വിജയ് സേതുപതിയുടെ 'മഹാരാജ' കണ്ട് ടോം ഹാങ്ക്സ്; നടി സചാന നമിദാസിന് പ്രശംസ, 'മറക്കാൻ കഴിയുന്നില്ല'
തമിഴ് സൂപ്പർഹിറ്റ് സിനിമയായ മഹാരാജയിലെ ജ്യോതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവനടി സചാന നമിദാസിനെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർതാരം ടോം ഹാങ്ക്സ്. ചിത്രത്തിലെ സചാനയുടെ അഭിനയം ടോം ഹാങ്ക്സിനെ ഏറെ ആകർഷിച്ചുവെന്നാണ് റിപ്പോർട്ട്. സിനിമ കണ്ടിട്ട് ആഴ്‌ചകൾ കഴിഞ്ഞിട്ടും സചാനയുടെ പ്രകടനം തന്റെ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ലെന്നാണ് ടോം ഹാങ്ക്സ് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്‌സ് ആൻഡ് സയൻസസിന്റെ ബോർഡ് അംഗമായ കവിത ഗുപ്‌തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോസ് ആഞ്ചലസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന ഒരു ചടങ്ങിൽ വെച്ചാണ് ടോം ഹാങ്ക്സ് കവിതയെ ആദ്യമായി കണ്ടത്. അന്ന് കാണാൻ പറ്റിയ മൂന്ന് ഇന്ത്യൻ സിനിമകൾ നിർദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ കവിത നിർദേശിച്ച സിനിമകളിൽ ഒന്നായിരുന്നു മഹാരാജ.

പിന്നീട് നവംബർ 7-ന് മറ്റൊരു ചടങ്ങിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. അപ്പോൾ ടോം ഹാങ്ക്സ് ആദ്യം സംസാരിച്ചത് മഹാരാജ എന്ന സിനിമയെക്കുറിച്ചായിരുന്നു. സിനിമയിലെ സചാനയുടെ അഭിനയം തന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും ആ പെൺകുട്ടിയുടെ പ്രകടനം ഇപ്പോഴും മറക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി കവിത വെളിപ്പെടുത്തി.
ടോം ഹാങ്ക്സിന്റെ ഈ പ്രശംസ അറിഞ്ഞ സചാന വലിയ സന്തോഷവും അത്ഭുതവും പ്രകടിപ്പിച്ചു. ഇതൊരു സ്വപ്‌നം പോലെയാണ് തോന്നുന്നതെന്നും ഈ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അവർ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചു. അതിനിടെ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ നിരൂപകപ്രശംസ നേടിയ മഹാരാജയ്ക്ക് ഹോളിവുഡ് റീമേക്ക് ഒരുങ്ങുന്നതായി നടൻ വിജയ് സേതുപതി സ്ഥിരീകരിച്ചിട്ടുണ്ട്.
ചിത്രത്തിൽ അനുയോജ്യമായ ഒരു വേഷം ലഭിച്ചാൽ താനും അഭിനയിക്കാൻ തയ്യാറാണെന്നും അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു.ഹോളിവുഡിലെ ഒരു മുൻനിര നിർമ്മാണ കമ്പനി ചിത്രം റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് എന്നാണ് ലഭ്യമായ വിവരം. എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
ഇതിനുപുറമെ, മഹാരാജ 2 എന്ന രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. സംവിധായകൻ നിതിലൻ സാമിനാഥൻ രണ്ടാം ഭാഗത്തിന്റെ കഥ വിജയ് സേതുപതിയോട് പറഞ്ഞതായും കഥ അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ചിത്രം അടുത്ത് തന്നെ ആരംഭിക്കുമോ എന്ന ചോദ്യമാണ് തമിഴ് സിനിമാ പ്രേമികൾ ആവർത്തിച്ചു ചോദിക്കുന്നത്.


Click it and Unblock the Notifications
