'വിജയ്‌യുടെ കൈയിൽ കിടന്നാണ് ഇളയ സഹോദരി മരിച്ചത്, പലതും ഉയർത്തി അദ്ദേഹത്തെ ഇല്ലാതാക്കാൻ നോക്കി'; ആലപ്പി അഷ്‌റഫ്
മലയാളികൾക്കും ഏറെ പ്രിയങ്കരനായ നടനാണ് വിജയ്. വെറുമൊരു സൂപ്പർതാരം എന്നതിലുപരി രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിജയം നേടിയ അദ്ദേഹം നിലവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. മകനായ ജെയ്‌സൺ സഞ്ജയും ഇപ്പോൾ സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ വിജയ്‌യെ കുറിച്ചും മകനായ ജെയ്‌സൺ സഞ്ജയെ കുറിച്ചുമൊക്കെ പറയുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫ് പറയുന്നു
ജെയ്‌സൺ സഞ്ജയ് സംവിധായക കുപ്പായം അണിഞ്ഞതിന് പിന്നാലെ നായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയും, സഞ്ജയിയെ കുറിച്ചുള്ള മറ്റ് വാർത്തകളും സിനിമാ മേഖലയിൽ ഇന്ന് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. ജെയ്‌സൺ സഞ്ജയുടെ നായികയായി എത്തുന്നത് മലയാളിയായ നടി മമിത ബൈജു ആണെന്നുള്ളത് ഈ വാർത്തയ്ക്ക് ഇരട്ടി മധുരം പകരുന്നതാണ്.

ഇക്കഴിഞ്ഞ ഒക്ടോബർ 2-ാം തീയതിയായിരുന്നു ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്‌ത 'സിഗ്മ' എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഞാൻ ആ ചിത്രം ആദ്യ ദിവസത്തെ ആദ്യ ഷോ തന്നെ കണ്ടിരുന്നു; ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ആ ചിത്രം കാണാൻ എത്തിയത്. എന്നാൽ ചിത്രം വിചാരിച്ചതുപോലെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല, നിരാശയോടുകൂടി മടങ്ങേണ്ടി വന്നു. ശരിക്കും മനസ്സിൽ പതിയുന്ന ഒരു രംഗം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
ധാരാളം പണം വാരിയെറിഞ്ഞ് കുറെയേറെ ഫൈറ്റുകളും വെടിയൊച്ചകളും ഒക്കെ നിറഞ്ഞ രംഗങ്ങളായിരുന്നു ചിത്രത്തിൽ ഉടനീളം. ആദ്യ ദിവസമായിട്ടും തിയേറ്ററിൽ വലിയ തിരക്കില്ലായിരുന്നു. ആ ചിത്രം ഒരു ചലനവും സൃഷ്‌ടിച്ചില്ല എന്ന് വേണമെങ്കിൽ പറയാം. കഥയുടെ അവസാന ഭാഗവും കഴിയുമ്പോൾ നൃത്തച്ചുവടുകളോടെ എത്തുന്ന ഒരു ഗാനരംഗം ഉണ്ട്; എന്നാൽ അത് കാണുവാനായി തിയേറ്ററിനുള്ളിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
50-ഓളം പേരുണ്ടായിരുന്ന തിയേറ്ററിൽ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല. അത്ഭുതം എന്ന് പറയട്ടെ, ആ ഗാനരംഗം അതിമനോഹരമായിരുന്നു. ആ ഗാനരംഗത്തിൽ ജെയ്‌സൺ സഞ്ജയും നൃത്തച്ചുവടുകളോടെ കടന്നുവരുന്നുണ്ടായിരുന്നു. പടം നിരാശപ്പെടുത്തിയിരുന്നുവെങ്കിലും അവസാന നൃത്തരംഗം മനസ്സിൽ പതിഞ്ഞു; അത് നല്ലൊരു അനുഭൂതിയും നിറച്ചു. എന്നാൽ 'നന്ദനം' സിനിമയിൽ ബാലാമണി പറയുന്നതുപോലെ, അത് ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ.
സഞ്ജയ് തന്റെ എട്ടാമത്തെ വയസ്സിൽ പിതാവായ വിജയ്‌ക്കൊപ്പം 'വേട്ടക്കാരൻ' എന്ന ചിത്രത്തിൽ 'ഞാനടിച്ചാൽ താങ്കമാട്ടെ, നാലുമാസം തൂങ്കമാട്ടെ' എന്ന ഗാനരംഗത്തിൽ നൃത്തച്ചുവടുകളുമായി എത്തിയിരുന്നു. അതെക്കുറിച്ച് ഇപ്പോൾ സഞ്ജയ് പറയുന്നത്, ആ സിനിമയിൽ എങ്ങനെ വന്നു എന്ന് എനിക്ക് ഓർമ്മയില്ല. അപ്പയെപ്പോലെ മേക്കപ്പും ഡ്രസ്സും ഒക്കെയിട്ട്, മാസ്റ്റർ നൃത്തച്ചുവടുകളും ഒക്കെ കാണിച്ചു തന്ന് ചിത്രീകരണം ആരംഭിക്കാനായി ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ പേടിച്ച് ഓടിച്ചെന്ന് പപ്പയെ കെട്ടിപ്പിടിച്ചു നിന്നു.
വിജയ്‌യെപ്പോലെ തന്നെ സിനിമ ഇൻഡസ്ട്രിയിൽ പിറന്നുവീണ പുത്രനാണ് സഞ്ജയ്. എംജിആറിന് ശേഷം സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് വെന്നിക്കൊടി പാറിച്ച നടനാണ് വിജയ്. ജയലളിത സിനിമയിൽ നിന്നുമാണ് വന്നതെങ്കിലും, അതിനു പിന്നിൽ എംജിആർ എന്ന വൻ മതിൽ ശക്തി പകർന്ന് താങ്ങായി നിന്നിരുന്നു. എംജിആറെ കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നു; എന്നാൽ വിജയ്‌യുടെ കാര്യമെടുത്താൽ, അദ്ദേഹത്തിന് യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ല.
എന്നാൽ തന്റെ നിലപാടുകളും ഭരണകർത്താക്കളോടുള്ള വിയോജിപ്പുകളും എതിർപ്പുകളും ഒക്കെ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. അങ്ങനെ വിജയ് ഭരണകക്ഷികളുടെ കണ്ണിലെ കരടായി മാറി. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌താണ് രാഷ്ട്രീയത്തിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്തതും, അജയ്യനായി ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നതും. കരൂരിൽ നടന്ന തന്റെ രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ജനക്കൂട്ടത്തിന്റെ തിക്കും തിരക്കും കാരണം, അതിൽ പെട്ട് 41 പേർ മരിച്ചതും, അതെ തുടർന്ന് സിബിഐ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി 3 പ്രാവശ്യം ചോദ്യം ചെയ്‌തതും, ഭാര്യ സംഗീതയുമായുള്ള വിവാഹമോചന കേസും പ്രശ്നങ്ങളും, തൃഷയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഉരുത്തിരിഞ്ഞു വന്ന പ്രശ്‌നങ്ങളും, എന്തിനേറെ, അദ്ദേഹത്തിന്റെ ജാതിയും മതവും പോലും പ്രശ്‌നങ്ങളായി ഉയർന്നുവന്നു.
ഇത്രയേറെ കിംവദന്തികളും പ്രശ്‌നങ്ങളും ഒക്കെ ഉയർത്തി അദ്ദേഹത്തെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ചുവെങ്കിലും, ജനങ്ങൾ, തമിഴ് മക്കൾ, അദ്ദേഹത്തെ നെഞ്ചിലേറ്റി. അദ്ദേഹത്തെ വിശ്വസിച്ച് ഭരണം ഏൽപ്പിക്കുകയും ചെയ്‌തു. എവിടെയായിരുന്നാലും, അവിടം തന്റെ സാന്നിധ്യം കൊണ്ട് സുന്ദരമാക്കുക എന്നത് വിജയ്‌യുടെ ഒരു പ്രത്യേകതയാണ്. സിനിമയിൽ വേറിട്ട ശൈലിയിലൂടെ ആരാധക ഹൃദയം കീഴടക്കിയതുപോലെ, ഭരണരംഗത്തും വിജയ് നൂതന ശൈലിയിലൂടെ മുന്നേറുകയാണ്.
വിജയ് സാധാരണ രാഷ്ട്രീയക്കാരെ പോലെ ആവേശത്തോടെയുള്ള വാചകക്കസർത്തോ എടുത്തുചാട്ടമോ ഒന്നുമില്ലാതെ, വളരെ ഒതുക്കത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നാൽ ചെറുപ്രായത്തിൽ വിജയ് അങ്ങനെ ആയിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. കുസൃതിക്കാരനും വാചാലനും ചുറുചുറുക്കുള്ളവനുമായിരുന്നു. അതിനൊക്കെ ഒരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി പറയുന്നത്, തന്റെ ഇളയ സഹോദരിയും കളിക്കൂട്ടുകാരിയുമായിരുന്ന വിദ്യ എന്ന 2 വയസ്സുകാരി അസുഖം പിടിപെട്ട് മരണമടഞ്ഞത് വിജയ്‌യുടെ കൈകളിൽ കിടന്നാണ്.
ആ സംഭവത്തോടുകൂടിയാണ് വിജയ് ഒതുങ്ങി നിൽക്കുന്നവനും നിശബ്‌ദനുമായി മാറാനുള്ള കാരണമായി പറയപ്പെടുന്നത്. വിജയ് ഗൗരവത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ്. എന്നാൽ മകൻ സഞ്ജയ് കാര്യങ്ങളെ ലാഘവത്തോടെ നോക്കിക്കാണുകയും, നർമ്മം കലർത്തി ആരെയും ആകർഷിക്കും വിധം വാചാലനാവുകയും ചെയ്യുന്ന വ്യക്തിയാണ്. സഞ്ജയുടെ പല അഭിമുഖങ്ങളിലും നമുക്ക് കാണാൻ കഴിയുന്നത്, ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്‌ചപ്പാടുകളും വീക്ഷണങ്ങളും ഒക്കെയാണ്.
കുടുംബത്തോടുള്ള അടുപ്പവും സ്നേഹവും കടപ്പാടും ഒക്കെ പോലെ തന്നെ, സമൂഹത്തോടും ഉണ്ടാകുമെന്ന് പറയുന്നുണ്ട്. തന്റെ പിതാവിന്റെ സൽപേരിന് തന്റെ പെരുമാറ്റം കാരണം യാതൊരു മോശപ്പേരും സംഭവിക്കാൻ പാടില്ല. അത് വലിയൊരു ഉത്തരവാദിത്വമാണെന്നും സഞ്ജയ് പറയുന്നുണ്ട്. 'എന്റെ ജീവിതത്തിന്റെ നെടുംതൂണാണ് എന്റെ അമ്മ, പില്ലർ ഇൻ മൈ ലൈഫ്' എന്നാണ് സഞ്ജയ് പറയുന്നത്. ഞാൻ എന്നെപ്പറ്റി കൂടുതൽ ചിന്തിക്കുന്നില്ലെങ്കിലും, അമ്മ 24 മണിക്കൂറും എന്നെപ്പറ്റിയും എന്റെ സഹോദരിയുടെ ജീവിതത്തെക്കുറിച്ചും ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
ഞാൻ ഒരു ദിവസം ഫോൺ ചെയ്യാൻ മറന്നാലും, അമ്മ എന്നെ കൃത്യമായി വിളിക്കും. 'ഇന്ന് എന്തൊക്കെ വർക്ക് ചെയ്‌തു?' എന്നൊക്കെ ചോദിക്കും. ഇതൊക്കെ എന്റെ പുണ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ കാര്യങ്ങളും ഞാൻ ഷെയർ ചെയ്യുന്നത് എന്റെ സഹോദരിയുമായാണ്. അപ്പയും അമ്മയുമായി ഷെയർ ചെയ്യാത്ത കാര്യങ്ങൾ പോലും ഞാൻ എന്റെ തങ്കച്ചിയുമായി ഷെയർ ചെയ്യാറുണ്ട്. അവൾ ഇടയ്ക്കിടയ്ക്ക് 'സീക്രറ്റ് എല്ലാം ചൊല്ലട്ടുമോ?' എന്ന് കണ്ണു കാണിച്ച് വിരട്ടാറുണ്ട്.
എന്നാൽ ഒരിക്കലും അവൾ അതൊന്നും പറയില്ല. എന്നെ 'ബ്രോ' എന്നാണ് അവൾ വിളിക്കുന്നത്. ഭാവി വധുവിനെക്കുറിച്ചുള്ള ചില സങ്കൽപ്പങ്ങളും സഞ്ജയ് പങ്കുവെക്കുന്നുണ്ട്. അഡ്വഞ്ചർ ടൈപ്പ് ആയിരിക്കണം. തനിക്ക് വൈൽഡ് ലൈഫും നേച്ചറും ഒക്കെ താൽപ്പര്യമുള്ള ആളാണ്. പരസ്പരം മനസ്സിലാക്കി ബാലൻസ് ചെയ്യണം. ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആയിരിക്കണം. ലോ മെയിന്റനൻസ് ആയിരിക്കണം. തന്റെ ജീവിത കാഴ്‌ചപ്പാടൊക്കെ ഒരു മറയുമില്ലാതെ തുറന്നു പറയുകയും ചെയ്യുന്നുണ്ട് സഞ്ജയ്.


Click it and Unblock the Notifications
