'ശ്വേത മേനോൻ ബാബുരാജിന് നേരെ വിരൽചൂണ്ടി, അവരെ തകർക്കാൻ കോക്കസ് രൂപപ്പെട്ടു എന്നത് ശരിയാവാം'; ജോസ് തോമസ്
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ഭിന്നത ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഒരു ഘട്ടത്തിൽ അത് കോടതിയിലേക്ക് എത്തുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. ശ്വേത മേനോനെതിരെ ഒരു കോക്കസ് രൂപപ്പെട്ടുവെന്നത് ശരിയായ കാര്യമായിരിക്കാം എന്നാണ് അദ്ദേഹം പറയുന്നത്.
ജോസ് തോമസിന്റെ വാക്കുകൾ
32 വർഷം മുമ്പാണ് 'അമ്മ' എന്ന് പറയുന്ന സംഘടന ജന്മം കൊള്ളുന്നത്. അതിന് ചെറിയൊരു ചരിത്രപശ്ചാത്തലവും ഉണ്ട്. അതിന് തൊട്ടുമുമ്പാണ് മാക്‌ട എന്ന മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ രൂപംകൊള്ളുന്നത്. അതിന്റെ പിന്നിലും ഒരു ചെറിയ സംഭവമുണ്ട്. മദ്രാസിൽ ഒരു അസോസിയേറ്റ് ഡയറക്‌ടർ അസുഖബാധിതനാകുകയും പിന്നീട് മരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പോലും ആരുമില്ല, പണവുമില്ല.

ജോൺ പോൾ എന്ന തിരക്കഥാകൃത്തും ഷിബു ചക്രവർത്തി എന്ന ഗാനരചയിതാവും തിരക്കഥാകൃത്തും അന്ന് മദ്രാസിലുണ്ടായിരുന്നു. അവർ മുൻകൈയെടുത്താണ് ആ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. അന്ന് എല്ലാവരും ജോൺ എന്ന് വിളിക്കുന്ന ജോൺ പോൾ ഷിബുവിനോട് പറഞ്ഞു: 'നമുക്ക് ഒരു സംഘടന ഉണ്ടാക്കണം. മലയാള സിനിമയിലെ ടെക്‌നീഷ്യൻസിന് ഒരു സംഘടന ഉണ്ടാക്കണം' അങ്ങനെയാണ് ആ ആശയം ജന്മമെടുത്തത്.
എന്നാൽ അധികം വൈകാതെ സുരേഷ് ഗോപിയും തിരക്കഥാകൃത്ത് കലൂർ ഡെന്നീസും തമ്മിൽ ഒരു ചെറിയ ഭിന്നത ഉണ്ടാകുന്നു. ഒരു തിരക്കഥയിലെ മാറ്റം സംബന്ധിച്ചായിരുന്നു അത്. "ഒരു നടനും തിരക്കഥയിൽ കൈവെക്കരുത്" എന്ന നിലപാടിലായിരുന്നു കലൂർ ഡെന്നീസ്. അതിൽ മാറ്റം വേണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരുടെ ഭാഗത്താണ് ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. ചില മാറ്റങ്ങൾ നല്ലതാണെങ്കിൽ നമുക്ക് സ്വീകരിക്കാം. പക്ഷേ പിടിവാശിക്കാരനായിരുന്ന കലൂർ ഡെന്നീസ് അതിന് സമ്മതിച്ചില്ല. അവർ തമ്മിൽ ചെറിയൊരു ഭിന്നത ഉണ്ടായി.
അന്ന് കലൂർ ഡെന്നീസാണ് തിരക്കഥാകൃത്തുകൾക്ക് ഒരു സംഘടന ഉണ്ടാക്കണമെന്ന് തീരുമാനിച്ചത്. അപ്പോഴാണ് സംവിധായകൻ ജോഷി സാർ പറയുന്നത്: "എല്ലാ സാങ്കേതിക പ്രവർത്തകർക്കുമായി, അതായത് ക്രിയേറ്റീവായി പ്രവർത്തിക്കുന്ന എല്ലാവർക്കുമായി നമുക്കൊരു സംഘടന ഉണ്ടാക്കാം." അങ്ങനെയാണ് മാക്‌ട രൂപംകൊണ്ടത്. മാക്‌ട രൂപംകൊണ്ടതിന് പിന്നാലെ 'അമ്മ'യും രൂപംകൊള്ളുന്നു. അവിടത്തെ ആദ്യ മീറ്റിങ്ങിൽ തന്നെ 'അമ്മ' എന്ന പവിത്രമായ പേര് നിർദേശിച്ചത് ഇന്ന് നമ്മോടൊപ്പമില്ലാത്ത ദേശീയ അവാർഡ് ജേതാവായ നടൻ മുരളിയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്‌റ്റ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് 'അമ്മ'.
എന്നാൽ ഈ അടുത്തകാലത്ത് ഡബ്ല്യുസിസി രംഗത്തുള്ള ചിലരും ചില മാധ്യമപ്രവർത്തകരും ഒക്കെ എഎംഎംഎ എന്നേ പറയാറുള്ളൂ. 'അമ്മ' എന്ന പവിത്രമായ നാമം ആ സംഘടനയ്ക്ക് കൊടുക്കാൻ പാടില്ലത്രേ. അവർ എന്തും പറഞ്ഞോട്ടെ. ഞാൻ 'അമ്മ' എന്ന് തന്നെയാണ് പറയുന്നത്. ഇന്ന് 'അമ്മ' പിഴച്ചവളായി മാറിയിരിക്കുന്നു. ഞാൻ ഇത് പറയുമ്പോൾ തെറ്റിദ്ധരിക്കരുത്. ഒരു വലിയ ഉദ്ദേശത്തോടുകൂടിയാണ് 'അമ്മ' രൂപംകൊണ്ടത്. 'അമ്മ'യുടെ ലക്ഷ്യങ്ങൾ വലുതായിരുന്നു.
എല്ലാ താരങ്ങളും സമ്പന്നരല്ല. സിനിമയിൽ അഭിനയിച്ച് പിന്നീട് കുറേക്കാലമായി അവസരങ്ങളില്ലാതെ വളരെ ബുദ്ധിമുട്ടി ജീവിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. അവർക്കൊക്കെ താരപ്രഭ ഉണ്ടാകും, പക്ഷേ പണമുണ്ടാവില്ല. ഇവരെയൊക്കെ ചേർത്തുനിർത്തുക, ഇവർക്കൊരു കൈത്താങ്ങാകുക എന്നതായിരുന്നു 'അമ്മ'യുടെ ലക്ഷ്യം. ആ ലക്ഷ്യം അവർ പ്രാവർത്തികമാക്കുകയും ചെയ്‌തു.
മധു സാർ മുതൽ ബാലചന്ദ്ര മേനോൻ, ടിപി മാധവൻ തുടങ്ങി പലരും അതിന്റെ അമരക്കാരായിട്ടുണ്ട്. പിന്നീട് ഇന്നസെന്റ് 16 വർഷത്തിലധികം പ്രസിഡന്റായിരുന്നു. ഇന്നസെന്റിനെ പോലെ ഒരാൾ ആ സംഘടന എത്ര ഭംഗിയായി കൊണ്ടുനടന്നു എന്ന് ആലോചിക്കുമ്പോൾ, അദ്ദേഹം ഇന്ന് ഇല്ലെങ്കിലും അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.
കുറേക്കാലം ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും പ്രവർത്തിച്ച ആളാണ് ഇടവേള ബാബു. വളരെ ഭംഗിയായി ആ സംഘടന മുന്നോട്ടുപോയി. അപ്പോഴാണ് ഹേമ കമ്മിറ്റി വരികയും ചിലർക്കെതിരെ ചില ആരോപണങ്ങൾ ഉയരുകയും ചെയ്‌തപ്പോൾ അവർ രാജിവെക്കേണ്ടി വരികയും ചെയ്‌തത്. അവിടെ ചില പ്രശ്‌നങ്ങൾ ഉണ്ടായി. അങ്ങനെ മുഴുവൻ കമ്മിറ്റിയും രാജിവെച്ചു. തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
പുതിയ തിരഞ്ഞെടുപ്പ് വരുന്ന സമയത്ത് ഞാൻ ഒരു വീഡിയോ ചെയ്‌തിരുന്നു. എന്റെ ചാനലിലല്ല, മറ്റൊരു വൃത്തികെട്ട ചാനലിൽ വീഡിയോ ചെയ്യേണ്ടി വന്നു. അന്ന് അത് വൃത്തികെട്ട ചാനലാണെന്ന് അറിയില്ലായിരുന്നു. ഞാൻ പറഞ്ഞ ഉള്ളടക്കം എന്താണെന്ന് നോക്കാതെ "അമ്മയിൽ കൂട്ടയടി" എന്നായിരുന്നു തമ്പ്‌നെയിൽ കൊടുത്തത്. ഞാൻ ആ വീഡിയോ കണ്ടതുപോലുമില്ല.
അന്നേ ദിവസം വൈകിട്ട് ബാബുരാജ് എന്നെ വിളിച്ചു. "ചേട്ടൻ അങ്ങനെ ഒരു വീഡിയോ ചെയ്‌തത് മോശമായി പോയി" എന്നു പറഞ്ഞു. ഞാൻ പറഞ്ഞു: "ഞാൻ അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ല. അതിൽ ഇടവേള ബാബുവിനെ സപ്പോർട്ട് ചെയ്‌തുകൊണ്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഉണ്ടായിരുന്നപ്പോൾ ഓഫീസ് നന്നായി പോയിരുന്നു. അത് മാത്രമാണ് ഞാൻ പറഞ്ഞത്."
അപ്പോൾ ബാബുരാജ് പറഞ്ഞു: "ഇലക്ഷൻ വരുന്ന സമയത്ത് അങ്ങനെയൊക്കെ പറയാമോ?" അതായത് ബാബുരാജ് മത്സരിക്കാൻ പോകുകയായിരുന്നു. ഞാൻ പറഞ്ഞു: "ഞാൻ ആ വീഡിയോ കാണട്ടെ. കണ്ടിട്ട് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഞാൻ അത് പിൻവലിക്കാൻ പറയാം." അന്ന് ഞാൻ ഫെഫ്‌കയുടെ സ്‌റ്റിയറിങ് കമ്മിറ്റി അംഗമായിരുന്നു. ഏഴ് പേരുള്ള ഒരു സ്റ്റിയറിങ് കമ്മിറ്റിയായിരുന്നു അത്.
രാത്രി വീട്ടിലെത്തിയപ്പോൾ സ്‌റ്റിയറിങ് കമ്മിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിറയെ സന്ദേശങ്ങളായിരുന്നു. ബി ഉണ്ണികൃഷ്‌ണൻ ജനറൽ സെക്രട്ടറി വന്നിരിക്കുന്നു സന്ദേശവുമായി. നമ്മുടെ സ്‌റ്റിയറിങ് കമ്മിറ്റി അംഗം ഒരു വീഡിയോ ചെയ്‌തിരിക്കുന്നു. അത് നമ്മുടെ സഹോദര സംഘടനയായ 'അമ്മ'യെ വേദനിപ്പിച്ചിരിക്കുന്നു. പല അംഗങ്ങളും എന്നെ വിളിച്ചു പറഞ്ഞു. ജോസ് തോമസ് മാപ്പ് പറയണം' എന്നൊക്കെയായിരുന്നു അതിലെ സന്ദേശങ്ങൾ.
മാപ്പും ഒരു കോപ്പും ഞാൻ പറയില്ല. കാരണം ഞാൻ അനാവശ്യമായി ഒരു കാര്യവും ചെയ്‌തിട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ ഉണ്ണികൃഷ്‌ണനെ വിളിച്ച് ചോദിച്ചു: "നിങ്ങൾ ആ വീഡിയോ കണ്ടിരുന്നോ?" ഉണ്ണികൃഷ്‌ണൻ പറഞ്ഞു: ഞാൻ കണ്ടില്ല. പലരും പറഞ്ഞു കേട്ടതേയുള്ളൂ. 'അമ്മ'യിൽ നിന്ന് തന്നെ വിളിച്ചിരുന്നു എന്നൊക്കെയായിരുന്നു മറുപടി. വീഡിയോ കാണാതെ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് ഞാനും പറഞ്ഞു.
എന്തായാലും സ്‌റ്റിയറിങ് കമ്മിറ്റിയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ്. "അയ്യോ അച്ചാ, പോകല്ലേ" എന്ന് പറഞ്ഞ് ആരും വിളിക്കേണ്ട. ഞാൻ ഉണ്ടാവില്ല. എനിക്ക് എന്റെ അഭിപ്രായങ്ങൾ തുറന്നു പറയണം. അതിന് സ്‌റ്റിയറിങ് കമ്മിറ്റി അല്ല, ഏതൊരു വ്യക്തിയും വിലങ്ങുതടിയായാലും "പോടാ പുല്ലേ" എന്ന് പറഞ്ഞിട്ട് ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്നു പറയും. അതുകൊണ്ടുതന്നെ ഞാൻ രാജിവെച്ചു.
അതിനുശേഷം ഈ വിഷയങ്ങൾ ഉണ്ടായപ്പോൾ എന്റെ വീഡിയോകൾ സ്ഥിരമായി കാണുന്ന പലരും ചോദിച്ചു: "നിങ്ങൾ എന്തുകൊണ്ട് 'അമ്മ'യെ കുറിച്ച് ഒന്നും ചെയ്യുന്നില്ല?" ഞാൻ പറഞ്ഞു: നിങ്ങൾ വീഡിയോ ചെയ്യണമെന്ന് പലരും പറഞ്ഞു. അതുകൊണ്ടുകൂടിയാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത്. ഈ കഴിഞ്ഞ ദിവസം ശ്വേതയുമായി രമേഷ് പിഷാരടി നടത്തിയ ടെലിഫോൺ സംഭാഷണം പുറത്തുവന്നു. അത് ആര് പുറത്തുവിട്ടു എന്ന് രമേഷ് പിഷാരടിക്ക് അറിയാം. ശ്വേത തന്നെയായിരിക്കാം പുറത്തുവിട്ടത്.
അവളുടെ ഫോണിൽ നടന്ന സംഭാഷണം മറ്റൊരാൾക്ക് എങ്ങനെ പുറത്തുവിടാൻ കഴിയും? ശ്വേതയ്ക്ക് സ്വന്തം ഭാഗം ന്യായീകരിക്കാൻ വേണ്ടിയാണ് അത് പുറത്തുവിട്ടത്. കോടതിയിൽ നിന്ന് അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ സ്‌റ്റേ വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ രമേഷ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റി സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുന്നു.
പ്രിയപ്പെട്ട ശ്വേത, നിങ്ങൾ മത്സരിക്കുന്ന സമയത്ത് നിങ്ങളെ അനുകൂലിച്ച് വീഡിയോ ചെയ്‌ത ആളാണ് ഞാൻ. സ്ത്രീകൾ അതിന്റെ തലപ്പത്തേക്ക് വരണം. പ്രത്യേകിച്ച് ശ്വേതയെ പോലെയുള്ള ഒരാൾ. ശ്വേതയെ ഞാൻ ബഹുമാനിക്കുന്നു. സംഘടന നയിച്ചുകൊണ്ടുപോകാൻ അറിയാമെന്ന് തന്നെയാണ് ഞാൻ പറഞ്ഞത്. അതിനുശേഷം നമ്മൾ കണ്ടു, നിങ്ങൾ സന്തോഷം പങ്കുവെക്കുകയും ചെയ്‌തു. പക്ഷേ ഇന്ന് ഞാൻ പറയട്ടെ, നിങ്ങൾ ഒരു വലിയ തെറ്റ് ചെയ്‌തു.
ജനറൽ ബോഡിയുടെ മുമ്പിൽ നിന്നുതന്നെ നിങ്ങൾ പറഞ്ഞു: "ഞാൻ രാജിവെക്കുകയാണ്." പ്രാഥമിക അംഗത്വം പോലും രാജിവെക്കുമ്പോൾ നിങ്ങൾ ജനറൽ ബോഡിയുടെ മുമ്പിൽ നിന്ന് അത് പറയാൻ പാടില്ലായിരുന്നു. ഇപ്പോൾ നിങ്ങൾ പറയുന്നു: "സാങ്കേതികമായി ഞാൻ രാജിക്കത്ത് നൽകിയിട്ടില്ല." നിങ്ങൾ രാജിക്കത്ത് നൽകിയില്ലെങ്കിലും ഒരു അസോസിയേഷന്റെ പരമാധികാര ബോഡി ജനറൽ ബോഡിയാണ്. ആ ജനറൽ ബോഡിയുടെ മുമ്പിൽ നിന്ന് "ഞാൻ രാജിവെക്കുന്നു" എന്ന് പറഞ്ഞാൽ, അത് രേഖപ്പെടുത്തിയാൽ രാജിവെച്ചതായിത്തന്നെയാണ് കണക്കാക്കപ്പെടുക.
എന്തുകൊണ്ടാണ് കോടതി ഇങ്ങനെ ഒരു നടപടി എടുത്തതെന്ന് എനിക്കറിയില്ല. ആ സ്‌റ്റേ ഒഴിവാക്കാൻ ആരെങ്കിലും മേൽക്കോടതിയെ സമീപിക്കുമോ എന്നും എനിക്കറിയില്ല. നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ ശരിയാണ്. അവിടെ ഒരു കോക്കസ് രൂപപ്പെട്ടു. നിങ്ങളെ തകർക്കാനോ നിങ്ങളെ ഒഴിവാക്കാനോ വേണ്ടിയായിരിക്കാം. അതിന് പല കമ്മിറ്റി അംഗങ്ങളെയും കരിവാരിത്തേച്ചിട്ടുണ്ട്. ഞാൻ അതിലെ ചില കമ്മിറ്റി അംഗങ്ങളുമായി അടുത്ത ബന്ധമുള്ള ആളാണ്. അവരുമായി സംസാരിക്കാറുണ്ട്. അവർ സങ്കടത്തോടെയാണ് പറയുന്നത്. ഇങ്ങനെ ഒരു ചീത്തപ്പേര് വെറുതെ വന്നുപോയി എന്ന്.
അതിന് കാരണക്കാർ ആരായാലും അവർ 'അമ്മ'യെ നശിപ്പിച്ചു കഴിഞ്ഞു. ടെലിഫോൺ ചാറ്റ് കേട്ടാൽ അവിടെ സംഭവിച്ചത് എന്താണെന്ന് നിങ്ങൾക്കറിയാം. അത് സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നുണ്ട്. ഞാൻ ആ ഫോൺ ചാറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. രമേഷ് പിഷാരടി എത്ര ഭംഗിയായിട്ടാണ് അഡ്ഹോക്ക് കമ്മിറ്റി ചെയർമാനെന്ന നിലയിൽ ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്താൻ മുന്നോട്ടുവന്നത്. പക്ഷേ ശ്വേതയുടെ കാഴ്‌ചപ്പാടിൽ അവിടെ ഒരുപാട് അഴിമതികൾ നടന്നിട്ടുണ്ട്.
എന്നോട് 'അമ്മ'യുടെ ജനറൽ ബോഡിയിൽ പങ്കെടുത്ത ഒരു ആർട്ടിസ്‌റ്റ് പറഞ്ഞതാണ്: "ശ്വേത സ്റ്റേജിൽ നിന്ന് ബാബുരാജിനെ വിരൽചൂണ്ടി പറഞ്ഞു, 'നിങ്ങൾ അഴിമതി നടത്തിയിട്ടുണ്ട്. ഞാൻ എണ്ണിയെണ്ണി പറയാം. അല്ലെങ്കിൽ നിങ്ങൾ ഈ വേദിയിലേക്ക് വന്ന് പറയൂ, നിങ്ങൾ അഴിമതി നടത്തിയിട്ടില്ല' എന്ന്." ബാബുരാജ് സ്‌റ്റേജിലേക്ക് വന്നില്ല, മറുപടി പറഞ്ഞില്ല. അവിടെ കറങ്ങിനടന്നുവെന്നാണ് ഒരു 'അമ്മ' അംഗം പറഞ്ഞത്. അങ്ങനെ ഉണ്ടായിരുന്നില്ലെങ്കിൽ എന്തുകൊണ്ട് ബാബുരാജ് സ്‌റ്റേജിലേക്ക് വന്ന് പറഞ്ഞില്ല, 'ഇത് കള്ളമാണ്' എന്ന്? എന്തുകൊണ്ട് അങ്ങനെ ഒരു കോടതിയിൽ പോയില്ല?
ഇപ്പോൾ ശ്വേത പറയുന്നതനുസരിച്ചാണെങ്കിൽ സിദ്ദിഖ് അടക്കം, ബാബുരാജ് അടക്കം, ഇടവേള ബാബു അടക്കം ആരോ ഒരു കോക്കസ് രൂപപ്പെടുത്തി ഇതിന്റെ ഭരണാധികാരം പിടിക്കാൻ ശ്രമിക്കുകയാണ്. എന്തോ ഒരു സംസ്ഥാനത്തിന്റെ ഭരണം പിടിക്കുന്ന വലിയ കാര്യമെന്ന നിലയിലാണ് അവർ ഇതിനെ കാണുന്നതാവാം. ശ്വേത അതിനെതിരെ ശക്തമായി മുന്നോട്ടുപോകുന്നു. കോടതിയിൽ കേസ് വരട്ടെ. കേസ് വന്നാൽ ജനങ്ങൾ ഇനിയും അവിടുത്തെ ഒരുപാട് അന്തർനാടകങ്ങൾ അറിയട്ടെ. എന്തായിരുന്നു 'അമ്മ'? എങ്ങനെയാവേണ്ടിയിരുന്നു 'അമ്മ'? എന്ന് ജനം തീരുമാനിക്കട്ടെ.














Click it and Unblock the Notifications