'സെറ്റ് സൈലന്റായി, മമ്മൂക്ക വരുന്നു.. എന്റെ നെഞ്ച് പട പട ഇടി തുടങ്ങി', മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ അനുഭവം
ആദ്യമായി നടൻ മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ ഹൃദ്യമായ അനുഭവക്കുറിപ്പ് പങ്കുവെച്ച് യൂത്ത് കോൺഗ്രസ് നേതാവ് മഞ്ജുക്കുട്ടൻ ജി. മമ്മൂട്ടിയെ നേരിൽ കാണണം എന്നുളളത് പത്താം ക്ലാസ് മുതലുളള ആഗ്രഹം ആണെന്നും നേരിട്ട് കണ്ട അനുഭവത്തെ കുറിച്ച് എത്ര എഴുതിയാലും ആ ഫീൽ മനസ്സിലാകില്ലെന്നും ഫേസ്ബുക്കിൽ മഞ്ജുക്കുട്ടൻ കുറിക്കുന്നു.
മേള സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടിയെ കണ്ടതെന്നും അദ്ദേഹത്തിന് ഒരു സ്പെഷ്യൽ സമ്മാനം നൽകിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ മഞ്ജുക്കുട്ടൻ പറയുന്നു.
മഞ്ജുക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' തഴവയിലെ തഴ പായ ഇനി മമ്മൂട്ടിയുടെ നിസ്കാര മുറിയിൽ കാണും. ഏറെ സന്തോഷത്തോടെ ആണ് ഈ കുറിപ്പ് എഴുന്നത്. മമ്മൂട്ടിയെ കാണണമെന്നുള്ള ആഗ്രഹം ഒരു ദിവസം കൊണ്ട് എനിക്ക് ഉണ്ടായത് അല്ല. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ സഹപാഠിയും ഏറ്റവും അടുത്ത സുഹൃത്തുമായ നിസാമിലൂടെ മനസ്സിൽ കയറിയ ആഗ്രഹമാണ്. അതങ്ങനെ വളർന്നു അടക്കി മനസ്സിൽ വെച്ച് ഒരു അവസരത്തിനായി.
അങ്ങനെ ഇരിക്കുമ്പോൾ ആണ് അവിചാരിതമായി ആന്റോ ചേട്ടനെ ഞാൻ വിളിക്കുന്നത്. "നീ പോന്നോളൂ " എന്നാണ് ആദ്യത്തെ മറുപടി. എനിക്ക് കിട്ടിയ അവാർഡ് പോലെ. മമ്മൂട്ടിയെ കണ്ടാൽ എന്താണ് കൊടുക്കുന്നത് എന്ന് ആശങ്ക ഉണ്ടായി. ഒരാഴ്ച പല പല സാധനങ്ങൾ പോയി നോക്കി. അവസാനം അയ്യപ്പനെ വിളിച്ചു. എന്റെ സുഹൃത്താണ്, യൂത്ത് കോൺഗ്രസ് നേതാവാണ്. അയ്യപ്പൻ പറഞ്ഞു നമ്മുടെ തഴപ്പാ അല്ലാതെ വേറെ എന്താണ് കൊടുക്കുക എന്ന്. അതിനായി ഒരുപാട് സ്ഥലത്ത് ഞങൾ പോയി. കൊടുക്കുമ്പോൾ നല്ല പായ കൊടുക്കണമല്ലോ. അതിനായി ഞങൾ തഴവയിലെ ഏറ്റവും പഴയ തലമുറയിലെ നെയ്‌ത്തുകാരി ശങ്കരി അമ്മയുടെ അടുത്താണ് പോയത്.

ശങ്കരിയമ്മ രാഹുൽ ഗാന്ധിക്ക് വരെ പായ നൽകി ഫേമസ് ആയ ആളാണ്. ഞാനും അയ്യപ്പനും അവിടേക്ക് പോയി. പായ സെലക്റ്റ് ചെയ്തു. ഇരു മുഖമുള്ള അലങ്കാരമായി നെയ്‌ത്തെടുത്ത മനോഹരമായ ഒരു പായ. ഏകദേശം 3800 രൂപ വില വരുന്ന ആ പായ ഞങൾ വില നൽകി വാങ്ങി. എനിക്ക് ആയത് കൊണ്ട് ശങ്കരിയമ്മ 3600 രൂപയ്ക്ക് തന്നു. ആ പായയുമായി അയ്യപ്പനോട് പോലും പറയാതെ ആണ് ഞാൻ മമ്മുക്കയെ കാണാൻ പോയത്.
അദ്ദേഹത്തെ ഏകദേശം കാത്തു നിന്നത് ഒരു മണിക്കൂർ ആണ്. അദ്ദേഹം വീട്ടിൽ നിന്ന് മേള സിനിമയുടെ സെറ്റിലേക്ക് ആണ് വരുന്നത്. രാജ മാണിക്യത്തിന് ശേഷം മമ്മുക്ക അഴിഞ്ഞാടുന്ന സിനിമ ആണ് "മേള". കൂടുതൽ വിവരങ്ങൾ പങ്ക് വെയ്ക്കുന്നില്ല.ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സെറ്റെല്ലാം സൈലന്റ് ആയി. മമ്മുക്ക വരുന്നു എന്ന് പറഞ്ഞു. എന്നോട് കരവാന്റെ അടുത്തേക്ക് നിൽക്കാൻ പറഞ്ഞു. ഞാൻ അവിടേക്ക് നിന്നും പെട്ടന്നാണ് ഒരു കാറിന്റെ ഹോൺ കേട്ടത്.
പച്ച കളർ വണ്ടിയിൽ ഒരു കറുത്ത കൂളിങ് ഗ്ലാസ്സ് വെച്ച് മുന്നിൽ ഇരിക്കുന്നു ആ മഹാ നടൻ. രണ്ട് സൈഡിലുമായി സെറ്റിലെ നിരവധി ആളുകൾ വലിയ ബഹുമാനത്തെ നിൽപ്പുണ്ട്. തൊട്ട് പുറകിലായി കുറെ അധികം കൊച്ചു കുട്ടികൾ. മമ്മുക്കയുടെ വണ്ടി വന്ന് കാരവന്റെ അടുത്ത് നിന്നു. എന്റെ നെഞ്ച് പട പട ഇടി തുടങ്ങി. ആദ്യം കാറിൽ നിന്നും ആന്റോ ചേട്ടൻ ഇറങ്ങി എന്നോട് അടുത്തേക്ക് വരാൻ പറഞ്ഞു. ഞാനും റാഫിയും അടുത്തേക്ക് നിന്നു. ഞാൻ ആകെ പതറി. എന്ത് ചെയ്യണമെന്ന് അറിയാതെ പോകുമോ എന്ന് ഭയം ഉണ്ടായി. പെട്ടന്ന് ഞാൻ എന്നെ തന്നെ വിളിച്ചുണർത്തി.
കാറിൽ നിന്നും നമ്മുക്ക ചിരിച്ചു കൊണ്ട് ആദ്യം കാലാണ് കണ്ടത്. പിന്നീട് ചരിഞ്ഞിറങ്ങുന്ന മമ്മുട്ടി, അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. അപ്പോൾ ആന്റോ ചേട്ടൻ എന്നെ പരിചയപെടുത്തുന്നുണ്ടായിരുന്നു. പക്ഷെ എന്റെ ചെവിയിൽ അതൊക്കെ വേറെ എന്തോ സൗണ്ട് പോലെ ആണ് ഫീൽ ചെയ്തത്. എന്റെ അടുത്ത് വന്നു നിന്നു ഇതാണ് മഞ്ജുക്കുട്ടൻ യൂത്ത് കോൺഗ്രസ് നേതാവാണ്. ആലപ്പുഴ KC യുടെ സ്വന്തം ആളാണ് എന്നാണ് പറഞ്ഞത്. അപ്പോൾ മമ്മുക്ക തമാശയായി തിരികെ ചോദിച്ചു "ആലപ്പുഴ KC യുടെ ആണോ "? എല്ലാവരും കൂടെ ചിരിച്ചു. ഞാൻ ഇതെല്ലാം ഒരു മുഴക്കം പോലെ ആണ് കേട്ടത്.
"എന്റെ അടുക്കൽ നിൽക്കുന്നത് ഞാൻ കഴിഞ്ഞ 25 വർഷമായി കാണാൻ ആഗ്രഹിച്ച ആ മഹാ നടൻ ആണ്. സംസ്ഥാന സർക്കാരിന്റെ 11 അവാർഡും 4 ദേശീയ അവാർഡും പത്മശ്രീ, പത്മ വിഭൂഷൻ ഉൾപ്പടെ ഉള്ള അവാർഡുകൾ വാരി കൂട്ടിയ ആ മഹാ നടൻ ആ മനുഷ്യനോട് ചേർന്ന് നിന്ന് ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്". എന്റെ മനസ്സിൽ കൂടി ഒരുപാട് കഥാപാത്രങ്ങൾ ഇങ്ങനെ ഓടി പോയി. കൊടുമൺ പൊറ്റിയും അപ്പുവിന്റെ പപ്പയും, അബേദ്കറും.. മനസ്സിൽ വല്ലാത്ത സന്തോഷമാണ് ഉണ്ടായത്.
എന്നെ പെട്ടെന്ന് പുറകിൽ നിന്ന് റാഫി വിളിച്ചു. അപ്പോഴാണ് ഞാൻ ഉണർന്നത്. പെട്ടെന്ന് എന്റെ കയ്യിലുള്ള ആ പായ എടുത്തു മമ്മുക്കക്ക് കൊടുത്തിട്ട് പറഞ്ഞു, "ഇത് കൈ കൊണ്ട് നെയ്തതാണ്. ഇത് ഇക്കായ്ക്ക് നിസ്കരിക്കാൻ ആണ്. തഴവ എന്ന സ്ഥലത്ത് ആണ് ഇത് ധാരാളമായി നെയ്യുന്നത് എന്ന്. അപ്പോൾ തിരികെ പറഞ്ഞു "ഞാൻ കേട്ടിട്ടുണ്ട് തഴവ ". ഒരു ചിരിയോടെ ആ പായ വാങ്ങി ഒന്ന് തലോടി. അടുത്ത് നിന്ന സ്റ്റാഫിന്റെ കയ്യിലേക്ക് കൊടുത്തു.
അപ്പോൾ തന്നെ ഞാൻ വേറെ ഒരു സമ്മാനം കൂടി നൽകി. ഇത് എന്താണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു ബുക്ക് ആണ്. നെഹ്‌റുവിന്റെ അച്ഛൻ മൊത്തിലാൽ നെഹ്‌റുവിന്റെ ജീവ ചരിത്രം അടങ്ങിയ ഒരു ഇംഗ്ലീഷ് പുസ്തകം. അതും കയ്യിൽ വാങ്ങി, വീണ്ടും ഒരു പുസ്തകം കൂടി ഞാൻ എടുത്തു. "ഇനിയുമുണ്ടോ "എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇത് ഞാൻ എഴുതിയ പുസ്തകമാണ്. "എഴുത്തുമുണ്ടോ? ചിരിച്ചോണ്ട് ഒരു മറു ചോദ്യം. ഭാരത് ജോഡോ യാത്രയിൽ ഞാൻ പങ്കെടുത്ത കാര്യം ആന്റോ ചേട്ടൻ സംസാരിച്ചു. എനിക്ക് ഒരു ആശംസകൾ എന്റെ പുസ്തകത്തിൽ എഴുതി തരണമെന്ന് ഞാൻ പറഞ്ഞു.
"അതിനെന്താ പേന എടുക്കു" എന്ന് പറഞ്ഞു. ആരോ ഒരാൾ പേനയുമായി വന്നു. എന്റെ പുസ്തകത്തിൽ അദ്ദേഹം എഴുതി തന്നു "all the best to manjukuttan" സ്വന്തം മമ്മുട്ടി.
എല്ലാം കഴിഞ്ഞപ്പോൾ ഇനി എന്താണ് എന്ന് ചോദിച്ചപ്പോൾ ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ചു. "ബാ "എന്ന് പറഞ്ഞിട്ട് എന്നെ ചേർത്തു നിർത്തി കെട്ടിപിടിച്ചു. ഞാൻ കെട്ടിപിടിച്ചത് മമ്മൂട്ടിയെ ആണ്. ഈ ലോകം മുഴുവൻ ഒരുവട്ടം എങ്കിലും കാണാൻ ആഗ്രഹിക്കുന്ന ആ മഹാ നടനെ,അതിന് ശേഷം റാഫിയുമായി ഒരു ചിത്രവും എടുത്തിട്ട് പുറകിലേക്ക് നോക്കി. കുറെ കുട്ടികൾക്കു കൈ വീശി ടാറ്റാ പറഞ്ഞു തിരികെ കരവാൻ ഉള്ളിലേക്ക് കയറി.
ഇതൊരു വല്ലാത്ത നിമിഷമാണ്. എത്ര എഴുതിയാലും എനിക്ക് ഉണ്ടായ ഫീൽ അത് ഞാൻ നേരിട്ട് അനുഭവിച്ചത് പോലെ വേറെ ആരും അനുഭവിച്ചിട്ടില്ല. മമ്മുട്ടി കേവലം ഒരു നടൻ മാത്രമല്ല ഒരു മനുഷ്യ സ്നേഹി കൂടിയാണ്. അതാണ് അദ്ദേഹത്തോടുള്ള ആരാധയ്ക്ക് കാരണവും.എന്റെ ജീവിതത്തിലെ ഈ ആഗ്രഹം ഒരിക്കൽ എങ്കിലും സാധിക്കുമെന്നുള്ള എന്റെ ആത്മവിശ്വസവും ആ മനുഷ്യ സ്നേഹിയാണ് അദ്ദേഹം എന്നുള്ളതാണ്. എന്തായാലും അങ്ങനെ എന്റെ ജീവിതത്തിലെ ആഗ്രഹങ്ങളായ അഞ്ചിൽ ഒരണ്ണം കൂടി സാധിച്ചു നന്ദി എല്ലാവർക്കും.''



Click it and Unblock the Notifications
