'പ്രേംകുമാറിനെ കെഎസ്എഫ്‌ഡിസിയുടെ ചെയർമാൻ ആക്കിയതിൽ ചിലർക്ക് എതിർപ്പ്, ധാർമികത എന്തിന്?'; ജോസ് തോമസ്
മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ജോസ് തോമസ്. നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും അദ്ദേഹം കേരളത്തിലെ പൊതു വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും നിരന്തരം പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ പ്രേംകുമാറിന് സംസ്ഥാന സർക്കാർ നൽകിയ പദവിയിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് അദ്ദേഹം.
ജോസ് തോമസിന്റെ വാക്കുകൾ
എനിക്ക് ഒരാൾ ഫേസ്ബുക്ക് പോസ്‌റ്റ് അയച്ചു തന്നു. അതിൽ ഉണ്ടായിരുന്നത് 'അനിൽ തോമസ്' എന്ന് പറയുന്ന ഫിലിം ചേംബർ പ്രസിഡന്റ് ആയ വ്യക്തിയുടെ ചില അഭിപ്രായങ്ങളായിരുന്നു. അതായത്, പ്രേം കുമാറിനെ കെഎസ്എഫ്‌എസി ചെയർമാൻ ആക്കിയതിനെതിരെയുള്ള ചില വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ. ഒപ്പം മറ്റൊരു പോസ്‌റ്റ് ഉണ്ടായിരുന്നു: ബൈജു കൊട്ടാരക്കര എന്ന് പഴയ സംവിധായകൻ പറയുന്നു, സിപിഎം വണ്ടിയിൽ നിന്നും താൻ ചാടി ഇറങ്ങി കോൺഗ്രസ് വണ്ടിയിലേക്ക് ഓടിക്കയറിയ ആളാണ് പ്രേംകുമാർ.

അദ്ദേഹത്തെ ഒരിക്കലും കെഎസ്എഫ്‌ഡിസിയുടെ ചെയർമാൻ ആക്കരുതായിരുന്നു; കോൺഗ്രസിന് വേണ്ടി പണിയെടുത്ത ഒരുപാട് പേരെ ചവിട്ടി പുറത്താക്കിയാണ് ഇങ്ങനെ ചില തീരുമാനങ്ങൾ എടുത്തത് എന്നാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്. എനിക്ക് ഈ പോസ്‌റ്റ് അയച്ച ആൾ എന്നോട് ചോദിച്ചു, എന്താണ് താങ്കളുടെ അഭിപ്രായം?' ഞാൻ പറഞ്ഞു, 'എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല. അല്ല, പ്രേംകുമാറിന്റെ ആ ഒരു രാഷ്ട്രീയ ധാർമികത... ഞാൻ പറഞ്ഞു, മണ്ണാങ്കട്ടയാണ് രാഷ്ട്രീയ ധാർമികത.
കെവി തോമസ് എന്ന് പറഞ്ഞ വന്ദ്യ വയോധികൻ, കോൺഗ്രസിൽ നിന്ന് എല്ലാം ഊറ്റിയെടുത്ത ആ മനുഷ്യൻ, ഒരു സുപ്രഭാതത്തിൽ എൽഡിഎഫിലേക്ക് പോയത് എന്ത് ധാർമികതയുടെ പേരിലായിരുന്നു? കോൺഗ്രസിന്റെ സൈബർ പോരാളിയായിരുന്ന പ്രഭാകരനെ അടക്കം ഒരുപാട് ചീത്ത വിളിച്ചിട്ടുള്ള ഡോ. സലിം, സിപിഐയിലേക്ക് പോയത് എന്ത് ധാർമികതയുടെ പേരിലായിരുന്നു? പിഎസ് പ്രശാന്ത് എന്ന് പറഞ്ഞ കോൺഗ്രസിന്റെ എംഎൽഎ ആയി മത്സരിച്ച ആൾ, തോറ്റു കഴിഞ്ഞ ഉടനെ സിപിഎം വഴിക്ക് പോയി; ദേവസം ബോർഡിന്റെ പ്രസിഡന്റ് ആയത് എന്ത് ധാർമികതയുടെ പേരിലായിരുന്നു?
ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെ പെട്ടെന്ന് തന്നെ ഏറ്റെടുത്ത് ഒരു എംഎൽഎ സ്ഥാനം കൊടുത്തത് എന്ത് ധാർമികതയുടെ പേരിലായിരുന്നു? ഇനിയും ധാർമികത ഒരുപാട് പറയാനുണ്ട്. സിപിഎമ്മിൽ നിന്നും വിഘടിച്ച് പുറത്തുവന്ന ജി സുധാകരനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത് എങ്ങനെയാണ്? പയ്യന്നൂർ കുഞ്ഞികൃഷ്‌ണനെയും തളിപ്പറമ്പിലെ ടികെ ഗോവിന്ദനെയും സപ്പോർട്ട് ചെയ്‌തത് എന്ത് ധാർമികതയുടെ പേരിലായിരുന്നു? അപ്പോൾ ഇക്കാലത്ത് 'രാഷ്ട്രീയ ധാർമികത' എന്ന് പറയുന്നതിന് എന്താണ് അർത്ഥം? ബിജെപിയുടെ നേതാക്കന്മാരെല്ലാം ആരായിരുന്നു? കോൺഗ്രസിൽ ഉണ്ടായിരുന്നവരല്ലേ? അവരെല്ലാം കോൺഗ്രസ് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി ബിജെപി വണ്ടിയിലേക്ക് ചാടി കയറിയവരല്ലേ?
പിന്നെ എന്ത് ധാർമികത? ഈ കാലഘട്ടത്തിൽ രാഷ്ട്രീയ ധാർമികതയെ കുറിച്ച് എന്ത് സംസാരിക്കും? ആർക്കാണ് രാഷ്ട്രീയ ധാർമികതയുള്ളത്? അയാൾ എന്നോട് പറഞ്ഞു, 'പ്രേംകുമാർ നിങ്ങളുടെ സുഹൃത്ത് ആയതുകൊണ്ടാണ് ഇത്രയധികം വാചാലനാകുന്നത്.' ഞാൻ അപ്പോൾ അയാൾക്ക് ഒരു ഓഡിയോ അയച്ചു കൊടുത്തു. അതായത്, പ്രേംകുമാർ എന്നെ വിളിച്ചത് ഈ സ്ഥാനലബ്‌ധിക്ക് ശേഷം ആദ്യം വിളിക്കുന്ന രണ്ടുമൂന്ന് പേരിൽ ഒരാളായിരുന്നു ഞാൻ.
അദ്ദേഹം ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആയിരിക്കുന്ന കാലം. അദ്ദേഹം അഭിനേതാവായിരുന്നപ്പോൾ എന്റെ രണ്ട് പടത്തും വളരെ നല്ല വേഷങ്ങൾ അഭിനയിച്ച ആളാണ്. അദ്ദേഹം വൈസ് ചെയർമാൻ ആയിരിക്കുമ്പോൾ ഒരു പരസ്യപ്രസ്‌താവന നടത്തി: 'ഇവിടെ സീരിയലുകൾ മനുഷ്യരെ ദ്രോഹിക്കുന്നു, ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു; സീരിയലിന് സെൻസർഷിപ്പ് വേണം' എന്നൊക്കെ പറഞ്ഞ ഒരു പ്രസ്‌താവന. അതിന് ഞാൻ ഒരു വീഡിയോ ചെയ്‌തു. പ്രേംകുമാർ സീരിയലിലൂടെ വന്ന ആളാണ്.
മാത്രവുമല്ല, സീരിയലിന് സെൻസർഷിപ്പ് എന്ന് പറയുന്നത് അസാധ്യമായ കാര്യമാണ്; സീരിയലിലൂടെ 10,000 പേര് ജീവിക്കുന്നുണ്ട്. അവരുടെ തൊഴിൽ ഇല്ലാതാക്കണം എന്ന് ചോദിച്ചാണ് ഞാൻ വീഡിയോ ചെയ്‌തു. അതിൽ ഒരു ഭാഗം പറഞ്ഞിരുന്നു: 'സർക്കാരിന്റെ ഒരു പദവി കിട്ടിയാൽ പോലും പഴയതെല്ലാം മറക്കുന്നു.' ഞാൻ ഇപ്പോൾ വീഡിയോ ചെയ്യുന്നതിന്റെ പേരിൽ സർക്കാരിന്റെ അപ്പ കഷ്‌ണം ലഭിക്കില്ലായിരിക്കാം; എനിക്ക് അത് പ്രശ്‌നമല്ല എന്ന് പറഞ്ഞാണ് ആ വീഡിയോ അവസാനിപ്പിച്ചത്.
ആ സമയത്ത് പ്രശ്‌നമൊന്നും ഉണ്ടായില്ല. പിന്നീട് ഇന്നസെന്റ് ചേട്ടൻ മരിച്ചത് പൊതു ദർശനം എറണാകുളത്ത് ഇൻഡസ്ട്രിയിൽ നടക്കുമ്പോൾ, പ്രേംകുമാർ അന്ന് വൈസ് ചെയർമാൻ ആണ്, പ്രേംകുമാർ വന്നു എന്നെ കണ്ടു. എന്നോട് ക്ഷുഭിതനായി, താങ്കളുടെ വീഡിയോ കണ്ടിരുന്നു, അപ്പക്കഷ്‌ണം എന്നൊക്കെ പറഞ്ഞു. അത് വളരെ മോശമായി പോയി. ഞാൻ എന്തൊക്കെയോ കുറിച്ച് സംസാരിച്ചു. പിന്നീട് സൗഹൃദം ഉണ്ടായില്ല. പിന്നീട് ഒരു ഗ്യാപ്പ് ആയി.
അതിനുശേഷമാണ് രഞ്ജിത്ത് പ്രശ്‌നമുണ്ടായി; അദ്ദേഹം വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്. അദ്ദേഹം ചെയർമാൻ ആയിരിക്കുന്ന സമയത്ത് ഒരു ഫിലിം ഫെസ്‌റ്റിവൽ നടക്കുന്നു. ആ ഫിലിം ഫെസ്‌റ്റിവലിൽ ഞാൻ എൻട്രി പാസിന് വേണ്ടി അപ്പോൾ ഞാൻ താമസിച്ചു. അതേസമയം എന്റെ സുഹൃത്തായ തിരക്കഥാകൃത്ത് വരുന്നില്ലേ ഫെസ്‌റ്റിവലിന് എന്ന് ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു: 'എനിക്ക് എൻട്രി പാസ് കിട്ടിയില്ല. ഞാൻ അത് അപ്ലൈ ചെയ്യേണ്ട സമയം കഴിഞ്ഞു.' അദ്ദേഹം പറഞ്ഞു: 'നിങ്ങൾ വരൂ, നമുക്ക് റെഡി ആക്കാം.'
ഞാൻ പറഞ്ഞു: 'ഇല്ല, പാസ് ഇല്ലാതെ ഞാൻ വരില്ല' എന്ന് പറഞ്ഞു. 5 മിനിറ്റിന് ശേഷം പ്രേംകുമാർ എന്നെ വിളിക്കുകയാണ്: 'ജോസേട്ടാ നിങ്ങളെന്താ ഫെസ്‌റ്റിവലിന് വരാത്തത്?' അതും ഇവിടെ ഞാൻ ചെയർമാൻ ആയിരിക്കുംമ്പോൾ പാസ് ആണെങ്കിൽ ഇവിടെ നിങ്ങൾ വരൂ, എല്ലാം ഇവിടെ റെഡിയാണ്. ഞാൻ ഞെട്ടിപ്പോയി. ഞാൻ അവിടെ ചെന്നപ്പോൾ പാസ് ഉണ്ട്. ഞാൻ ഒരുപാട് താങ്ക്സ് പറഞ്ഞു. 'അയ്യോ ചേട്ടാ, അതെന്തിനാണ്? നമ്മൾ ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ, ഈ ഫെസ്‌റ്റിവൽ കാണാൻ ആഗ്രഹിക്കുന്നവരെ അതിൽ കൊണ്ടുവരുക എന്നുള്ളതല്ലേ നമ്മുടെ ഉത്തരവാദിത്വം?' എന്നൊക്കെ പറഞ്ഞ് ഒരുപാട് സംസാരിച്ചു. പിന്നീട് ആ സൗഹൃദം തുടരുകയായിരുന്നു.
പിന്നീട് അദ്ദേഹത്തെ സിപിഎം കറിവേപ്പില പോലെ എടുത്ത് പുറത്തു കളയുന്ന ഒരു സംഭവം ഉണ്ടായി. ആശാ വർക്കേഴ്‌സിന് വേണ്ടി സംസാരിച്ചപ്പോൾ, അതൊരു ചെറിയ യോഗത്തിൽ അദ്ദേഹം പറഞ്ഞു: 'അവരുടെ കാര്യം പരിഗണിക്കേണ്ടതായിരുന്നു' എന്ന് പറഞ്ഞതുകൊണ്ട് പിണറായി വിജയനെ സഹിച്ചില്ല. പിണറായി വിജയന്റെ കാതിൽ ആ വാക്ക് എത്തിയപ്പോൾ തന്നെ, അദ്ദേഹത്തോട് പറയാതെ മറ്റൊരാളെ ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കി. അദ്ദേഹത്തോട് പറയാമായിരുന്നു: 'നിങ്ങളുടെ സേവനം അവസാനിച്ചിരിക്കുന്നു.' അത് പറഞ്ഞില്ല.
അതോടെ അദ്ദേഹം സിപിഎമ്മുമായിട്ട് ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. അദ്ദേഹം ചില പ്രസ്‌താവനകൾ നടത്തി: 'മനുഷ്യത്വം' എന്ന് പറയുന്നതാണ് കമ്മ്യൂണിസം. മനുഷ്യത്വപരമായ സമീപനമാണ് കമ്മ്യൂണിസ്‌റ്റുകാർക്ക് വേണ്ടത്. ഞാൻ അതേ ചെയ്‌തുള്ളൂ. പക്ഷേ എന്നെ അവിടുന്ന് ചവിട്ടി പുറത്താക്കി' എന്നൊക്കെ പറഞ്ഞ് പല ചാനലുകൾക്കും അഭിമുഖം നൽകി.
അദ്ദേഹത്തിന് പദവി കിട്ടിയപ്പോൾ കോൺഗ്രസുകാർക്ക് വിരോധം ഉണ്ടാകും. പക്ഷേ ഒരു സുഹൃത്ത് എന്ന നിലയിൽ, എനിക്ക് അക്കാര്യത്തിൽ തെറ്റ് പറയാൻ കഴിയില്ല. എന്നോട് ഫോൺ ചെയ്‌ത് ചോദിച്ച എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു: 'നിങ്ങൾ കോൺഗ്രസിന് വേണ്ടി ഒരുപാട് ചെയ്‌തിട്ടില്ലേ? എന്നിട്ട് നിങ്ങൾക്ക് എന്ത് കിട്ടി?' ഞാൻ പറഞ്ഞു: സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ഞാൻ വീഡിയോ ഇട്ടത്. അത് എന്റെ ഉള്ളിൽ തോന്നിയ ചില ആശയങ്ങളായിരുന്നു. അത് ഞാൻ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കും.


Click it and Unblock the Notifications
