നിവിൻ പോളിയുടെ വിജയം ദിലീപിന്റേത് കൂടി; അന്ന് താരം സഹായിച്ചില്ലെങ്കിൽ..? വൈറലായി ആരാധകന്റെ കുറിപ്പ്
കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമയിലെ തുടർ പരാജയങ്ങൾ മൂലം ഏറെ വിമർശനങ്ങൾ നേരിട്ട താരമായിരുന്നു നിവിൻ പോളി. കരിയറിന്റെ തുടക്കകാലത്തിന് ശേഷം പിന്നീട് ജനപ്രിയ നായകനെന്ന ഇമേജ് നേടിയെടുത്ത നിവിൻ പ്രേമം, തട്ടത്തിൻ മറയത്ത് അടക്കമുള്ള സിനിമകളിലൂടെ ഉണ്ടാക്കിയ ഓളം വേറെ തന്നെയായിരുന്നു. പിന്നീട് വന്ന പല ചിത്രങ്ങളും നിവിൻ പോളിയുടെ കരിയറിന് വലിയ മുതൽകൂട്ടായിരുന്നു.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥിതി വ്യത്യസ്‌തമായിരുന്നു. നിരന്തരമായി നിവിൻ പോളിയുടെ ചിത്രങ്ങൾ പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷം താരത്തിന് ബ്രേക്ക് നൽകിയത് അഖിൽ സത്യൻ സംവിധാനം ചെയ്‌ത സർവം മായ എന്ന ചിത്രത്തിലൂടെ ആയിരുന്നു. അന്ന് നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി സർവം മായ മാറിയിരുന്നു.

ഇപ്പോഴിതാ ആ റെക്കോർഡുകൾ തിരുത്തി കുറിച്ചുകൊണ്ട് തിയേറ്ററിൽ കുതിപ്പ് തുടരുകയാണ് ഗിരീഷ് എഡി സംവിധാനം ചെയ്‌ത നിവിൻ പോളി ചിത്രം ബെത്ലഹം കുടുംബ യൂണിറ്റ്. ഓണാവധിക്ക് എത്തിയ ചിത്രം തരംഗമായി മാറിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്‌ട നായകനായ നിവിൻ പോളിയെ സംബന്ധിച്ച് ഇതൊരു മധുര പ്രതികാരം കൂടിയായിരുന്നു.
എന്നാൽ ബികെയു എന്ന് ചുരുക്കപ്പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ ചർച്ചയാവുകയാണ് ഒരു ആരാധകൻ പങ്കുവച്ച കുറിപ്പ്. നിവിൻ പോളിയുടെ ഇപ്പോഴത്തെ ബോക്‌സ് ഓഫീസ് വിജയത്തിൽ ദിലീപിന് കാര്യമായ പങ്കുണ്ടെന്നാണ് ആരാധകൻ കുറിക്കുന്നത്. ഒരുകാലത്ത് ജനപ്രിയൻ എന്നറിയപ്പെട്ടിരുന്ന ദിലീപിന് ശേഷം ആ പദവി അലങ്കരിക്കുന്നയാൾ എന്ന് നിസംശയം പറയാവുന്ന നടനാണ് നിവിൻ.
അതുകൊണ്ട് മാത്രമല്ല ആരാധകൻ നിവിൻ പോളി ദിലീപിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രം കേരളത്തിൽ വലിയ വിജയമായപ്പോൾ അതിന്റെ നിർമ്മാതാക്കളിൽ ഒരാളായി ദിലീപും അവർക്ക് ഒപ്പം നിന്നിരുന്നു.
പൂർണമായി പുതുമുഖങ്ങൾ അണിനിരന്ന ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്‌തത് അന്നത്തെ തുടക്കക്കാരിൽ ഒരാളായ നിവിൻ പോളി ആയിരുന്നു. കൂടാതെ ചിത്രത്തിൽ അജു വർഗീസും ഭഗത് മനുവേലും ഉൾപ്പെടെ പിന്നീട് സിനിമയിൽ കാര്യമായി മുന്നേറിയ ഒട്ടേറെ പേർ അണിനിരന്നിരുന്നു. ഈ ചിത്രം നിർമ്മിച്ചത് ദിലീപ് ഏറെ റിസ്‌ക് എടുത്താണെന്നും അതിനാൽ തന്നെ നിവിൻ ദിലീപിനോട് കടപ്പെട്ടിരിക്കുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.
എന്നാൽ ഇതിനുള്ള മറുപടിയുമായി ചിലർ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം നിവിൻ കരിയറിൽ തകർന്നിരിക്കുമ്പോൾ ഇത്തരം പോസ്‌റ്റുകൾ ഒന്നും കാണേണ്ടി വന്നിട്ടില്ലെന്നും ഇപ്പോൾ രണ്ട് ചിത്രങ്ങൾ തകർത്തോടിയപ്പോൾ മാത്രം കടപ്പാട് പോസ്‌റ്റുകൾ വരുന്നതിന്റെ കാരണം വ്യക്തമാണെന്നും ഒരാൾ കുറിക്കുന്നു. മറ്റൊരാൾ ദിലീപ് ആ ചിത്രം നിർമ്മിക്കാൻ ഇടയായ കാരണത്തെ കുറിച്ചും കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
ദിലീപ് ഏറെ ബഹുമാനിക്കുന്ന ശ്രീനിവാസന്റെ മകനായ വിനീത് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് ഇതെന്നും അതിനാൽ വിനീതിൽ വിശ്വാസം അർപ്പിച്ചു കൊണ്ടാണ് താരം അത് നിർമ്മിച്ചതെന്നും ചിലർ പറയുന്നു. ഇനി അത്രയും റിസ്‌ക് എടുത്തതിന്റെ പ്രതിഫലം നല്ല കളക്ഷനായി ദിലീപിന് കിട്ടിയെന്നും പിന്നെ 16 വർഷങ്ങൾക്ക് ഇപ്പുറത്തെ കണക്ക് പറച്ചിലുകൾക്ക് അടിസ്ഥാനമില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.




Click it and Unblock the Notifications