'അന്ന് പോവാൻ തുടങ്ങിയപ്പോൾ മമ്മൂക്ക തടഞ്ഞു, അദ്ദേഹത്തിന്റെ കൈ കൊണ്ട് തന്നെ ബിരിയാണി വിളമ്പി'; വിവേക് ഗോപൻ
മലയാള സിനിമയിൽ ടെലിവിഷനിലൂടെ കടന്നുവന്ന് തന്റേതായ ഒരിടം നേടിയ നടനാണ് വിവേക് ഗോപൻ. പരസ്‌പരം എന്ന സീരിയലിലൂടെ മിനിസ്ക്രീൻ സൂപ്പർ സ്‌റ്റാർ പരിവേഷം സ്വന്തമാക്കിയ നടൻ പിന്നീട് സിസിഎൽ ലീഗിൽ കേരള ടീമിന്റെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു. ഇപ്പോഴിതാ സിനിമയിൽ വന്ന ശേഷം മമ്മൂക്കയുമായുള്ള അടുപ്പവും അദ്ദേഹത്തിൽ നിന്നുണ്ടായ പെരുമാറ്റവും ഒക്കെ എടുത്ത് പറയുകയാണ് വിവേക് ഗോപൻ. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവേക് ഗോപന്റെ വാക്കുകൾ
മമ്മൂക്കയോടൊപ്പം അഞ്ചോ ആറോ പടങ്ങൾ ചെയ്‌തിട്ടുണ്ട്. അതൊക്കെ മമ്മൂക്കയുടെ സജഷൻസ് തന്നെ ആയിരുന്നു. ബസൂക്കയാണ് ഏറ്റവും അവസാനം ചെയ്‌തത്, പിന്നെ കുട്ടനാടൻ വ്‌ളോഗ് ചെയ്‌തു, അച്ഛാ ദിൻ, പുള്ളിക്കാരൻ സ്‌റ്റാറാ ചെയ്‌തുപിന്നെ ഇ ഒരുപാട് സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. ഞാൻ പുള്ളിക്കാരൻ സ്‌റ്റാറാ എന്ന പടം ചെയ്‌തത് വലിയ സംഭവമായിരുന്നു. ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ തൊഴാൻ പോയതാണ്.

അത് കഴിഞ്ഞ് കാക്കനാട് ഷൂട്ട് നടക്കുന്നിടത്തേക്ക് വരാൻ പറഞ്ഞു, അങ്ങനെ ഞാൻ ലൊക്കേഷനിൽ പോയി. മമ്മൂക്കയെ പോയി കണ്ടു, എന്നോട് നല്ല രീതിയിൽ സംസാരിക്കുകയും ഒക്കെ ചെയ്‌തു, ഞങ്ങൾ അത്രയും കമ്പനിയായി. സിസിഎൽ കൊച്ചിയിൽ ഒരു മാച്ച് നടന്നിരുന്നു, ബോംബെയും കേരളവും ആയിട്ട് കളിക്കുകയായിരുന്നു. അത് ശരിക്കും ബോംബെ ജയിക്കേണ്ട മാച്ച് ആയിരുന്നു. ഒരു ഓവറിൽ ആറ് റൺസ് ജയിക്കാൻ വേണം.
അങ്ങനെ സിക്‌സ് അടിച്ചു ജയിപ്പിച്ചതാണ് ആ മാച്ച്. ആ സമയത്ത് മമ്മൂക്ക, ദിലീപേട്ടൻ, ലാലേട്ടൻ, പൃഥ്വിരാജ് അങ്ങനെ ഒത്തിരി താരങ്ങളുണ്ട്. ഇഷ്‌ടം പോലെ ആൾക്കാർ അവിടെ ഉണ്ടായിരുന്നു. ഇവർ എല്ലാവരും വന്ന് വളരെയധികം കെട്ടിപിടിച്ച് അഭിനന്ദിച്ചു. മാൻ ഓഫ് ദി മാച്ച് അവാർഡ് എനിക്കായിരുന്നു. അങ്ങനെ ഞാൻ അതും വാങ്ങി പെട്ടന്ന് അവിടുന്ന് സ്ഥലം വിട്ടു. അവരെയൊന്നും നേരിട്ട് കാണാനോ സംസാരിക്കാനോ ഒന്നും പറ്റിയില്ല.
പിറ്റേന്ന് എന്നെ ഒരാൾ വിളിച്ചു പറഞ്ഞു, നീ മാൻ ഓഫ് ദി മാച്ച് അവാർഡും വാങ്ങി സ്ഥലം വിട്ടല്ലേ, മമ്മൂക്ക നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞു. അയ്യോ ചേട്ടാ എനിക്കും കാണാൻ ആഗ്രഹമുണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് മമ്മൂക്കയുമായി ഏറ്റവും അടുക്കാനുള്ള അവസരം കിട്ടുന്നത്. ഞാൻ മമ്മൂക്കയ്ക്ക് ഫോൺ കൊടുക്കാമെന്ന് പുള്ളി പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ട വേണ്ട, പേടിച്ചിട്ടായിരുന്നു. ഞാൻ നേരിട്ട് വന്ന് കണ്ടോളാം എന്ന് പറഞ്ഞു.
പക്ഷേ മമ്മൂക്ക പറഞ്ഞിട്ടാണ് പുള്ളി വിളിച്ചതെന്ന് അവർ പറഞ്ഞു. അങ്ങനെ മമ്മൂക്കയുമായി സംസാരിച്ചു. അടുത്ത മാച്ചിൽ കൊറച്ച് ദിവസം കഴിഞ്ഞിട്ടായിരുന്നു. അങ്ങനെ നാളെ ഞാൻ കൊച്ചിയിൽ വരുന്നുണ്ടെന്ന് പറഞ്ഞു. അത് കേട്ടയുടൻ മമ്മൂക്ക പറഞ്ഞു, നാളെ നീ ലൊക്കേഷനിലോട്ട് വാ, അവിടുന്ന് നേരിട്ട് കാണാമെന്ന്. അടുത്ത ദിവസം ഞാൻ വേഗം വീട്ടിൽ വന്ന് ഡ്രസൊക്കെ പാക്ക് ചെയ്‌ത് കൊച്ചിയിലേക്ക് വച്ച് പിടിച്ചു.
അപ്പോൾ ഇമ്മാനുവേൽ എന്ന് പറഞ്ഞയൊരു സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. ഞാൻ നേരെ മമ്മൂക്കയുടെ അടുത്ത് ചെന്നു, അവിടെ വച്ചാണ് ആദ്യമായി മമ്മൂക്കയെ നേരിട്ട് പരിചയപ്പെടുന്നത്. മറ്റുള്ള ലൊക്കേഷനിൽ ഒക്കെ പോവും കാണും എന്നൊക്കെ അല്ലാതെ നേരിട്ട് സംസാരിച്ചിട്ടില്ലായിരുന്നു. ഇത് ആദ്യമായിട്ട് സംസാരിച്ചു.
കൊറേ കാര്യങ്ങൾ അന്ന് സംസാരിച്ചു. പിന്നെ റൂമിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക പോവരുതെന്ന് പറഞ്ഞു. ഇവിടെ ഇന്ന് നല്ല ബിരിയാണി ഒക്കെയുണ്ടെന്ന് പറഞ്ഞു. അന്ന് റംസാന്റെ എന്തോ ചടങ്ങ് ഒക്കെയായിരുന്നു. മമ്മൂക്ക തന്നെയാണ് എനിക്ക് ഭക്ഷണം ഒക്കെ വിളമ്പി തന്നത്. പിന്നെ ഏത് ലൊക്കേഷനിൽ പോയാലും മമ്മൂക്കയെ കാണും, അടുത്ത് ചെന്ന് രണ്ട് വാക്ക് എങ്കിലും സംസാരിക്കും.














Click it and Unblock the Notifications