Get Updates
Get notified of breaking news, exclusive insights, and must-see stories!

"മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി"

അമ്മ സംഘടനയിൽ ഉണ്ടായ പ്രശ്‌നങ്ങളിൽ ശ്വേത മേനോൻ ഉൾപ്പെടുന്ന സംഘം ഒരു വശത്തും അൻസിബ ഹസൻ ഉൾപ്പെടുന്ന ഗ്രൂപ്പ് മറ്റൊരു വശത്തുമാണ് നിലവിൽ. ഇപ്പോഴിതാ വിഷയത്തിൽ അൻസിബയെ ന്യായീകരിച്ചും ശ്വേത മേനോനെ വിമർശിച്ചും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.

'ശ്വേത മേനോൻ ബാബുരാജിന് നേരെ വിരൽചൂണ്ടി, അവരെ തകർക്കാൻ കോക്കസ് രൂപപ്പെട്ടു എന്നത് ശരിയാവാം'; ജോസ് തോമസ്
'ശ്വേത മേനോൻ ബാബുരാജിന് നേരെ വിരൽചൂണ്ടി, അവരെ തകർക്കാൻ കോക്കസ് രൂപപ്പെട്ടു എന്നത് ശരിയാവാം'; ജോസ് തോമസ്

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

അമ്മയിൽ ഇപ്പോൾ നടക്കുന്ന തമ്മിലടിയും കലഹവും കാണുമ്പോൾ, അമ്മയിലെ ഭാരവാഹികളാണോ വിഡ്ഢികൾ, അതോ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന നമ്മളാണോ വിഡ്ഢികൾ എന്ന് തോന്നിപ്പോവുകയാണ്. ഇത് പറയുവാനുള്ള കാരണം, അമ്മയുടെ ജനറൽ ബോഡി കൂടിയ ദിവസം ജനങ്ങളോട്, പൊതുജനങ്ങളോട് വിളിച്ചു പറയുന്നു: "അമ്മ ഭരണസമിതി രാജിവെച്ചു. ശ്വേതാ മേനോൻ എന്ന ഞാൻ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരിക്കുന്നു. എന്റെ പ്രാഥമിക അംഗത്വവും ഞാൻ രാജിവെച്ചിരിക്കുന്നു. എന്റെ ഭരണസമിതിയിലുള്ള 17 അംഗങ്ങളും രാജിവെച്ചിരിക്കുന്നു."

shweta menon

"പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ, ഇന്ന് എനിക്കും തോന്നി. സംഘടനയെ കുറ്റാരോപിതരായ ആളുകൾക്ക് വിട്ടുകൊടുക്കുവാനുള്ള ശ്രമം നടക്കുന്നു." അവർ കൂട്ടിച്ചേർക്കുന്നു. ജനറൽ ബോഡി വിളിച്ചുകൂട്ടിയ അമ്മയുടെ പ്രസിഡന്റ്, അംഗങ്ങളെ എല്ലാം നോക്കുകുത്തികളാക്കി നിർത്തിക്കൊണ്ട്, അവർ വിളിച്ചുകൂട്ടിയ ജനറൽ ബോഡി യോഗം പൂർണതയിൽ എത്തിക്കാതെ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ ഇറങ്ങി വന്ന് ഈ ഡയലോഗുകൾ പറഞ്ഞിട്ട് കടന്നുകളഞ്ഞു.

നാഥനില്ലാ കളരിയായി മാറ്റപ്പെട്ട, പെട്ടെന്ന് അനാഥത്വത്തിലേക്ക് തള്ളിവിട്ട അമ്മയിലെ അംഗങ്ങൾ തീരുമാനിക്കുന്നു: "അമ്മയെ സംരക്ഷിക്കാൻ താൽക്കാലികമായി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കാം." അതിന് ബലിയാടാകേണ്ടി വന്നത് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പിഷാരടിയുമാണ്. സാധാരണ സിനിമയിൽ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന രംഗങ്ങളും ട്വിസ്റ്റുകളും ഗംഭീര ക്ലൈമാക്‌സുകളും ഒക്കെ ഉണ്ടാകാറുണ്ട്.

ഇത്തരം രംഗങ്ങളൊക്കെ സിനിമയിൽ അഭിനയിച്ച് കുഴപ്പിക്കുന്ന നടീനടന്മാർ, അവരുടെ സംഘടനയിലും ഇത്തരം രംഗങ്ങൾ സൃഷ്‌ടിക്കുകയാണ് ഇപ്പോൾ. സിനിമയിലാണെങ്കിൽ ക്ലൈമാക്സോടെ അതിന് ഒരു അവസാനവുമുണ്ട്. ഇവിടെയാണെങ്കിൽ കഥയ്ക്ക് ഒരു അവസാനമില്ല. പൊതുജനങ്ങളിൽ ജിജ്ഞാസ വർധിപ്പിക്കും വിധം രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ വന്നുകൊണ്ടിരിക്കുകയാണ്. നാളെ ഇനി എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് പലരും.

രാജിവെച്ച് മുങ്ങിയ പ്രസിഡന്റ്, കുറച്ചു നാളുകൾ പിന്നിട്ടപ്പോൾ ഇതാ പൊങ്ങിയിരിക്കുന്നു. "ഞാൻ ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. അതിനാൽ തന്നെ അഡ്ഹോക്ക് കമ്മിറ്റിക്ക് തുടരുവാനുള്ള അർഹതയുമില്ല." പലതും മാറ്റിയും മറിച്ചും സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച് പറഞ്ഞിട്ടുള്ളതുകൊണ്ട്, വെറുതെ വന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല എന്ന് മനസിലാക്കിയ ശ്വേത, നിയമത്തെ കൂട്ടുപിടിച്ച് കോടതി വിധിയുമായിട്ടാണ് ഇക്കുറി എത്തിയത്.

ഉടൻ കഥയ്ക്ക് മറ്റൊരു ട്വിസ്‌റ്റും. പിഷാരഡിയുടെ തലയിൽ അണിയിച്ചുകൊടുത്ത മുൾക്കിരീടം എടുത്തെറിഞ്ഞുകൊണ്ട് അദ്ദേഹം ഓടി രക്ഷപ്പെടുന്നു. ഈ സസ്പെൻസും ട്വിസ്‌റ്റുകളും ഒക്കെ ചാനലുകളിലും സോഷ്യൽ മീഡിയയിലും ഒരു ചാകര തന്നെ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്.
ഇനി മറ്റൊരു ട്വിസ്‌റ്റ് സംഭവിച്ചത് എന്താണെന്ന് വെച്ചാൽ, അൻസിബയുടെ ടിനി ടോമിനെതിരെയുള്ള കേസിൽ കഴമ്പില്ല എന്ന പോലീസിന്റെ വാദം പൊളിച്ചടുക്കിക്കൊണ്ട് കോടതി വിധി വാങ്ങി ടിനി ടോമിനെ മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുകയാണ് അൻസിബ.

അൻസിബ അഭിനയിച്ച ദൃശ്യം ഒന്നിലെ ഒരു രംഗമുണ്ടല്ലോ. തന്നെ ഉപദ്രവിക്കാൻ വന്നവനെ തലക്കടിച്ച് കൊല്ലുന്ന രംഗം. ആ രംഗം ഓർത്ത് ടിനി ടോം രാത്രികാലങ്ങളിൽ പേടിച്ച് ഞെട്ടി ഉണരാറുണ്ടെന്ന് മിമിക്രിക്കാർ പലരും പറയുന്നുണ്ട്. ഒരു പ്രതികാരദുർഗയായി മാറിയ അൻസിബയുടെ പോരാട്ടം ഇവിടംകൊണ്ടും അവസാനിച്ചില്ല. തന്നെ പോലീസ് സ്‌റ്റേഷനിൽ കയറ്റി അപമാനിച്ച ലക്ഷ്‌മിപ്രിയയെയും ഭർത്താവിനെയും മാത്രമല്ല, തനിക്ക് നീതി നൽകാതിരുന്ന വനിതാ എസ്.ഐയെയും കോടതി കയറ്റി വെള്ളം കുടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാനും തടുക്കാൻ പറ്റില്ല' എന്ന് പറഞ്ഞതുപോലെ, ഇതുകൊണ്ടൊന്നും അൻസിബ നിർത്തിയില്ല. തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ മദ്യപാനിയായും അവിഹിതവേഴ്‌ച നടത്തുന്നവളായും കെട്ടുകഥകൾ ഇറക്കി പൊതുമധ്യത്തിൽ ആക്ഷേപിച്ച് ആനന്ദിച്ച ലക്ഷ്‌മിപ്രിയക്കെതിരെ മറ്റൊരു കേസുമായി അൻസിബ നീങ്ങിയിരിക്കുകയാണ്.

ഈ രംഗങ്ങളൊക്കെ തമാശയായി കാണേണ്ടതല്ല. ഒരു പാവം പെൺകുട്ടിക്ക് നേരെ നടന്ന കണ്ണില്ലാത്ത, മനസാക്ഷിയില്ലാത്ത ക്രൂരതകളുടെ അനന്തരഫലങ്ങളാണിവ. ഉപ്പ് തിന്നവർ വെള്ളം കുടിച്ചേ മതിയാകൂ.
അൻസിബ പതുങ്ങി ഒളിച്ച പുലിയല്ല. തല ഉയർത്തി നിന്നുകൊണ്ട് വേട്ടക്കാരെ വീഴ്ത്തിയ ധീരയായ പെൺപുലിയാണ്.

ഈ കഥയിൽ അപ്രതീക്ഷിതമായ ട്വിസ്‌റ്റ് ഉണ്ടാക്കിയ ഒരു മുഴുനീള കഥാപാത്രമുണ്ട്. അതാണ് നമ്മുടെ മാലാ പാർവതി. അപ്രസക്തമായ ഒരു കഥാപാത്രമായിരുന്ന മാലാ പാർവതി ഇപ്പോൾ പ്രസക്തമായി മാറി. കഥയുടെ ഗതി തന്നെ മാറ്റിമറിച്ചു. പ്രസിഡന്റായ ശ്വേതയും സെക്രട്ടറിയായി കുക്കു പരമേശ്വരനും അമ്മയുടെ നേതൃസ്ഥാനത്ത് എത്താൻ അഹോരാത്രം പണിപ്പെട്ട് കഷ്‌ടപ്പെട്ട വ്യക്തിയാണ് മാലാ പാർവതി. ഇവർക്ക് വേണ്ടി ഒരുപാട് കല്ലേറുകൾ മാലാ പാർവതി ഏറ്റുവാങ്ങിയിട്ടുമുണ്ട്.

എന്നാൽ ഇവരുടെയൊക്കെ തനിനിറം തിരിച്ചറിഞ്ഞ് മനസിലാക്കി മാലാ പാർവതി പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് സത്യത്തിന്റെ ഭാഗത്തും നേരിന്റെ ഭാഗത്തും നിലയുറപ്പിച്ചു. ഈ കഥാപാത്രം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നിടത്തൊക്കെ കയ്യടി ഏറ്റുവാങ്ങുകയാണ്. അൻസിബ പലരെയും മതം മാറ്റാൻ ശ്രമിച്ചു, അവർ മതതീവ്രവാദിയാണെന്ന ചാപ്പ കുത്താൻ പലരും ശ്രമിച്ചു. ഇത് പൊതുസമൂഹത്തിനിടയിൽ ഗൗരവമേറിയ ചർച്ചയായി.

അപ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർത്തിയവർ അങ്ങനെ ഒരു ആരോപണം പറഞ്ഞിട്ടില്ല, അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് തടിയൂരാൻ ശ്രമിച്ചപ്പോൾ, പൊതുസമൂഹത്തോട് നീനാ കുറുപ്പ് മാത്രമല്ല, മാലാ പാർവതിയും ഇപ്പോൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. നീനാ കുറുപ്പ് പറഞ്ഞത് ടിനി ടോം പറഞ്ഞു എന്നതാണെങ്കിൽ, മാലാ പാർവതി പറയുന്നു, അവരോട് പറഞ്ഞത് ശ്വേതാ മേനോൻ ആണെന്ന്.

മാലാ പാർവതിക്ക് നേരെ ശ്വേത ഭീഷണി ഉയർത്തി. മാലാ പാർവതിയെ മലയാള സിനിമയിൽ വെച്ച് പൊറുപ്പിക്കില്ല, നിഷ്‌കാസനം ചെയ്‌തു കളയും എന്നും പറഞ്ഞു. ഇക്കാര്യം ഞാൻ പറയുന്നതല്ല. പൊതുസമൂഹത്തോട് മാലാ പാർവതി തന്നെ തുറന്നുപറഞ്ഞതാണ്. ഈ കഥയിൽ പ്രധാന വില്ലന്മാർ പവർ ഗ്രൂപ്പാണെന്നാണ് ശ്വേത പറയുന്നത്.

'എല്ലാം പഴയപടി തന്നെ..'; അമ്മയില്‍ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും
'എല്ലാം പഴയപടി തന്നെ..'; അമ്മയില്‍ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും

ആ പവർ ഗ്രൂപ്പിനെ അവർ പൊതുമധ്യത്തിൽ തുറന്നുകാട്ടിയെന്നാണ് അവകാശപ്പെടുന്നതും. ഇവിടെ ചെറിയൊരു ഫ്ലാഷ്ബാക്ക് ഉണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് ശ്വേതാ മേനോനും കൂട്ടരും. ഇന്നിപ്പോൾ അമ്മയിൽ ഉള്ളത് പവർ ഗ്രൂപ്പിനെക്കാൾ ഏറെ ചവർ ഗ്രൂപ്പാണെന്നുള്ളതാണ് സത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+