'സിനിമ ഒരു കൂട്ടായ്‌മ ആണെന്ന് പദ്‌മരാജൻ സാറിന് അറിയാം, ഞാൻ ഗന്ധർവ്വൻ ചെയ്യുന്നത് ഇങ്ങനെ..'; രാജീവ് അഞ്ചൽ
മലയാള സിനിമയിലെ അറിയപ്പെടുന്ന കലാസംവിധായകനും സംവിധായകനും ഒക്കെയാണ് രാജീവ് അഞ്ചൽ. ഗുരു എന്ന ഒരൊറ്റ ചിത്രത്തിലൂടെ അദ്ദേഹം സിനിമാ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. എന്നാൽ അതിന് മുൻപും പിൻപും തിരക്കേറിയ കലാസംവിധായകൻ ആയിരുന്നു അദ്ദേഹം. തന്റെ കരിയറിലെ വലിയ ചിത്രങ്ങളിൽ ഒന്നായ ഞാൻ ഗന്ധർവന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു പ്രതികരണം.
രാജീവ് അഞ്ചലിന്റെ വാക്കുകൾ
ഓരോ സംവിധായകരും എന്നെ സംബന്ധിച്ച് ഓരോ യൂണിവേഴ്‌സിറ്റികളാണ്. അരവിന്ദേട്ടൻ മുതൽ ഇങ്ങോട്ട് നോക്കുകയാണെങ്കിൽ കെജി ജോർജ്, പദ്‌മരാജൻ, ജെസി എന്ന് പറഞ്ഞ നമ്മുടെ ഡയറക്‌ടർ, പിന്നെ ഭദ്രൻ മാട്ടേൽ അങ്ങനെ ഇവർ എല്ലാവരും സംവിധായകർ എന്ന നിലയിൽ അവരുടെ പ്രതിഭ തെളിയിച്ചിട്ടുള്ള ആളുകളാണ്. അപ്പോൾ ഇവരുടെ കൂടെ ഒക്കെ കലാസംവിധായകൻ ആയിട്ട് നമ്മൾ ചേരുമ്പോൾ ആ അവസരം നമ്മൾ യഥാർത്ഥത്തിൽ മനസിലാക്കിയാൽ അതിനെ വലിയ ഉത്തരവാദിത്തോടെ കൈകാര്യം ചെയ്യും.

ഉദാഹരണത്തിന് പദ്‌മരാജൻ സാർ തന്നെ പറയുകയാണ്, ഇതങ്ങ് വിട്ടുതരികയാണ്, രാജീവ് എന്താണെന്ന് വച്ചാൽ ചെയ്യൂ. തിരക്കഥ നമ്മളെ വായിച്ചു കേൾപ്പിക്കും, അപ്പോൾ അതിനകത്ത് ആ ഫാന്റസി മുഴുവൻ അതിൽ വരണം. പക്ഷേ, അത് സംഭവിക്കുന്ന രീതിയിൽ വേണം അതിലേക്ക് വരാൻ. അന്നത്തെ കാലത്ത് വിഎഫ്എക്‌സ് ഇല്ലല്ലോ. തെലുഗു സിനിമകളിൽ ഒക്കെ ചെയ്യുന്ന പഴയ ഒരു രീതിയുണ്ട്.
ഞാൻ ഗന്ധർവൻ സ്ക്രിപ്റ്റ് കണ്ടപ്പോൾ ഒരിക്കലും പേടി ആയിട്ട് തോന്നിയില്ല. നമുക്ക് അതൊരു ചലഞ്ച് അല്ലേ, അങ്ങനെയാണ് അതിനെ എടുത്തത്. ഒന്നാമത്തെ കാര്യം ഞാൻ ഫൈൻ ആർട്‌സ് കോളേജിൽ ആണ് പഠിച്ചത്. അവിടെ പഠിക്കുന്ന സമയത്ത് തന്നെ അന്തരീക്ഷം എന്ന് പറഞ്ഞാൽ വലിയ ക്ലാസിക് മൂവീസ് വരെ നമുക്ക് കാണാൻ പറ്റുമായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഒക്കെയായിരിക്കും, 60 എംഎം ആയിരിക്കും ഉണ്ടവുക എന്ന് മാത്രം.
പിന്നെ അവിടെ വെറും ചിത്രകലയോ മറ്റ് കാര്യങ്ങളോ മാത്രമല്ല, സിനിമകളെ കുറിച്ചും ഒരുപാട് ചർച്ചകൾ നടത്താറുണ്ട്. അന്നത്തെ കാലത്ത് എന്ന് വച്ചാൽ ബുദ്ധിജീവികളുടെ താവളം എന്ന് പറയുന്ന ഇടമായിരുന്നു. ഞാൻ അഞ്ചൽ എന്ന ഗ്രാമത്തിൽ നിന്ന് വന്ന ആളാണ്, കൂട്ടത്തിൽ ഏറ്റവും പ്രായവും കുറവ് എനിക്കായിരിക്കും. ഇവരുടെ ഒപ്പം ഒക്കെ പിടിച്ചുനിൽക്കാനും മുന്നോട്ട് പോവാനും ഒക്കെ ഒത്തിരി പഠിക്കുകയും നിരീക്ഷിക്കുകയും ഒക്കെ വേണമായിരുന്നു.
അങ്ങനെയൊരു വാസന കിട്ടി, നമുക്കൊരു അവസരം കിട്ടിയാൽ അത് വെല്ലുവിളിയായി ഏറ്റെടുത്ത് ചെയ്യണം എന്നുണ്ടായിരുന്നു. അത് പാല പൂക്കുന്ന കാലമായിരുന്നില്ല. തൃശൂരിലെ പോലീസ് ക്യാമ്പിന്റെ അകത്ത് കൊറേ സ്ഥലം ഉണ്ട്. അവിടെയാണ് ഇതൊക്കെ ഷൂട്ട് ചെയ്‌തത്. പാല പൊതുവെ പൂത്തുനിൽകുന്നത് കോളിഫ്ലവറിന്റെ കൂട്ടം പോലെയാണ്.
നമ്മൾ തെർമോക്കോൾ ചെറിയ ബോൾ ഉണ്ടാക്കി, കെട്ടുകമ്പിയിൽ കെട്ടി ചെറിയൊരു ക്രെയിൻ എടുത്ത്, ഒറിജിനൽ മരത്തിലാണ് ഇതൊക്കെ ചെയ്‌തത്. ദൂരെ നിന്ന് കാണുമ്പോൾ തെർമോക്കോൾ ആണെന്ന് ഒന്നും അറിയില്ല. ഒറിജിനൽ മരത്തിനെ ഞങ്ങൾ അലങ്കരിക്കുകയായിരുന്നു. ആര് നോക്കിയാലും ലോങ്ങ് ഷോട്ടിൽ പാല പൂത്തതാണെന്നേ തോന്നൂ.
നായികയുടെ തലയിലേക്ക് പൂവ് വന്നുവീഴുന്ന രംഗമൊക്കെ ഉണ്ട്. എങ്ങനെയോ വൈഡ് ഷോട്ടിൽ നമ്മൾ വിശ്വസിപ്പിച്ചത് അത് പോലെ ക്ലോസപ്പിലും വേണമായിരുന്നു. അതിൽ തെർമോക്കോൾ ലെയർ എടുത്ത് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയാണ് ചെയ്‌തത്. അത് നമ്മൾ ഒത്തിരി വർക്ക് ചെയ്‌തു. അങ്ങനെയൊരു പത്ത് നൂറു പൂക്കൾ ഉണ്ടാക്കി. അതിന്റെ ക്ലോസപ്പിൽ പോലും വിശ്വസിക്കാൻ തോന്നണം. സിനിമ ഒരു കൂട്ടായ്‌മ ആണെന്ന് പദ്‌മരാജൻ സാറിന് അറിയാം.














Click it and Unblock the Notifications