മാണിക്യനും കാർത്തുമ്പിയും മനോഹര ഗ്രാമവും; 32 വർഷങ്ങൾക്ക് ശേഷം തേന്മാവിൻ കൊമ്പത്ത് റീറിലീസിന്
ഇത് റീ റിലീസുകളുടെ കാലമാണ്, അടുത്ത കാലത്തായി മലയാള സിനിമയിലെ പല സൂപ്പർഹിറ്റ് സിനിമകളും വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുന്നതിന് നാം സാക്ഷ്യം വഹിച്ചതാണ്. ഇക്കാര്യത്തിൽ മോഹൻലാൽ ചിത്രങ്ങൾ തന്നെയായിരുന്നു ഒരുപടി മുന്നിൽ. രാവണപ്രഭു മുതൽ സ്‌ഫടികം വരെയുള്ള ഒരുപിടി ചിത്രങ്ങൾ മോഹൻലാലിന്റേതായി തിയേറ്ററുകളിൽ ഒരിക്കൽ കൂടി എത്തിയിരുന്നു. ഛോട്ടാ മുംബൈ, ദേവദൂതൻ തുടങ്ങിയ സിനിമകളും അത്തരത്തിൽ റീ റിലീസ് ചെയ്‌തിരുന്നു.
ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഇത്തരത്തിൽ വീണ്ടും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇക്കുറി മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ തേന്മാവിൻ കൊമ്പത്താണ് തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൽ ട്രെയിലർ പുറത്തിറക്കിയത്. യൂട്യൂബിലൂടെയായിരുന്നു 4കെ ട്രെയിലർ റിലീസ് ചെയ്‌തത്.

ഇതിന് പിന്നാലെ നിരവധി പേരാണ് റീ റിലീസുമായി ബന്ധപ്പെട്ട സന്തോഷം പ്രകടിപ്പിച്ചത്. നിരവധി ആളുകളാണ് യൂട്യൂബിലൂടെ ചിത്രത്തിന്റെ പുതിയ ട്രെയിലർ കണ്ടത്. അടുത്തിടെ ഇറങ്ങിയ റീ റിലീസുകളിൽ നിന്ന് വ്യത്യസ്‌തമായി ഏറെക്കാലമായി ആളുകൾ ആവശ്യപ്പെട്ടു കൊണ്ടിരുന്ന ചിത്രം കൂടിയായിരുന്നു ഇതെന്നതാണ് പ്രത്യേകത.
1994ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഒക്ടോബർ 8നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആഗോള തലത്തിൽ വീണ്ടും ചിത്രം പ്രദർശനത്തിന് എത്തുമ്പോൾ അതിന്റെ ഭാഗമായി പ്രവർത്തിച്ച പലരും ഇന്ന് ജീവനോടെയില്ല എന്നതാണ് സങ്കടകരമായ കാര്യം. പ്രിയദർശന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ഒന്ന് കൂടിയാണ്.
പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്‌സിന്റെയും ബാനറിൽ എൻ ഗോപാലകൃഷ്‌ണനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അന്തരിച്ച തമിഴ് സംവിധായകൻ കൂടിയായ കെവി ആനന്ദ് ആയിരുന്നു. അന്നത്തെ കാലത്ത് മലയാള സിനിമ മുൻപൊരിക്കലും കാണാത്ത വിധത്തിലുള്ള ഫ്രയിമുകൾ ആയിരുന്നു തേന്മാവിൻ കൊമ്പത്തിനെ വേറിട്ട് നിർത്തിയ ഘടകം.
32 വർഷങ്ങൾക്ക് ഇപ്പുറം പ്രധാന താരങ്ങളായ മോഹൻലാൽ, ഉർവശി എന്നിവരെ മാറ്റി നിർത്തിയാൽ ശ്രീനിവാസൻ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങൾ ഒന്നും ഭൂമിയിലില്ല. അതുകൊണ്ട് തന്നെ അവരെയൊക്കെ ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications
