ്ദിഖിനെ ഒക്കെ നായകനായി കൊണ്ട് വന്നത് ഞാനല്ലേ. മുകേഷിനെ വച്ച് ഒരു സിനിമ ചെയ്യാൻ ഇരുന്നപ്പോൾ പുള്ളിയുടെ ഇടപെടൽ ശരിയാവാത്തത് കൊണ്ട് ഞാൻ ഇറങ്ങി പോന്നതാണ്. കൗതുക വാർത്തകൾ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു. പ്രൊഡ്യൂസറും ഞാനും ഒക്കെ ഇരിക്കുമ്പോൾ പുള്ളി ആവശ്യമില്ലാത്ത ഒരു ഡയലോഗ് പറഞ്ഞു. എനിക്ക് അത് ഇഷ്‌ടപ്പെട്ടില്ല. അങ്ങനെയാണ് സിദ്ദിഖിനെ ഞാൻ പരിഗണിക്കുന്നത്.














Click it and Unblock the Notifications